തന്റെ ശത്രുവും എതിരാളിയും വലുതാണെന്നു പറഞ്ഞ കമൽ അതു ജാതീയതയാണെന്നു വ്യക്തമാക്കി. ‘ജാതീയത അക്രമാസക്തമായതിനാൽ എന്റെ ജോലി വളരെ വലുതാണ്.
പാർലമെന്റിൽ എംപിയായി ഒപ്പിട്ടപ്പോൾ അച്ഛനും അമ്മയും മനസ്സിൽ വന്നു. പഠിപ്പില്ലാത്ത എനിക്ക് എന്തു ജോലി കിട്ടാനാണെന്ന് അവർ ആശങ്കപ്പെട്ടിരുന്നു.
സർക്കാർ ജോലിയോ വക്കിൽ ഗുമസ്തനോ റെയിൽവേ ഉദ്യോഗമോ കിട്ടണമെങ്കിൽ എസ്എസ്എൽസിയെങ്കിലും ജയിക്കണ്ടേ. 70 വയസ്സിനു ശേഷം എംപിയായപ്പോൾ ചെലവുകൾക്കായി ദിനബത്ത കിട്ടി.
അമ്മയെ വിളിച്ച് സർക്കാർ ജോലി കിട്ടി എന്നു പറയണമെന്നു തോന്നി. അത്രയേറെ അഭിമാനമുണ്ട്’ – കമൽ വ്യക്തമാക്കി.
ഇടതുപക്ഷക്കാരനെന്നു കേൾക്കാൻ താൽപര്യമുണ്ടെങ്കിലും സമദൂരമാണു നയമെന്നും പറഞ്ഞു.
സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചെങ്കിലും ഏതെങ്കിലുമൊരു പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ താൽപര്യമില്ലെന്നു കമലിനൊപ്പം സംവാദത്തിൽ പങ്കെടുത്ത മഞ്ജു വാരിയർ പറഞ്ഞു.‘നായകൻ സിനിമയിൽ കമൽ കരയുന്നതു കണ്ടു ഞാനും കരഞ്ഞു’. എന്നാണു കമലിനൊപ്പം അഭിനയിക്കുന്നത് എന്നു പലരും ചോദിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. കേരളം മഞ്ജു വാരിയരെ ശ്രദ്ധിച്ചു തുടങ്ങിയ കാലം മുതൽ താനും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കമൽ പറഞ്ഞു.
മനോരമ ബുക്സ് പുതിയ വെബ്സൈറ്റ് വായനക്കാർക്കായി തുറന്ന് കമൽ
പുതിയ രൂപത്തിലും ഭാവത്തിലുമാണു വെബ്സൈറ്റ് തയാറാക്കിയത്.
ഓരോ വിഭാഗത്തിലെയും പുസ്തകങ്ങൾ ഇനി അനായാസം തിരഞ്ഞെടുക്കാനാകും. ബെസ്റ്റ് സെല്ലറുകൾ, സാഹിത്യം, വിദ്യാഭ്യാസം, സിനിമ, ആത്മീയം, ചരിത്രം, റഫറൻസ്, ടോപ് 10 തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങളിൽ ഉൾപ്പെട്ട പുസ്തകങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും. പേയ്മെന്റ് നടത്തിയാൽ ക്വിക് ഡെലിവറിയിലൂടെ പുസ്തകങ്ങൾ വേഗം ലഭിക്കും.
നടി മഞ്ജു വാരിയർ, മലയാള മനോരമ സർക്കുലേഷൻ ചീഫ് ജനറൽ മാനേജർ സിനു മാത്യൂസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജീവനക്കാരില്ലാത്ത സ്വർണക്കടയുഎസിൽ തുറക്കും: ജോയ് ആലുക്കാസ്=
ജീവനക്കാരില്ലാത്ത ഓട്ടമേറ്റഡ് സ്വർണക്കട യുഎസിൽ തുറക്കുമെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
ഇടപാടുകാർക്കു ജ്വല്ലറിയിൽ പ്രവേശിച്ച് സ്വയം ആഭരണങ്ങൾ തിരഞ്ഞെടുത്തു ബില്ലടച്ചു പോകാൻ കഴിയുന്ന സംവിധാനമാണു ലക്ഷ്യമിടുന്നത്. 11,000 ജീവനക്കാരിൽ 40% മലയാളികളാണ്. പല രാജ്യങ്ങളിലായി ഇപ്പോഴുള്ള 190 ഷോറൂമുകൾ 400 ആക്കുകയാണു ലക്ഷ്യം.
