ആലങ്ങാട്∙ എക്കലും ചെളിയും അടിഞ്ഞുകൂടി ആഴം കുറയുകയും തിട്ടകൾ രൂപപ്പെടുകയും ചെയ്തതോടെ പെരിയാറിന്റെ കൈവഴികളിലെ നീരൊഴുക്കു തടസ്സപ്പെടുന്നു. മേത്താനം ഭാഗത്തെ പെരിയാറിലും കൈവഴിയായ ആനച്ചാൽ പുഴയിലുമാണു വൻതോതിൽ എക്കലടിഞ്ഞത്. ഇതോടെ പലയിടത്തും തിട്ടകൾ രൂപപ്പെടുകയും കരഭാഗങ്ങൾ വർധിക്കുകയും ചെയ്തു.
ആളുകൾക്കു നടന്നു പോകാവുന്ന അവസ്ഥയിലാണു പെരിയാറിന്റെ പല ഭാഗങ്ങളും. എക്കൽ അടിഞ്ഞു പുഴയിൽ തട്ടുകളായി മണ്ണ് ഉയർന്നു വന്നതോടെ വേലിയേറ്റവും വേലിയിറക്കവും സുഗമമായി നടക്കുന്നില്ല. മത്സ്യക്കെട്ടുകളിലേക്കും ഇടത്തോടുകളിലേക്കും മറ്റും വെള്ളം കയറിയിറങ്ങാത്തതും മത്സ്യബന്ധനത്തിനു കടുത്ത പ്രതിസന്ധിയാണു ഉളവാക്കുന്നത്.
ഇറിഗേഷൻ വകുപ്പും മറ്റു ബന്ധപ്പെട്ട
അധികൃതരും ചേർന്നാണു പുഴയുടെ അടിത്തട്ടിനു സ്വാഭാവിക ആഴം ഒരുക്കേണ്ടത്. എന്നാൽ ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
സ്വാഭാവിക ഒഴുക്ക് ഇല്ലാതാകുന്നതോടെ പുഴ പതുക്കെ ഇല്ലാതാകുമെന്ന ആശങ്കയാണു ജനങ്ങൾക്ക്. കഴിഞ്ഞ കുറെ നാളുകളായി മത്സ്യബന്ധനം നടത്തുന്നവരും വഞ്ചിയിൽ പോകുന്നവരും ദുരിതത്തിലാണ്. കൂടാതെ പലയിടത്തും കയ്യേറ്റവും നടന്നതായി പരാതിയുണ്ട്. പുഴയുടെ സ്വാഭാവിക സംഭരണശേഷി ചുരുങ്ങിയതോടെ മഴക്കാലത്തു വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതായി ജനങ്ങൾ പറഞ്ഞു. പ്രളയത്തിനു ശേഷമാണ് ഇത്രയും ചെളി അടിഞ്ഞു കൂടിയിരിക്കുന്നത്.
എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ മുൻകയ്യെടുത്തു പെരിയാറിലെയും കൈവഴികളിലെയും എക്കലും ചെളിയും നീക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]