അങ്കമാലി ∙ ഭൂമി ഏറ്റെടുക്കൽ സർവേ നടപടികളുടെ പുരോഗതി ജനപ്രതിനിധികളിൽ നിന്ന് ഉദ്യോഗസ്ഥർ മറച്ചുവച്ചതിനാലാണ് എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) ത്രിഡി വിജ്ഞാപനം യഥാസമയം ഇറക്കാൻ കഴിയാതിരുന്നതെന്ന് ആരോപണം. 3 എ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കല്ലിടൽ നടപടികൾ കനത്ത മഴ മൂലം തുടക്കത്തിലേ വൈകിയിരുന്നു.
പിന്നീട് കല്ലിടലും സർവേ നടപടികളും ഇഴഞ്ഞാണു നീങ്ങിയത്. വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ച് സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ മാത്രമേ ത്രിഡി വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നുള്ളു.
എന്നാൽ ജനപ്രതിനിധികൾ പങ്കെടുത്ത യോഗങ്ങളിലൊന്നും 3എ വിജ്ഞാപനത്തിന്റെ നടപടികൾ യഥാസമയം പൂർത്തിയാകില്ലെന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ കൈമാറിയില്ല.
അതുകൊണ്ടുതന്നെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും വൈകി. ഒരു മാസം മുൻപു ചേർന്ന യോഗത്തിലാണ് നടപടികൾ തീരില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
തുടർന്ന് 49 ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
കാലപ്പഴക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇവ പരിഗണിച്ചില്ല.
പദ്ധതി മുന്നോട്ടു പോകണമെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 3എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വരും. 3എ വിജ്ഞാപനത്തിന്റെ നടപടികൾ അന്തിമഘട്ടത്തിൽ ആയതിനാൽ 3എ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ത്രിഡി വിജ്ഞാപനം ഇറക്കാമെന്നാണു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
വിനയായത് സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്ക്: ബെന്നി ബഹനാൻ
കുണ്ടന്നൂർ ദേശീയപാത പദ്ധതി അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് തടസ്സമായത് സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്ക് നയമാണെന്നു ബെന്നി ബഹനാൻ എംപി ആരോപിച്ചു.അടിയന്തര നടപടികൾക്കായി എംഎൽഎമാരായ റോജി എം.
ജോൺ, അൻവർ സാദത്ത് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ നേരിൽ കാണും. ആദ്യം പുറപ്പെടുവിച്ച ത്രിഎ വിജ്ഞാപനം റദ്ദായ സാഹചര്യത്തിൽ വീണ്ടും ത്രിഎ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
അങ്കമാലി– കുണ്ടന്നൂർ പാത ഏറ്റവും അനിവാര്യമായ പദ്ധതിയാണെന്ന പ്രാധാന്യം പോലും കൽപിക്കാതെയുള്ള മെല്ലെപ്പോക്ക് സമീപനമാണ് സംസ്ഥാന സർക്കാർ നടത്തിയത്.മെല്ലെപ്പോക്ക് നയം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തടസ്സമായി.സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ സഹായകരമാകുന്ന ഈ പദ്ധതിക്ക് അർഹിച്ച പ്രാധാന്യം കൊടുക്കാതെ ത്രിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സർവേ നടപടികൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ നിർവഹിക്കേണ്ട
സ്റ്റാറ്റ്യൂട്ടറിയായ ചുമതലകൾ നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാർ സംവിധാനം പരാജയപ്പെട്ടു.295 ഹെക്ടർ സ്ഥലത്തോളം ഏറ്റെടുക്കേണ്ട പദ്ധതിക്കായി 67 ഹെക്ടർ സ്ഥലത്തിന്റെ മാത്രമാണ് സർവേ നടപടികൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമവിജ്ഞാപനമായ ത്രിഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇതു പര്യാപ്തമല്ല.
എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവരോടൊപ്പം ചേർന്ന് നിർദേശങ്ങളും അധിക ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെ ഇടപെടലുകൾ നടത്തിയിട്ടും സർവേ നടപടികളും മറ്റും സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചില്ല. ഇതുമൂലം സംസ്ഥാനം ഉറ്റുനോക്കിയ ഒരു വൻ പദ്ധതി പൂർത്തീകരിക്കുന്നതിനു വീണ്ടും വലിയ കാലതാമസം ഉണ്ടാകുന്നതിന് ഇടയാക്കി.
സ്ഥലം നഷ്ടപ്പെടുന്ന ഭൂമിയുടെ ഉടമകൾക്കു വൻ നഷ്ടമാണ് ഉണ്ടാവുകയെന്നും ബെന്നി ബഹനാൻ എംപി അറിയിച്ചു.
ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രിയെ കാണും: അൻവർ സാദത്ത്
കാലടി∙ നിർദിഷ്ട അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്റെ (എറണാകുളം ബൈപാസ്) 3 ഡി വിജ്ഞാപനം നിശ്ചിത സമയത്തിനുള്ളിൽ പുറപ്പെടുവിക്കാത്തതിനെ തുടർന്ന് സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ താനും റോജി എം.ജോൺ എംഎൽഎയും മുഖ്യമന്ത്രിയെ കാണുമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
3 ഡി വിജ്ഞാപനം ഇറങ്ങാത്തതിനെ തുടർന്ന് 3 എ വിജ്ഞാപനം റദ്ദാകുമെന്നും ഭൂവുടമകൾക്കു ലഭിക്കേണ്ട
പലിശ ഇല്ലാതാകുമെന്നും പദ്ധതി നീണ്ടു പോകുമെന്നും ആശങ്കകളുണ്ട്. അതെല്ലാം പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനം വേണമെന്നാണ് ആവശ്യം.
2 വില്ലേജുകളിൽ ഒഴികെ സർവേ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ച കാരണമാണ് 3 ഡി വിജ്ഞാപനം വൈകുന്നത്. പാകപ്പിഴകൾ നികത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് വേണ്ടത്.
കാലതാമസം ഇല്ലാതെ പദ്ധതി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]