2031ൽ ഓഹരിവിപണിയിലിറങ്ങാനും (ഐപിഒ) ആലോചിക്കുന്നു – ഹോർത്തൂസ് വേദിയിൽ ‘പൊന്നിന്റെ സാമൂഹികശാസ്ത്രം’ എന്ന ചർച്ചയിൽ അദ്ദേഹം ‘സ്വർണനയം’ വെളിപ്പെടുത്തി.
സ്വർണത്തിൽ ധൈര്യമായി നിക്ഷേപിക്കാം. രണ്ടു വർഷമായി 100 ശതമാനത്തിലേറെയാണു വളർച്ച.
ഇനിയും വില കൂടും. നാലഞ്ചു മാസത്തിനകം ട്രോയ് ഔൺസിന് വില 5,000 ഡോളർ കടക്കും.
ചെറിയ വീഴ്ചയുണ്ടാകാം, എപ്പോഴാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പണിക്കൂലി എല്ലാ ഉൽപന്നങ്ങൾക്കുമുണ്ട്. അതു പക്ഷേ, പരമാവധി ചില്ലറവിൽപന വിലയിൽ (എംആർപി) ചേർക്കുകയാണു ചെയ്യുന്നത്. വിദേശത്തു പണിക്കൂലി ഉൾപ്പെടുത്തി പീസ് റേറ്റാണ്.
ഒരു ജ്വല്ലറി ഗ്രൂപ്പ് മാത്രം വിചാരിച്ചാൽ മാറ്റാനാവില്ല.
‘ജെൻ സീ’കുട്ടികൾക്കു സ്വർണാഭരണങ്ങളോടു താൽപര്യക്കുറവുണ്ട്. പക്ഷേ, സ്വർണം അവരുടെയും ഭംഗി കൂട്ടും – ജോയ് പറഞ്ഞു.മലയാള മനോരമ തൃശൂർ കോഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻ കുമാർ ചർച്ച നയിച്ചു.
പ്രണയം ഇപ്പോൾ മാംസഭുക്കാണ്
ഇന്നത്തെ കാമുകന്മാർ ചങ്ങമ്പുഴയുടെ രമണനെപ്പോലെ ആത്മഹത്യ ചെയ്യുമെന്നു തോന്നുന്നില്ലെന്നു കഥാകാരൻ എം.മുകുന്ദൻ.
പ്രണയം മുൻപ് പരിശുദ്ധമായ ആരാധനയായിരുന്നു. ആ അനുഭവം മാറി.
പ്രണയം ഇപ്പോൾ ‘മാംസഭുക്ക്’ ആണ്. പാശ്ചാത്യരുടെ പ്രണയത്തിൽ രമണനെയോ ചന്ദ്രികയെയോ കാണാനാവില്ല. ഉടലിനെ മറന്ന് ഇപ്പോൾ പ്രേമിക്കാനുമാവില്ല.
ഇതുപറയാൻ പലരും ധൈര്യം കാണിച്ചിട്ടില്ല. ഞാൻ തുറന്നു പറയുന്നുവെന്നേയുള്ളൂവെന്നു ‘മാഹി മുതൽ മാഹി’ വരെ എന്ന സെഷനിൽ മുകുന്ദൻ പറഞ്ഞു.
ഇത് ഉപഭോഗകാലമാണ്.
എല്ലാറ്റിനെയും തിന്നുതീർക്കുന്ന കാലം. നമുക്ക് ആവശ്യത്തിലേറെ ഭക്ഷണം വേണം, ആവശ്യമുള്ളതിനെക്കാൾ വലിയ വീടു വേണം.
വലിയ കാർ വേണം. പ്രണയവും ഇത്തരം ആധിക്യങ്ങളിലും ആസക്തിയിലുമാണ്.
ഇന്നത്തെ കാലത്തു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിയിരുന്നെങ്കിൽ ആഖ്യാനം വേറെയായേനെ.മന്ത്രി പി.രാജീവ് ചർച്ച നിയന്ത്രിച്ചു.
ഒരാഗ്രഹം ബാക്കി ;ടൈം ട്രാവൽ
സ്വന്തം നാടിന്റെ വികസനക്കുറവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ച അധികാരികൾ ഇന്നും പൊതുജനത്തെ പരിഗണിക്കാത്ത വികസനമാണു നടപ്പിലാക്കുന്നതെന്നു സന്തോഷ് ജോർജ് കുളങ്ങര. വിദേശ വിനോദസഞ്ചാരികൾ എത്തുന്ന സുഭാഷ് പാർക്കിനു മുന്നിൽ ടൂറിസത്തെ സഹായിക്കുന്ന സംവിധാനങ്ങളല്ല, പകരം കോടതിക്കെട്ടിടമാണ്. ഇതുപോലെ, എന്ത് എവിടെ വേണമെന്നു ബോധ്യമില്ല.
