
കാലടി∙ എസ്എംഎ ( സ്പൈനൽ മസ്ക്യുലർ അസ്ട്രോഫി ) ബാധിച്ച് അരയ്ക്കു താഴെ തളർന്ന സജ്നയ്ക്ക് കലക്ടർ എൻഎസ്കെ ഉമേഷ് ഇലക്ട്രിക് വീൽചെയർ നൽകി. പവിഴം ഗ്രൂപ്പ് എംഡി എൻ.പി.ആന്റണി സ്പോൺസർ ചെയ്ത വീൽചെയർ കലക്ടറേറ്റിൽ നടന്ന ചടങ്ങിലാണു കൈമാറിയത്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിജിത്ത് സംബന്ധിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അവസാന വർഷ എംഎസ്സി സൈക്കോളജി വിദ്യാർഥിനിയാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ സജ്ന.
സജ്നയുടെ പഠനത്തിനായി കാലടിക്കടുത്ത് മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് സജ്നയും സഹോദരനും മാതാവും. 4 വർഷം മുൻപ് പ്രജാപിത ഫൗണ്ടേഷൻ നൽകിയ ഇലക്ട്രിക് വീൽ ചെയറിലായിരുന്നു സജ്നയുടെ സഞ്ചാരം.
അമ്മ പത്മിനി ദിവസവും രാവിലെ സജ്നയെ കോളജിൽ എത്തിക്കും. വൈകിട്ട് നാലിനു സജ്നയെ തിരികെ കൊണ്ടു പോകാനും അമ്മ കോളജിൽ എത്തും.
സജ്നയുടെ അവസ്ഥ ബ്ലോക്ക് പഞ്ചായത്ത് അംഗവും സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയുമായ കെ.വി.അഭിജിത്ത് കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
ഇതേത്തുടർന്നാണു കലക്ടർ സ്പോൺസറെ കണ്ടെത്തി പുതിയ ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകിയത്. ഡിസ്റ്റിംക്ഷനോടെയാണ് സജ്ന ബിഎസ്സി സൈക്കോളജി പാസായത്.
ഹോപ് ചാരിറ്റബിൾ ട്രസ്റ്റാണ് പഠിക്കാനുള്ള സാമ്പത്തിക സഹായം നൽകിയത്.സഹോദരൻ അഭിജിത്ത് കുമാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ ഷീറ്റ് മേയുന്ന ജോലി ചെയ്യുന്നു. ഇതാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം.
പിഎച്ച്ഡി എടുത്ത് മികച്ച സൈക്കോളജിസ്റ്റ് ആകണം എന്നാണ് സജ്നയുടെ ആഗ്രഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]