കൊച്ചി ∙ മറൈൻ ഡ്രൈവിലെ കായൽപരപ്പിൽ നിരണം ചുണ്ടന്റെ മിന്നൽ കുതിപ്പിൽ വീയപുരം ചുണ്ടനു നഷ്ടമായതു ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസണിലെ തുടർച്ചയായ പത്താം വിജയം. നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഫിനിഷിങ് ലൈൻ കടന്നു വിജയം തൊട്ടതു 4:10:064 മിനിറ്റിൽ.
സിബിഎൽ ചരിത്രത്തിൽ ആദ്യമായാണു പത്തനംതിട്ട ജില്ലയിൽ നിന്നൊരു ചുണ്ടൻ ലീഗ് മത്സരത്തിൽ വിജയിക്കുന്നത്.
വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം രണ്ടും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം മൂന്നാമതുമെത്തി.
അതേസമയം, ലീഗിലെ 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വീയപുരം ചുണ്ടൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്; 99 പോയിന്റ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപാടം ചുണ്ടനാണു (84 പോയിന്റ്) രണ്ടാം സ്ഥാനത്ത്. 76 പോയിന്റുമായി നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തുണ്ട്.
പുന്നമട ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടനാണു നിലവിൽ നാലാം സ്ഥാനത്ത്; 72 പോയിന്റ്.
ലീഗിന്റെ അഞ്ചാം സീസണിൽ വീയപുരത്തിന്റെ അപരാജിത കുതിപ്പിനാണ് ഇന്നലെ മറൈൻ ഡ്രൈവിൽ അന്ത്യമായത്. സീസണിൽ ഇതിനു മുൻപ് അരങ്ങേറിയ 9 മത്സരങ്ങളിലും വീയപുരമായിരുന്നു ജേതാക്കൾ.
സിബിഎലിന്റെ 5 വർഷ ചരിത്രത്തിൽ ആദ്യമായി ട്രിപ്പിൾ ഹാട്രിക് നേടിയ വീയപുരം പത്താം വിജയത്തിലേക്കു തുഴഞ്ഞെത്തുമെന്ന പ്രതീക്ഷകൾ തെറ്റിച്ചതു നിരണത്തിന്റെ ആവേശക്കുതിപ്പാണ്.
മൈക്രോ സെക്കൻഡുകൾക്കാണു നിരണം വീയപുരത്തെ മറികടന്നു വിജയം കുതിച്ചെടുത്തത്. നവംബർ 29 നു കല്ലടയിൽ നടന്ന 9 –ാം ലീഗ് മത്സരത്തിൽ നെട്ടായത്തിന്റെ മുക്കാൽ ഭാഗത്തും ഒപ്പത്തിനൊപ്പം നിന്നിട്ടും അവസാന 20 മീറ്ററിൽ പിന്നിലായതിനു മറൈൻ ഡ്രൈവിലെ വള്ളംകളി പ്രേമികൾക്കു മുന്നിൽ നിരണം പ്രായശ്ചിത്തം ചെയ്തു.
കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാന ഒരിഞ്ച് ദൂരത്തിൽ വീയപുരത്തിന്റെ തുഴപ്പിടിയിൽ നിന്നു മത്സരം കൈവിട്ടു പോയി. 4:10:119 മിനിറ്റിലാണു വീയപുരം ഫിനിഷ് ചെയ്തത്.
ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെ തുഴഞ്ഞെത്തിയ നടുഭാഗത്തിന് അവസാന പത്തു മീറ്ററിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു; 4:11:159 മിനിറ്റ്. മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) നാലാമതും നടുവിലേപറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്) അഞ്ചാമതും കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറാമതും ഫിനിഷ് ചെയ്തു.
ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴും ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എട്ടും പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) ഒൻപതും സ്ഥാനങ്ങളിലെത്തി.
മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മേയർ വി.കെ.മിനിമോൾ, ഡപ്യൂട്ടി മേയർ ദീപക് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, കലക്ടർ ജി.പ്രിയങ്ക, സബ് കലക്ടർ ജി.സായി കൃഷ്ണ, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി.അഭിലാഷ്, സിബിഎൽ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. എ.അൻസാർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