പൗരബോധവും സാംസ്കാരിക, സൗന്ദര്യബോധവുമുള്ള ഭരണാധികാരികൾക്കു കൊച്ചിയെ കൂടുതൽ ഭംഗിയാക്കാം എന്നും ‘മൈൽസ് ടു ഗോ’ ചർച്ചയിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
ഉറങ്ങുന്നതും കഴിക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം ട്രാവൽ വിഡിയോ ആകുന്ന, എന്തു വിഡിയോ സാമൂഹികമാധ്യമങ്ങളിലിട്ടാലും റീച്ചാകുന്ന ഇക്കാലത്താണ് യാത്ര ആരംഭിച്ചിരുന്നതെങ്കിൽ കൈവിട്ട യാത്ര താനും ചെയ്യുമായിരുന്നു.പഠനകാലത്ത് കോളജ് മാഗസിൻ പ്രിന്റ് ചെയ്തുണ്ടാക്കിയ 6,500 രൂപകൊണ്ട് നേപ്പാളിൽ പോയ യാത്രാജീവിതം 24 വർഷം പിന്നിടുമ്പോൾ ഇനിയും ഒരാഗ്രഹം ബാക്കിയാണ്, 500 വർഷം പിന്നിലേക്കുള്ള ടൈം ട്രാവൽ അദ്ദേഹം വെളിപ്പെടുത്തി.
മലയാള മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് മോഡറേറ്ററായി.
ആ ‘കറുത്ത രാത്രി’ ഏതു നിമിഷവും സംഭവിക്കാം
അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ അവസ്ഥയിലൂടെയാണു രാജ്യം കടന്നുപോകുന്നതെന്ന് എഴുത്തുകാരൻ ആനന്ദ്. അടിയന്തരാവസ്ഥ അടിച്ചേൽപിച്ച ആ അർധരാത്രി ഏതു നിമിഷവും സംഭവിക്കാം.
‘ആനന്ദിന്റെ യാത്രകൾ’ എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈയിടെ ഡൽഹിയിൽ നടന്നതുൾപ്പെടെ എത്രയോ സ്ഫോടനങ്ങൾ രാജ്യത്തുണ്ടായി.
എത്രയോ ആളുകളെ അതിന്റെ പേരിൽ പിടികൂടി. പക്ഷേ, പിടികൂടപ്പെടുന്നവരുടെ വീടുകൾ പൊളിച്ചുകളയുന്ന പരിപാടി ഇതാദ്യമാണ്.
വീടു പൊളിക്കണമെങ്കിൽ അതിനു നിയമവ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയ്ക്ക് ഇന്ന് ഒരു വിലയുമില്ല.
അടിയന്തരാവസ്ഥയ്ക്കു പിന്നിൽ പ്രത്യയശാസ്ത്രമില്ലായിരുന്നു. ഉണ്ടായിരുന്നത് അധികാരമോഹം മാത്രമായിരുന്നു.
ഇന്നത്തെ അവസ്ഥയ്ക്കു പിന്നിൽ പ്രത്യയശാസ്ത്രമുണ്ട്. എത്രത്തോളം പോകുമെന്നു കണ്ടറിയാം – ആനന്ദ് പറഞ്ഞു.
‘ഗോവർധന്റെ യാത്ര’യിലെന്ന പോലെ, നിരപരാധികളായ ഗോവർധന്മാർ ഇന്നും രക്ഷപ്പെടുന്നില്ല.വിപ്ലവം വരും, പോകും.
പക്ഷേ, ഇടുങ്ങിയ മനസ്സ് കാലങ്ങളോളം തുടരും. നമ്മുടെ ജനാധിപത്യവും ആ വഴിക്കാണു പോകുന്നത്.
എഴുത്തുകാരനും ഫെസ്റ്റിവൽ ഡയറക്ടറുമായ എൻ.എസ്.മാധവൻ ചർച്ച നിയന്ത്രിച്ചു.
ഗാസ മറന്ന് എഴുതാനാവില്ല
ഗാസയിലെ കൂട്ടക്കൊലപാതകവും കാലാവസ്ഥാ വ്യതിയാനവും പോലുള്ളവ പ്രമേയമാക്കേണ്ടത് അനിവാര്യതയാണെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ജീത് തയ്യിൽ പറഞ്ഞു. ഇതൊക്കെ കണ്ടിട്ടും എന്തുകൊണ്ട് എഴുതിയില്ലെന്നു ഭാവി തലമുറ ചോദിക്കുമെന്നും ഓർമിപ്പിച്ചു. ‘പതിനഞ്ചാം വയസ്സിൽ ഞാൻ എഴുതിയ കവിതകൾ അച്ഛൻ ടി.ജെ.എസ്.ജോർജ് മാധവിക്കുട്ടിക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിച്ചു.
