
കൊച്ചി∙ ആലപ്പുഴ കൈനകരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്തു കളയാൻ 10 ദിവസം കൂടിയെങ്കിലും എടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്കൂളിലെ അധ്യാപകര അടക്കമുള്ള ജീവനക്കാരുടെയും വിദ്യാർഥികളുടെയും കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ ഊർജിതമാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.
കോടതി നിർദ്ദേശത്തെ തുടർന്ന് വിവിധ വകുപ്പുകളുമായി യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു.
പാടശേഖര സമിതി നാല് മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കണമെന്നും മട വീഴ്ചയുള്ള സ്ഥലങ്ങളിൽ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു.
വെള്ളക്കെട്ട് കാരണം നഷ്ടപ്പെട്ട
പ്രവർത്തി ദിനങ്ങൾ എത്രയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കണം. വെള്ളക്കെട്ട് ഒഴിവാക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണം.
വെള്ളം പമ്പ് ചെയ്തു ഒഴിവാക്കിയതിനു ശേഷം പഞ്ചായത്ത് ശുചീകരണനടപടികൾ സ്വീകരിക്കണം. തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ജില്ലാ കലക്ടർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബൈഞ്ച് ഉത്തരവിട്ടു.
പ്രദേശത്ത് സമാന പ്രശ്നങ്ങൾ നേരിടുന്ന മറ്റ് സ്കൂളുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും, ഇതിനായി മറ്റൊരു യോഗം ചേരണമെന്നും ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]