വൈപ്പിൻ∙ സംസ്ഥാനപാതയിൽ മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി മാറിയിരിക്കുന്ന മണൽ ലോറികൾ സർവീസ് നടത്തുന്നത് നിയമങ്ങൾ പാലിക്കാതെ. പല ലോറികൾക്കും നമ്പർ പ്ലേറ്റ് പോലും ഇല്ലെന്നതിനു പുറമേ മറ്റുരേഖകളും കൃത്യമല്ലെന്നാണ് ആക്ഷേപം.
ഇതര സംസ്ഥാനക്കാരായ ഡ്രൈവർമാരാണ് അശ്രദ്ധമായി ഈ വാഹനങ്ങൾ ഓടിക്കുന്നത്.വാഹനത്തിരക്കേറിയ സംസ്ഥാനപാതയിൽ ഇവ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനു പുറമേ രാത്രികാലങ്ങളിലെ അമിതവേഗം മൂലം മറ്റു വാഹനങ്ങൾക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു. വാഹനങ്ങൾ നിരനിരയായാണ് സഞ്ചരിക്കുന്നതെന്നതിനാൽ ഇവയെ മറികടന്ന് പോകുന്നതും മറ്റു വാഹനങ്ങൾക്ക് ദുഷ്കരമാണ്.
ദേശീയപാത നിർമാണത്തിനെന്ന പേരിലാണ് പുതുവൈപ്പിൽ നിന്ന് മണൽ കൊണ്ടു പോകുന്നതെങ്കിലും സ്വകാര്യ ആവശ്യങ്ങൾക്കുള്ള ലോഡുകളും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമുള്ള ലോറികളാണ് സർവീസിനായി ഉപയോഗിക്കുന്നവയിൽ ഏറെയും.
തുരുമ്പ് കയറിയവയും ബോഡി ഭാഗങ്ങൾ ദ്രവിച്ചവയുമെല്ലാം കൂട്ടത്തിലുണ്ട്. പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് വ്യക്തമല്ല.
പല വാഹനങ്ങൾക്കും ഇൻഷുറൻസും റജിസ്ട്രേഷൻ സാധുതയും ഇല്ലെന്നാണ് നാട്ടുകാർ നടത്തിയ പരിശോധനയിൽ വ്യക്തമായത്.
ചില ലോറികൾ നമ്പർ പ്ലേറ്റ് തന്നെ ഇല്ലാതെയാണ് സർവീസ് നടത്തുന്നത്. വാഹന പരിശോധനയ്ക്കായി സംസ്ഥാനപാതയിൽ രംഗത്തുള്ള പൊലീസും നിസ്സാര കാര്യങ്ങൾക്ക് വാഹന യാത്രികരുടെ ചിത്രം പകർത്തി വൻതുക പിഴ ഈടാക്കുന്ന മോട്ടർ വാഹന വകുപ്പ് അധികൃതരും മണൽ ലോറികൾക്കു നേരെ കണ്ണടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം പൊലീസ് വാഹനത്തിന് മുന്നിലൂടെ നമ്പർ പ്ലേറ്റില്ലാത്ത മണൽ ലോറി ഏറെ ദൂരം സഞ്ചരിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥർ കണ്ട ഭാവം നടിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]