അവരുടെ സ്നേഹപൂർവമായ അഭിനന്ദനങ്ങൾ എഴുത്തിൽ ഉറച്ചുനിൽക്കാൻ പ്രേരണയായി. കേരളത്തെ മനസ്സിലാക്കാൻ ആദ്യം മലയാളം അറിയണം.
ഇംഗ്ലിഷിന്റെ ജാലകങ്ങൾ തുറന്ന് മലയാളത്തിന്റെ കാറ്റു കടത്തിവിടണം: അദ്ദേഹം പറഞ്ഞു. ജീവിതം ഒരു നോവലാണെന്നും ഓരോ പേജും ആസ്വദിക്കുന്നുവെന്നും കവി മേഘ റാവു പറഞ്ഞു. ഇരുവരും ഹോർത്തൂസ് വേദിയിൽ കവിതകൾ ചൊല്ലി.
അഭിപ്രായം പറയാൻ പേടിയില്ല
അഭിപ്രായം പറയാൻ ഒട്ടും പേടിയില്ലെന്നും എന്നാൽ അത് കമന്റ് ബോക്സിൽ തല്ലാവുന്നതുകൊണ്ടാണ് പലപ്പോഴും മിണ്ടാതിരിക്കുന്നതെന്നും നടൻ റഹ്മാൻ.
ഊട്ടിയിലെ സ്കൂളിൽ പഠിക്കുമ്പോൾ യാദൃച്ഛികമായി ‘കൂടെവിടെ’ സിനിമയിലെത്തിയതുമുതൽ ധ്രുവങ്കൾ പതിനാറിൽ അഭിനയിച്ചത് വരേയുള്ള കാലത്തേപ്പറ്റിയും കുടുംബത്തെപ്പറ്റിയും നിലപാടുമൊക്കെ റഹ്മാൻ ഹോർത്തൂസിൽ മലയാള മനോരമ വിഷ്വൽ എഡിറ്റർ മാനുവൽ ജോർജുമായുള്ള സംഭാഷണത്തിൽ പങ്കുവച്ചു.
എൺപതുകളിൽ ബൈക്കിൽ ചുറ്റിത്തിരിഞ്ഞ സ്ഥലത്ത് കറങ്ങിത്തിരിച്ചെത്തിയതായാണ് ഹോർത്തൂസിലേക്കുള്ള വരവിനെ റഹ്മാൻ വിശേഷിപ്പിച്ചത്. സുഭാഷ് പാർക്കിലും മഹാരാജാസ് കോളജിലുമൊക്കെ ചുറ്റിത്തിരിഞ്ഞ പഴയ കാലം റഹ്മാൻ ഓർത്തെടുത്തു.
ഏറ്റവും പ്രിയം പ്രേക്ഷകസ്നേഹം
ആയിരം കണ്ണുമായ് കാത്തിരുന്ന ഹോർത്തൂസ് വേദിയെ അതേ പാട്ടു പാടി കയ്യിലെടുത്ത് നടി നദിയ മൊയ്തു. പ്രേക്ഷകരുടെ സ്നേഹമാണു പുരസ്കാരങ്ങളെക്കാൾ വലിയ അംഗീകാരമെന്ന വാക്കുകൾക്കു മനസ്സു നിറഞ്ഞ് സദസ്സ് കയ്യടിച്ചു.
സിനിമയിലെത്തി വൈകാതെ കുടുംബജീവിതത്തിലേക്കു പോയത് ആ പ്രായത്തിൽ എടുക്കേണ്ടിയിരുന്ന തീരുമാനം തന്നെയായിരുന്നു. അധികനാൾ നിൽക്കാനല്ല സിനിമയിലേക്കു വരുന്നതെന്ന് അക്കാലത്തുതന്നെ തീരുമാനിച്ചിരുന്നു.
വ്യത്യസ്ത മതക്കാരായ മാതാപിതാക്കളുടെ മകളായതു പലകാര്യങ്ങളിലും ഗുണമായി. പുതിയ കുട്ടികൾ നമ്മളെക്കാൾ ലോകം കാണുന്നവരാണ്.
കഥാപാത്രം വ്യത്യസ്തമാണോ എന്നു മാത്രമേ നോക്കാറുള്ളൂ. സമൂഹമാധ്യമങ്ങൾ ഏറെ പ്രചരിച്ചതോടെ സിനിമാതാരങ്ങളുടെ സ്വകാര്യത കുറഞ്ഞെന്നും നദിയ പറഞ്ഞു. വനിത എഡിറ്റോറിയൽ കോഓർഡിനേറ്റർ സീന ടോണി ജോസ് ചർച്ച നിയന്ത്രിച്ചു.
