
കൊച്ചി ∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ നടത്തുന്ന ബയോമൈനിങ്ങിന്റെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. യുഡിഎഫ്, ബിജെപി അംഗങ്ങളുടെ വിയോജിപ്പിനിടെയാണു തീരുമാനം.
കോർപറേഷന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെയാണു ബയോമൈനിങ്ങിനു പണം കണ്ടെത്തുന്നതെന്നും ബയോമൈനിങ് പ്രക്രിയയെ ഹൈക്കോടതി പോലും അംഗീകരിച്ചിട്ടുണ്ടെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.ബിൽ തുക സമയബന്ധിതമായി ലഭിക്കാത്തതു മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, കനത്ത മഴ മൂലമുള്ള ആഘാതം എന്നീ കാരണങ്ങളാൽ കാലാവധിക്കുള്ളിൽ ബയോമൈനിങ് പൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണു സമയം നീട്ടി നൽകണമെന്നു കരാർ കമ്പനിയായ ഭൂമി ഗ്രീൻ എനർജി കോർപറേഷനോട് ആവശ്യപ്പെട്ടത്.
16 മാസത്തെ കരാർ കാലാവധി മാർച്ച് 3ന് അവസാനിച്ചെങ്കിലും ജൂണിലാണു കാലാവധി നീട്ടാനാവശ്യപ്പെട്ടു കമ്പനി കോർപറേഷനു കത്തു നൽകിയത്.90% മാലിന്യവും ബയോമൈനിങ് നടത്തി നീക്കിയെന്നും 10% മാലിന്യം അവിടെ അവശേഷിക്കുന്നത് എൽഡിഎഫിന് രാഷ്ട്രീയമായ ക്ഷീണമല്ലെന്നും മേയർ പറഞ്ഞു.
കരാർ കമ്പനിയായ ഭൂമി ഗ്രീൻ എനർജിയിൽ നിന്ന് ഒരു രൂപ പോലും സിപിഎം പിരിവ് വാങ്ങിയിട്ടില്ല. കേന്ദ്ര ഏജൻസിയായ നീരിയും കേന്ദ്ര നഗര വികസന മന്ത്രാലയവും ബയോമൈനിങ്ങിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്– മേയർ പറഞ്ഞു.
എന്നാൽ 16 മാസത്തിനുള്ളിൽ മാലിന്യം ബയോമൈനിങ് നടത്തി നീക്കാൻ വേണ്ടിയാണ് ടണ്ണിന് 1690 രൂപയെന്ന ഉയർന്ന നിരക്കിൽ കരാർ നൽകിയതെന്നു യുഡിഎഫ് കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു.
കാലാവധി നീട്ടുകയാണെങ്കിൽ അതിന് അനുസൃതമായി കരാർ തുകയിൽ കുറവു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരത്തു കരാർ കമ്പനിക്കു കൂടുതൽ തുക നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടുണ്ടെന്ന് യുഡിഎഫ് കൗൺസിലർ എം.ജി.
അരിസ്റ്റോട്ടിൽ പറഞ്ഞു.കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കുമ്പോൾ പരമാവധി 48% വരെ മാത്രമേ ആർഡിഎഫ് ഉണ്ടാകാവൂവെന്നും ബ്രഹ്മപുരത്ത് ഇത് 90% വരെയാണെന്നും ബിജെപി കൗൺസിലർ രഘുറാം പൈ പറഞ്ഞു.
ആർഡിഎഫ് ഇത്രയധികം ഉയർന്നതായി രേഖകളിൽ കാണിച്ചിട്ടുള്ളത് അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാലിന്യത്തിന്റെ അളവ് കൂടിയതിനാൽ കരാർ കമ്പനിക്കു കാലാവധി നീട്ടി നൽകുന്നതു പൊതു മര്യാദയാണെന്ന് എൽഡിഎഫ് കൗൺസിലർ ബനഡിക്ട് ഫെർണാണ്ടസ് പറഞ്ഞു.
ചർച്ചകൾക്കു മേയർ മറുപടി പറയുന്നതിനിടെ, ഉന്നയിച്ച ചോദ്യങ്ങൾക്കല്ല മറുപടിയെന്നു പറഞ്ഞു യുഡിഎഫ് അംഗങ്ങൾ ബഹളം വച്ചു. യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ കരാർ സെപ്റ്റംബർ 30 വരെ നീട്ടുകയാണെന്നു മേയർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]