മൂവാറ്റുപുഴ∙ നഗരസഭയുടെ ഓണാഘോഷം വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷ പ്രതിഷേധം. ഓർക്കാൻ ഒരോണം എന്ന പേരിൽ സെപ്റ്റംബർ 3ന് വളക്കുഴി മാലിന്യ സംസ്കരണ സമുച്ചയത്തിലാണ് നഗരസഭ ഔദ്യോഗിക ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഓണം പോലുള്ള ആഘോഷങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നടത്തുന്നതിലൂടെ കേരള സംസ്കാരത്തെയും ഓണത്തോടനുബന്ധിച്ചുള്ള ചടങ്ങുകളെയും അവഹേളിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നത് എന്നാണ് ഇതിനെതിരെ ഉയർന്നിരിക്കുന്ന ആക്ഷേപം.
മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കൗൺസിലർ കെ.ജി. അനിൽകുമാർ തദ്ദേശ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാർക്കും കലക്ടർക്കും പരാതി നൽകി.
വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിന്റെ ചിത്രംസഹിതമാണ് പരാതി നൽകിയിരിക്കുന്നത്.കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി 10. 86 കോടി രൂപ ചെലവഴിച്ച് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് നടത്തുകയാണ്.
ഇത് ഫലപ്രദമല്ലെന്ന് സിപിഎം ആക്ഷേപം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് ബയോമൈനിങ് കൃത്യമായി നടക്കുന്നുണ്ടെന്നും ഇവിടെ മാലിന്യക്കൂമ്പാരമില്ലെന്നും ബോധ്യപ്പെടുത്തുകയെന്ന രാഷ്ട്രീയലക്ഷ്യത്തോടെ നഗരസഭ ഭരണസമിതി ഓണാഘോഷം മാലിന്യ സംസ്കരണകേന്ദ്രത്തിൽ നടത്താൻ തീരുമാനിച്ചത്.
ഇത് ഓണാഘോഷ ചടങ്ങുകളെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇവിടെ ഓണാഘോഷത്തിൽ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കും നഗരസഭ ജീവനക്കാർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ നഗരസഭ ഉത്തരം പറയേണ്ടി വരുമെന്ന് സിപിഎം ഏരിയ കമ്മിറ്റിയും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]