വീണ്ടും നായകൻ മമ്മൂട്ടി
പുതിയ സിനിമ ഉടൻ വരുമെന്നു വെളിപ്പെടുത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നായകൻ മമ്മൂട്ടിയാണെന്നും പ്രഖ്യാപിച്ചു. മലയാളത്തിന്റെ മഹാനടനുമായി ആദ്യഘട്ട
ചർച്ചകൾ പൂർത്തിയായെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നും പറഞ്ഞു. അനന്തരം, മതിലുകൾ, വിധേയൻ എന്നീ മൂന്നു സിനിമകളിൽ തുടർച്ചയായി നായകനായ മമ്മൂട്ടി 32 വർഷത്തിനു ശേഷമാണു വീണ്ടും അടൂർ സിനിമയിലെത്തുന്നത്.
മമ്മൂട്ടിക്കു യോജിച്ച വേഷങ്ങൾ വരുമ്പോഴാണ് ഞാൻ അദ്ദേഹത്തെ സമീപിക്കുന്നത്.
വ്യത്യസ്തമായ റോളുകൾ ചെയ്യാൻ കഴിവും അർപ്പണബോധവുമുണ്ട്. രാജ്യത്തിനു പുറത്തുള്ളവർക്കു പോലും സ്വീകാര്യനാണ്.
വലിയൊരു നടനായാണു ലോകം അദ്ദേഹത്തെ കാണുന്നത്. അതു നമ്മൾ വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല.
വായനയും നിരീക്ഷണവും വഴിയുള്ള സംസ്കാരമാണു മമ്മൂട്ടിയുടെ മികവ്: അടൂർ വ്യക്തമാക്കി. ‘പിന്നെയും’ സിനിമയ്ക്കെതിരെ പലരും മോശമായി എഴുതിയതിൽ സങ്കടവും അദ്ഭുതവും തോന്നിയതെന്നും പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജി.പ്രമോദ് ചർച്ച നിയന്ത്രിച്ചു.
മൗനം പാലിച്ചാൽ ചരിത്രം ക്ഷമിക്കില്ല:
അധികാരത്തിനു വേണ്ടി നുണ മാത്രം പറയുന്നവരോടു ചരിത്രം ചിലപ്പോൾ ക്ഷമിച്ചേക്കും.
എന്നാൽ, അതിനെതിരെ മിണ്ടാതിരുന്നാൽ ഒരിക്കലും ക്ഷമിക്കില്ലെന്നു നടൻ പ്രകാശ് രാജ് പറഞ്ഞു. നുണ 100 തവണ ആവർത്തിക്കുമ്പോൾ സത്യം 1000 തവണ ആവർത്തിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
നടനെന്ന നിലയ്ക്കല്ല വ്യക്തിയെന്ന നിലയ്ക്കു സ്വീകരിക്കുന്ന നിലപാടുകളാണു മലയാളികൾക്കിടയിൽ ജനപ്രിയനാക്കിയത്. നുണകളുടെ കോട്ടകളിൽ സത്യം മുളച്ചുപൊന്തും.
അതുകൊണ്ടാണു ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നപ്പോൾ അവരെ കുഴിച്ചു മൂടുകയല്ല വിതയ്ക്കുകയാണെന്നു വിളിച്ചുപറഞ്ഞത്.
ഇന്ത്യയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം എല്ലാ പാർട്ടികൾക്കുമുണ്ട്. പാഠപുസ്തകങ്ങളിൽ മഹാത്മാഗാന്ധി ‘അന്തരിച്ചു’ എന്ന് എഴുതാൻ ശ്രമിക്കുന്നത് ഈ രാജ്യത്തെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ ‘വെടിവച്ചുകൊന്നെന്ന’ സത്യം മായ്ച്ചുകളയാനാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു ചർച്ച നിയന്ത്രിച്ചു.
സംഗീതംദൈവികാനുഭവം
നാട്ട
രാഗത്തിൽ മഹാഗണപതി സ്തുതിയോടെ സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ ഹോർത്തൂസിലെ ‘കുറിഞ്ചി’ വേദിയുണർത്തിയപ്പോൾ കീബോർഡിൽ അകമ്പടിയായി സ്റ്റീഫൻ ദേവസ്സി. മിനിറ്റുകൾ നീണ്ട
ഫ്യൂഷൻ സംഗീതധാര നിറഞ്ഞ കയ്യടിയോടെ രസിച്ചാസ്വദിച്ച് സദസ്സും.സുസ്വരമാണോ വരുന്നതെന്ന ചിന്തയോടെയും പ്രാർഥനയോടെയുമാണ് ഓരോ തവണയും പാടിത്തുടങ്ങുന്നതെന്നു ശ്രീവത്സൻ ജെ.മേനോൻ പറഞ്ഞു. ഒരു നോട്ടിൽ തന്നെ പല ഡൈനാമിക്സ് വരുന്നതു തനിക്കു ദൈവികാനുഭവമാണെന്നു സ്റ്റീഫൻ ദേവസ്സിയും പറഞ്ഞു.
