കൊച്ചി ∙ എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള ആദ്യ ഘട്ട ജോലികൾക്കു തുടക്കം.മികച്ച വരുമാനമുണ്ടായിട്ടും അതിന് ആനുപാതികമായ സൗകര്യങ്ങൾ ജംക്ഷൻ സ്റ്റേഷനിൽ ഏർപ്പെടുത്തുന്നില്ലെന്ന പരാതിക്കിടെയാണിത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരം ഡിവിഷൻ ജോലിക്കുള്ള കരാർ ക്ഷണിക്കുകയും 8 മാസം കൊണ്ടു ജോലി പൂർത്തിയാക്കാൻ ലക്ഷ്യമിടുകയും ചെയ്തതാണ്. അതാണിപ്പോൾ തുടങ്ങിയത്.6 പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുള്ളത്.
ഇതിൽ 1,3,4 പ്ലാറ്റ്ഫോമുകളിൽ മാത്രമാണു 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ കഴിയുന്നത്.
2–ാം പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത് ആക്സിഡന്റ് റിലീഫ് വാൻ നിർത്തുന്നതിനാൽ അവിടെ നീളം കൂട്ടാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റിലീഫ് വാൻ അവിടെ നിന്നു മാറ്റി പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാൻ വർഷങ്ങൾക്കു മുൻപു നൽകിയ ശുപാർശയിലാണ് ഇപ്പോൾ നടപടി.
2,5 പ്ലാറ്റ്ഫോമുകളിൽ 21 കോച്ചുകളാണു നിർത്താവുന്നത്. തിരക്കുള്ള സമയങ്ങളിൽ വലിയ പ്ലാറ്റ്ഫോമുകൾ ഒഴിയാൻ ട്രെയിനുകൾ കാത്തുകിടക്കണം.ജോലിയുടെ ആദ്യഘട്ടമായി ആക്സിഡന്റ് റിലീഫ് വാൻ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നു മാറ്റും.
ഇതു നിർത്തിയിടാൻ ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള വിഐപി സൈഡിങ് ട്രാക്ക് നവീകരിക്കുന്നുണ്ട്.
പഴയ ട്രാക്ക് പൊളിച്ച് പുതിയ അലൈൻമെന്റിലാണു നവീകരണം. ഈ ജോലി പൂർത്തിയാക്കി ആക്സിഡന്റ് റിലീഫ് വാൻ മാറ്റിയ ശേഷം രണ്ടാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് പുതിയ ഭാഗം നിർമിക്കും.
രണ്ടാം പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാക്കുന്നതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഈ പ്ലാറ്റ്ഫോം വഴിയും വടക്കു ദിശയിലേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും കടത്തിവിടാം. 5–ാം പ്ലാറ്റ്ഫോം, 18 കോച്ചുകളെന്ന പരിധിയുള്ള 6–ാം പ്ലാറ്റ്ഫോം എന്നിവയുടെയും നീളം കൂട്ടാനാണ് ഇനി നടപടി വേണ്ടത്.
3, 4 പ്ലാറ്റ്ഫോമുകളുടെ ഉയരവും കൂട്ടണം.നോർത്ത് (ടൗൺ) സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി പൂർത്തിയായി. ഉദ്ഘാടനം തീരുമാനിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]