
സീതയുടെ മരണം: കാട്ടാനയോ കൊലപാതകമോ? നെഞ്ചിലും കഴുത്തിലും പരുക്ക്; തൊഴിയേറ്റതിന്റെ ലക്ഷണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പീരുമേട് ∙ തോട്ടാപ്പുരയിലെ സീതയുടെ (42) മരണത്തിനു കാരണം നെഞ്ചിലും കഴുത്തിലുമേറ്റ പരുക്കുകളെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റത് ഒരു ഡസനിലധികം പരുക്കുകൾ. സീതയുടെ നാഭിക്കു തൊഴിയേറ്റതിനു പുറമേ തലയുടെ 2 വശങ്ങളും പരുക്കൻ പ്രതലത്തിൽ ഇടിച്ചതിന്റെ പരുക്കുകളുമുണ്ട്. മുഖത്ത് അടിയേറ്റിട്ടുണ്ട്. ഇടതും വലതും വശങ്ങളിലെ വാരിയെല്ലുകളിൽ വലിയ തോതിൽ പൊട്ടലുണ്ട്. ഇവയിൽ ചിലതു ശ്വാസകോശത്തിലേക്കു തുളഞ്ഞുകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകമെന്ന സൂചനയാണു റിപ്പോർട്ടിലുള്ളതെങ്കിലും ഇക്കാര്യം അധികൃതർ ഉറപ്പിച്ചു പറയുന്നില്ല. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന നിലപാടിലാണു പൊലീസ്.
കഴിഞ്ഞ മാസം 13നു മീൻമുട്ടിയിൽ വനത്തിനുള്ളിലാണ് ആദിവാസി സ്ത്രീ സീത മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കുടുംബാംഗങ്ങളോടൊപ്പം പോയപ്പോൾ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നാണു ഭർത്താവ് ബിനു പൊലീസിനു നൽകിയ മൊഴി.ആന തന്നെയും തട്ടിത്തെറിപ്പിച്ചതായി ബിനു പറഞ്ഞിരുന്നു. ആനയുടെ ആക്രമണമുണ്ടായ വിവരം ബിനു തന്നെയാണു വനപാലകരെ ഫോണിൽ വിളിച്ചറിയിച്ചത്.അതേസമയം, സീതയുടെ ശരീരത്തിൽ കാണപ്പെട്ട പരുക്കുകളിൽ സംശയമുണ്ടെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പൊലീസ് രണ്ടു തവണ ബിനുവിന്റെയും സംഭവസമയം ഒപ്പമുണ്ടായിരുന്ന മക്കളുടെയും മൊഴിയെടുത്തിരുന്നു.