അസ്സലായി പാടിയെന്നു പറയുന്നതു നല്ല നോട്ടുകൾ വായിക്കുമ്പോഴല്ല, ആ സംഗീതത്തിലൂടെ കേൾവിക്കാരനിൽ അനുരണനമുണ്ടാകുമ്പോഴാണെന്നും സ്റ്റീഫൻ പറഞ്ഞു.
ഗണപതിസ്തുതിയിൽ തുടങ്ങി, എ.ആർ.റഹ്മാൻ സംഗീതം നൽകിയ ‘ഛയ്യ… ഛയ്യ’യിലൂടെ ഫോക് ഗാനവും മേജർ സ്കെയിലും വെസ്റ്റേൺ ഹാർമണിയും പരാമർശിച്ച് ശ്രീവത്സൻ ജെ.മേനോനും സ്റ്റീഫനും പിന്നീട് സ്വാതിതിരുനാൾ പദമായ ‘കുറിഞ്ചി’യുടെ ശൃംഗാരഭാവത്തിലെത്തി.
ഒടുവിൽ പലസ്തീൻ കവിയായ മഹമൂദ് ദാർവിഷിന്റെ ‘ഐ ബിലോങ് ദേർ’ പാടിയാണ് ഇരുവരും സെഷൻ അവസാനിപ്പിച്ചത്.
പുരുഷന്മാർക്ക് പ്രണയിക്കാൻഅറിയില്ലെന്ന് പറഞ്ഞിട്ടില്ല
പുരുഷന്മാർക്കു പ്രണയിക്കാൻ അറിയില്ലെന്നു പറഞ്ഞിട്ടില്ലെന്നും ബഹുഭൂരിപക്ഷം പുരുഷന്മാർക്കും പ്രേമത്തെക്കുറിച്ചുള്ള ധാരണ കൃത്യവും വ്യക്തവുമല്ലെന്നും എഴുത്തുകാരി കെ.ആർ.മീര പറഞ്ഞു. ഉപയോഗക്ഷമതയില്ലാത്ത സ്ത്രീയെ സ്നേഹിക്കാൻ പാകപ്പെടുമ്പോൾ മാത്രമേ പ്രണയം അറിയൂ.
സ്ത്രീ ഒന്നും ചെയ്തില്ലെങ്കിലും അന്തസ്സുണ്ടെന്നു മനസ്സിലാക്കുന്ന നിമിഷമാണ് യഥാർഥത്തിലുള്ള ജനാധിപത്യം നടപ്പാകുന്നത് – മന്ത്രി പി.രാജീവുമായുള്ള സംവാദത്തിൽ മീര പറഞ്ഞു.
പുസ്തകത്തിലെ നിലപാട് ചിലപ്പോൾ സ്വാഭാവികമായി വരും. പറയാൻവേണ്ടിയും പറയേണ്ടിവരും.
സ്ത്രീയെക്കുറിച്ചെഴുതാതെ ഒരു രാഷ്ട്രീയവും പൂർണമാകുന്നില്ല. പുരുഷന്റെ കാഴ്ചപ്പാടിൽ എഴുതണമെന്ന് ആഗ്രഹമുണ്ട്.
നിർഭാഗ്യവശാൽ പുരുഷന്മാർ മനസ്സു തുറന്ന് ജീവിതം പൂർണമായി വെളിപ്പെടുത്താറില്ല. ഒരു ദിവസം ഉണർന്നു നോക്കുമ്പോൾ രാജ്യവും ചുറ്റുമുണ്ടായിരുന്നവരും പരിചിതരല്ലെന്നു തിരിച്ചറിയുന്ന നിമിഷം ഉണ്ടാകുമെന്നുള്ള ഭയമാണ് തന്റെ പുതിയ പുസ്തകത്തിലേക്കു നയിച്ചതെന്നും പറഞ്ഞു. രാജ്യത്തെ മിക്കവാറും മനുഷ്യർ ഉണർന്നിരിക്കുന്നവരായി കാണപ്പെടുന്നുണ്ടെങ്കിലും അറിയാതെ ഉറങ്ങുകയാണെന്നു സംവാദത്തിൽ പങ്കെടുത്ത മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിൽ വ്യവസായം തുടങ്ങാൻ 236 ദിവസം വേണം
തന്നെ ആവശ്യമുണ്ടെങ്കിൽ കോൺഗ്രസ് പറയട്ടെയെന്നു വ്യക്തമാക്കിയ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി, മുഖ്യമന്ത്രിസ്ഥാനാർഥിയെ അവതരിപ്പിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുമ്പോഴും ബിജെപിയുടെ വികസന കാഴ്ചപ്പാടിനെ അംഗീകരിക്കുന്നു.
