മൂന്നാർ ദേശീയപാതയിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള പാലം തകർച്ചാഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ, ഇതുവഴിയുള്ള ഭാരവാഹികളുടെ ഗതാഗതത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഈ നടപടി.
അടിമാലി, ദേവികുളം ഭാഗങ്ങളിൽ നിന്നും സർവീസ് നടത്തുന്ന ബസുകൾ ഇനിമുതൽ പൊലീസ് സ്റ്റേഷന് സമീപം സർവീസ് അവസാനിപ്പിക്കണം. ഇവിടെനിന്നുതന്നെ യാത്രക്കാരെ കയറ്റി തിരികെ സർവീസ് നടത്തേണ്ടതാണ്.
പോസ്റ്റ് ഓഫിസ് കവലയിലെ പ്രധാന ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതിന് കർശന വിലക്കുണ്ട്. എന്നാൽ, കാന്തല്ലൂർ, മറയൂർ, വട്ടവട തുടങ്ങിയ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് മാത്രമാണ് നിലവിൽ ഈ പാലം വഴി ടൗണിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തടിലോറികൾ ഉൾപ്പെടെയുള്ള മറ്റ് വലിയ ഭാരവാഹനങ്ങൾ ഒരു കാരണവശാലും ഈ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ കടന്നുപോകാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയപാതയിലെ ആർഒ കവല മുതൽ സിഎസ്ഐ പാലം വരെയുള്ള ഭാഗത്ത് അടുത്തിടെയുണ്ടായ മലയിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിരോധിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ബദൽ മാർഗ്ഗമെന്ന നിലയിൽ മുഴുവൻ വാഹനങ്ങളും ഈ അപകടാവസ്ഥയിലുള്ള പാലം വഴി തിരിച്ചുവിടുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും, ഇത് ഒഴിവാക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്ന് ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

