
മുളക്കുളം–പെരുവംമൂഴി റോഡ് നിർമാണം നിലച്ചു; ദുരിതവഴിയിൽ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിറവം∙ വേനൽക്കാലം ആരംഭിച്ചാൽ രൂക്ഷമായ പൊടിശല്യം, മഴ പെയ്താൽ വെള്ളക്കെട്ട്, ഇളകി തെറിച്ച മെറ്റലിൽ കയറി നിയന്ത്രണം വിട്ട അപകടത്തിൽ പെടുന്ന വാഹനങ്ങൾ; കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് റീബീൽഡ് കേരള പദ്ധതിയിൽ 98 കോടി രൂപ മുതൽ മുടക്കിൽ ആരംഭിച്ച മുളക്കുളം –പെരുവംമൂഴി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. 2 വർഷം മുൻപു റോഡ് തങ്ങളുടെ നേട്ടമായി അവകാശപ്പെട്ട് ബോർഡ് സ്ഥാപിച്ചവരെ ഇപ്പോൾ കാണാനില്ല. 2016 ൽ 15 കോടി രൂപ ചെലവിട്ടു നവീകരിച്ചു കാര്യമായ പ്രശ്നങ്ങളില്ലാതിരുന്ന റോഡാണു കുത്തിക്കുഴിച്ച് ഇപ്പോൾ ഉഴുതു മറിച്ച പാടം പോലെയാക്കിയിരിക്കുന്നത്.
പൊടിശല്യം മൂലം ശ്വാസകോശ അസുഖങ്ങൾ നേരിടുന്നവരും നാട്ടിലുണ്ട്.എംസി റോഡിനു സമാന്തരമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ യാത്രക്കാർക്കു പ്രയോജനകരമാകുമെന്ന പ്രതീക്ഷയിലാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്.കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കായിരുന്നു നിർമാണ ചുമതല. 18 മാസമാണു റോഡു പൂർത്തിയാക്കുന്നതിനു സമയം നിശ്ചയിച്ചിരുന്നത്. ഉൗരമനയിലും പിറവത്തും പ്രധാന റോഡുകൾ അടച്ചു നിർമാണം ആരംഭിച്ചതോടെ പുറത്തിറങ്ങാനാവാതെ നാട്ടുകാർ വലഞ്ഞു. പുറമ്പോക്ക് ഒഴിപ്പിക്കാനെന്ന പേരിൽ ചിലയിടത്തു കെട്ടിടങ്ങളും പാലങ്ങളും ഭാഗികമായി പൊളിച്ചു.
ഏതാനും ഭാഗത്തു റോഡ് കോൺക്രീറ്റ് ചെയ്തു. ഇതിനിടെ നിർമാണ ചുമതലയേറ്റ കമ്പനി പിൻമാറുന്നതായി അറിയിപ്പെത്തി.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പണം ലഭിക്കാത്തതാണു കാരണമായി പറയപ്പെട്ടത്. ഒരു വർഷമായി നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. ഭാഗികമായി പൊളിച്ച പിറവം പടവെട്ടിപ്പാലം, കിഴുമുറി തേക്കുതോട്ടം, ഉൗരമന ഉള്ളപ്പിള്ളി പാലം പരിസരം ഉൾപ്പെടെ പലയിടത്തും ഇപ്പോൾ ഭാഗ്യം കൊണ്ടു മാത്രമാണു യാത്രക്കാർ അപകടത്തിൽ നിന്നു രക്ഷപെടുന്നത്.