രാജ്യസുരക്ഷയിൽ കേന്ദ്രസർക്കാരിന്റെ ഒപ്പം നിൽക്കണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ശ്രീനാരായണഗുരു പറഞ്ഞതു പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ചില കാര്യങ്ങൾക്കു സ്വീകാര്യത ഉള്ളതുകൊണ്ടാണു ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ആ തിരഞ്ഞെടുപ്പു ഫലത്തെ അംഗീകരിക്കണം.
സ്വച്ഛ് ഭാരതും സൗജന്യ പാചകവാതക സിലിണ്ടർ വിതരണവും മോദിയുടെ മികച്ച തീരുമാനങ്ങളാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ വർഗീയതയും കാവിവൽക്കരണവും കണ്ടില്ലെന്നും സിദ്ധാന്തത്തിന്റെ പേരിൽ പണം വേണ്ടെന്നു പറയുന്നതു ബുദ്ധിയല്ലെന്നും തരൂർ പറഞ്ഞു.
രാജ്യത്തു രണ്ടു തരം പൗരൻമാരുണ്ടെന്നു മോദി ഒരിക്കലും നേരിട്ടു പറഞ്ഞിട്ടില്ല.
ഒരു സമുദായത്തിനെതിരായ പെരുമാറ്റം അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ട്. ഏതെങ്കിലും പദ്ധതിയിൽ ആനുകൂല്യങ്ങൾ നൽകുന്നതു സമുദായം നോക്കിയാണെന്നു പറയാൻ കഴിയുമോ എന്ന മോദിയുടെ ചോദ്യത്തിന് ആർക്കും മറുപടിയില്ല.
കേരളത്തിൽ നിക്ഷേപ സുരക്ഷാ നയം വേണം.
വ്യവസായം ആരംഭിക്കാൻ അമേരിക്കയിലും സിംഗപ്പൂരിലും 3 ദിവസം മതി. ഇന്ത്യയിൽ അതു 114 ദിവസവും കേരളത്തിൽ 236 ദിവസവുമാണ്.
ഇപ്പോൾ രണ്ടു ദിവസം മതിയെന്നു മന്ത്രി പറയുന്നുണ്ട്. ഒന്നു ശ്രമിച്ചു നോക്കൂ അപ്പോൾ അറിയാം: തരൂർ പറഞ്ഞു.
. മനോരമ ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ ചർച്ച നിയന്ത്രിച്ചു.
ലീഗിനെ കൂട്ടേണ്ട കാര്യം എൽഡിഎഫിനില്ല: ഇ.പി.ജയരാജൻ
മുസ്ലിം ലീഗിനെ എൽഡിഎഫിനൊപ്പം കൂട്ടേണ്ട
രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഏതെങ്കിലും പാർട്ടിയുടെ പിന്നാലെ പോകേണ്ട
ഗതികേട് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ ഇല്ല. എൽഡിഎഫ് കെട്ടുറപ്പിലാണ്.
ഭരണം പിടിക്കാൻ മന്ത്രിസ്ഥാനങ്ങളും മറ്റും നൽകി ഏതെങ്കിലും പാർട്ടിയെ കൂട്ടുപിടിക്കുന്നതിനോടു സിപിഎം എതിരാണെന്നും ‘ഇതാണെന്റെ ജീവിതം’ എന്ന സെഷനിൽ ഇ.പി.ജയരാജൻ പറഞ്ഞു.
ഇനി മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കുടുംബമായി സന്തോഷത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നത്, ഒപ്പം പാർട്ടിക്കാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന്, 75 വയസ്സു പ്രായപരിധി പിന്നിട്ടവർ ആരോഗ്യമുണ്ടായിട്ടും പാർട്ടിപദവികളിൽ നിന്നു മാറിനിൽക്കേണ്ടി വരുന്നില്ലേയെന്ന ചോദ്യത്തോടു ജയരാജൻ പ്രതികരിച്ചു.രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിബന്ധനയെക്കുറിച്ചും മനസ്സു തുറന്നു. ‘സ്ത്രീകളും ചെറുപ്പക്കാരും ഉൾപ്പെടെ ഒരുപാടു പേർ പാർട്ടിയിലുണ്ട്.
പുതിയവർ കടന്നുവരുന്നു. അവരെയൊക്കെ പരിഗണിക്കേണ്ടതുണ്ട് – ജയരാജൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം കുറ്റവാളികളെ കണ്ടെത്തുന്നു.
കുറ്റവാളിയാണെന്നു കണ്ടെത്തിയാൽ അവർക്കു കുറ്റവാളി എന്ന പരിഗണനയേ പാർട്ടിയിൽ ഉണ്ടാകൂ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കണ്ടതിൽ ഉൾപ്പെടെ തെറ്റായ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ വസ്തുത വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്.
