കൊച്ചി ∙ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഒരുപോലെ തലവേദനയായി സർവീസ് കേബിളുകൾ. ഒട്ടേറെ ചർച്ചകൾക്കും നടപടികൾക്കും ഒടുവിലും കേബിൾ കുരുക്കുകൾ അഴിയാതെ തുടരുകയാണ്.
എസ്എ റോഡിലെ നടപ്പാതകളിലാണു കേബിൾ കുരുക്ക് ഏറ്റവും രൂക്ഷം. തൂങ്ങിക്കിടക്കുന്ന കേബിളുകളിൽ ഉടക്കിയുള്ള അപകടങ്ങൾ സർവസാധാരണമായിരിക്കുകയാണ്.
റോഡിനു കുറുകെ കിടക്കുന്ന കേബിളുകൾ ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകാറുണ്ട്. കഴിഞ്ഞ മാസം നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ പരാതിയിന്മേൽ കലക്ടർ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു ചേർത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കേബിളുകൾ മുറിക്കാൻ നിർദേശം നൽകിയിരുന്നു.
ചിലവന്നൂർ റോഡിൽ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു നടപടി.
അന്ന് ആദ്യഘട്ടമെന്നോണം ചിലവന്നൂർ റോഡിലെ കേബിളുകൾ മുറിച്ചു മാറ്റാൻ തുടങ്ങിയെങ്കിലും ആഴ്ചകൾക്കുള്ളിൽ തന്നെ പ്രവൃത്തികൾ നിലച്ചു. 52 വ്യത്യസ്ത പ്രൊവൈഡർമാരുടെ കേബിളുകൾ നഗരത്തിന്റെ പല ഭാഗത്തായി ഉണ്ടെന്നാണ് അന്നു കണക്കാക്കിയിരുന്നത്.
മഴ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു സർവീസ് പ്രൊവൈഡർമാർ കേബിൾ മുറിച്ചു മാറ്റുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നാണു വിവരം.
മുറിച്ച കേബിളുകൾ കൃത്യമായി കെട്ടി വയ്ക്കാത്തതും പലയിടത്തും അപകടം ഉണ്ടാക്കുന്നുണ്ട്. ചിലവന്നൂർ റോഡിൽ തൂങ്ങി കിടക്കുന്ന കേബിളുകൾ കണ്ണിൽ കൊണ്ട് പരുക്കു പറ്റാറുള്ളതായി ഓൺലൈൻ ഫൂഡ് ഡെലിവറി നടത്തുന്ന ചില യുവാക്കൾ പറഞ്ഞു.
ഹെൽമറ്റിലും, കാറിന്റെ ആന്റിനയിലും മറ്റ് ