
ദേശീയപാത 66 പറവൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
പറവൂർ∙ ദേശീയപാത 66ലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടത്തിൽപെടും. പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
മഴ ശക്തമായതോടെ വഴിയിൽ ഉടനീളം ചെറുതും വലുതുമായ ഒട്ടേറെ കുഴികളുണ്ട്. വള്ളുവള്ളിയിൽ നാലാംമൈൽ മുതൽ കാവിൽനട
വരെ പണിതിരിക്കുന്ന ഉയരപ്പാതയുടെ അപ്രോച്ച് റോഡ് കാവിൽനട ഭാഗത്ത് നിലവിലെ ദേശീയപാതയോടു ചേരുന്നിടത്തു വലിയ തോതിൽ വെള്ളക്കെട്ടാണ്.
ഇവിടത്തെ വലിയ കുഴി അപകടഭീഷണി ഉയർത്തുന്നു.
ചെറിയപ്പിള്ളിക്കും ഘണ്ഠാകർണൻവെളിക്കും ദേശീയപാത – 66ൽ ഉണ്ടായ വെള്ളക്കെട്ട്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാനും ചെറിയ കാറുകൾ താഴ്ന്നുപോകാനും സാധ്യതയുണ്ട്. ഈ ഉയരപ്പാത നാലാംമൈൽ ഭാഗത്തു നിലവിലെ ദേശീയപാതയോടു ചേരുന്നിടത്ത് ഒട്ടേറെ കുഴികളുണ്ട്.
ഇതും അപകടത്തിന് വഴിവയ്ക്കും. കനത്ത മഴ പെയ്യുമ്പോൾ ഇതിലൂടെ പോകുന്ന വാഹനങ്ങൾ കുഴിയിൽ ചാടി മറിയാനുള്ള സാധ്യതയേറെ.
ഒട്ടേറെ വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന വഴിയായതിനാൽ അപകടത്തിന് വലിയ സാധ്യതയുണ്ട്. ഈ ഭാഗത്തു വെളിച്ചക്കുറവുമുണ്ട്. ചെറിയപ്പിള്ളിക്കും ഘണ്ഠാകർണൻവെളിക്കും മധ്യേദേശീയപാത നിർമാണം നടക്കുന്നതിനു സമീപവും നിലവിലെ ദേശീയപാതയിൽ വലിയതോതിൽ വെള്ളക്കെട്ടുണ്ട്.
ഇവിടെ കാൽനട യാത്രികർക്ക് റോഡിന്റെ അരികു ചേർന്നു നടക്കാൻ പോലും ഇടമില്ല.
വാഹനങ്ങൾ പോകുമ്പോൾ വെള്ളം കാൽനടയാത്രികരുടെ ദേഹത്തു തെറിക്കുന്ന സ്ഥിതിയാണ്. പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച മിക്ക അണ്ടർപാസുകളുടെ അടിയിലും വെള്ളക്കെട്ടും ചെളിയുമാണ്.
ഇരുചക്രവാഹനങ്ങൾ പോകുമ്പോൾ തെന്നിവീഴാൻ സാധ്യതയുണ്ട്. മഴ ശക്തമാകുന്നതിനാൽ വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള മേഖലയിലൂടെ വാഹനങ്ങളിൽ യാത്രചെയ്യുന്നവർ ശ്രദ്ധപുലർത്തിയില്ലെങ്കിൽ അപകടത്തിൽപെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]