മനോരമ സ്പെഷൽ കറസ്പോണ്ടന്റ് അനിൽ കുരുടത്ത് ചർച്ച നിയന്ത്രിച്ചു.
ഉമ്മൻചാണ്ടിയുടെസുതാര്യത പ്രതിപക്ഷം ആയുധമാക്കി:ഷാഫി പറമ്പിൽ
വ്യക്തിപരമായ അടുപ്പം രാഹുൽ മാങ്കൂട്ടത്തിലിനെതിരായി നിലപാടെടുക്കാനുള്ള പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നു ഷാഫി പറമ്പിൽ എംപി. ഹോർത്തൂസിൽ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശികമായി സഹായിച്ചവർക്കു വേണ്ടിയാണു രാഹുൽ പ്രചാരണത്തിനിറങ്ങിയത്. പാർട്ടിനിർദേശപ്രകാരമല്ല.
കോൺഗ്രസിന്റെ യുവനിര ശക്തമാണ്.
വി.ഡി.സതീശനുമായുള്ള അടുപ്പത്തിൽ കുറവു വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം വാർത്ത മാത്രമാണെന്നായിരുന്നു ഷാഫിയുടെ മറുപടി. സോളർ കേസിൽ ആരോപണമുയർന്നപ്പോൾ ഉമ്മൻ ചാണ്ടി സ്വീകരിച്ച തുറന്ന നിലപാട് പ്രതിപക്ഷം വേട്ടയാടാനുള്ള ആയുധമാക്കി.
നിരപരാധിയായിട്ടും അന്വേഷണ കമ്മിഷനു മുന്നിൽപോയി ഇരുന്നുകൊടുക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.
– ഷാഫി പറഞ്ഞു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് ചർച്ച നിയന്ത്രിച്ചു.
സുപ്രീം കോടതിയെഎല്ലാവരുടേതുമാക്കിയത് വിഡിയോ കോൺഫറൻസിങ്
സുപ്രീം കോടതി എന്നത് ഡൽഹി തിലക് മാർഗിലെ കോടതി മാത്രമല്ല, ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി മാറിയത് വിഡിയോ കോൺഫറൻസിങ് വഴിയാണെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
കോടതികൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കു മാറാൻ നേതൃത്വം കൊടുത്തതു ചന്ദ്രചൂഡാണ്. നീതി വൈകുന്നതു നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നു ലാവ്ലിൻ കേസ് പല പ്രാവശ്യം മാറ്റിവച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
വെജിറ്റേറിയൻ ആയതും ഉത്തരാഖണ്ഡിൽ നിന്നുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾ പ്രിയങ്കയെയും മഹിയെയും ദത്തെടുത്തതും അദ്ദേഹം ഓർമിച്ചു.
കുട്ടികൾ തന്നെയും ഭാര്യ കൽപനയെയും ദത്തെടുക്കുകയായിരുന്നു എന്നു പറഞ്ഞപ്പോൾ സദസ്സു കയ്യടിച്ചു കൂടെച്ചേർന്നു. സുപ്രീം കോടതി മുൻ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ഋഷികേശ് റോയ് ചർച്ചയിൽ പങ്കെടുത്തു. ഇരുവരും സഹപാഠികളായിരുന്ന കാലത്തെ വിശേഷങ്ങളും ജഡ്ജിമാർ പങ്കുവച്ചു.
9 മാസം ‘ഒളിച്ചിരിക്കേണ്ടി’വന്നെന്ന് അഖിൽ പി.
ധർമജൻ
ചില എഴുത്തുകാരുടെ വിദ്വേഷപ്രചാരണം മാനസികമായി ബാധിച്ചതിനാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പൊതുപരിപാടികളിൽ നിന്നു വിട്ടുനിന്നെന്നു ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ എഴുത്തുകാരൻ അഖിൽ പി. ധർമജൻ പറഞ്ഞു.
ചിലർ എല്ലാവർക്കും അവരുടേതായ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുസ്തകം എഴുതിയ ശേഷം പരിചയമുള്ള ഒരുപാടാളുകൾ ശത്രുക്കളായി മാറിയെന്ന് എഴുത്തുകാരി നിമ്ന വിജയ് പറഞ്ഞു. പുസ്തകം വായിച്ചിഷ്ടപ്പെട്ട
അപരിചിതരായ ഒട്ടേറെപ്പേർ സുഹൃത്തുക്കളായും മാറി. നിമ്നയും അഖിലും വലിയ വായനാസമൂഹത്തെ സൃഷ്ടിച്ചതാണു തന്നെയും സഹായിച്ചതെന്ന് എഴുത്തുകാരൻ എസ്.കെ.ഹരിനാഥ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

