
രോഗികൾക്ക് പോകാൻ പറ്റിയ റോഡ് ! ജിഎച്ച് റോഡ് നന്നാക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
മൂന്നാർ ∙ വർഷങ്ങളായി തകർന്നുകിടക്കുന്ന മൂന്നാർ ടൗണിലെ ജിഎച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയില്ല. മൂന്നാറിലെ ഏക ആശുപത്രിയിലേക്കുള്ള റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നതുമൂലം രോഗികളുമായെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ടൗണിനു സമീപമുള്ള ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലേക്കുള്ള അര കിലോമീറ്റർ റോഡാണ് കഴിഞ്ഞ 10 വർഷമായി തകർന്ന് വൻകുഴികൾ രൂപപ്പെട്ടു കിടക്കുന്നത്. ദിവസവും വിനോദ സഞ്ചാരികളടക്കമുള്ള നിരവധി രോഗികളാണ് മൂന്നാറിലെ ഏക ചികിത്സ കേന്ദ്രമായ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
റോഡിലെ വൻകുഴികൾ കാരണം ആംബുലൻസ് അടക്കമുളള വാഹനങ്ങൾ ഏറെ സമയമെടുത്താണ് ഇത്രയും ദൂരം കടക്കുന്നത്. ഇതു കൂടാതെ റോഡിന്റെ മുകൾ ഭാഗത്തു നിന്നൊഴുകി വരുന്ന വെള്ളവും ചെളിയും ഇവിടെയെത്തി തങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. മറയൂർ ഭാഗത്തേക്കുള്ള റോഡ് ഉയർന്നു നിൽക്കുന്നതിനാൽ ജിഎച്ച് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നത് കാരണം കാൽനടയാത്രക്കാർക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കുമെന്ന് 8 മാസം മുൻപ് ജനപ്രതിനിധികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും ഒരു നടപടിയുമുണ്ടായില്ല.