നെടുമ്പാശേരി ∙ ഗ്രാമപഞ്ചായത്തിന്റെ അത്താണി ടൗൺ മാർക്കറ്റ് പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറഞ്ഞു. മാലിന്യം എത്രയും പെട്ടെന്ന് മാർക്കറ്റിൽ നിന്ന് നീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യ ചാക്കുകൾ മഴ നനഞ്ഞു ചീയുകയാണ്. അസഹ്യമായ ദുർഗന്ധവും കൊതുകു ശല്യവുമുണ്ട്.പട്ടികൾ, എലികൾ തുടങ്ങിയ ക്ഷുദ്ര ജീവികളും ഇവിടെ വിലസുകയാണ്.
അറവു മാലിന്യ സംസ്കരണവും ചെറിയതോതിൽ മാത്രമാണ് നടക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്ക് മാർക്കറ്റിൽ വരാനോ മാർക്കറ്റിലെ വാടക കച്ചവടക്കാർക്ക് നിർഭയമായി കടകൾ തുറക്കാനോ പറ്റാത്ത സാഹചര്യമാണ്.
മാർക്കറ്റിൽ കൊണ്ടുവന്നിടുന്ന മാലിന്യ ചാക്കുകൾ നനയാതിരിക്കാൻ ഷെഡ് പണിയുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നിട്ടില്ല.
മാലിന്യ മുക്ത കേരളം പദ്ധതിയിൽ പഞ്ചായത്തിലെ വിവിധ കവലകളിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ നിറഞ്ഞു കവിഞ്ഞിട്ടും അധികൃതർ കൃത്യമായി എടുത്തു മാറ്റാത്തതു മൂലം ബിന്നിനു ചുറ്റും വീണ്ടും മാലിന്യം ഇടുകയാണ്. അത്താണി കവലയിൽ പറവൂർ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് കുറെകൂടി പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റാം എന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല.
ഇതിനായി പരിശോധനകൾ നടത്തിയെങ്കിലും പിന്നീട് നടപടി ഒന്നും എടുത്തിട്ടില്ല. അടിയന്തരമായി ഈ പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ വ്യാപാരികളെയും നാട്ടുകാരെയും സംഘടിപ്പിച്ചുകൊണ്ട് പഞ്ചായത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്താണി യൂണിറ്റ് പ്രസിഡന്റ് എ.വി.രാജഗോപാൽ, സെക്രട്ടറി ജോബി അഗസ്റ്റിൻ, ട്രഷറർ ബിന്നി തരിയൻ എന്നിവർ അറിയിച്ചു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]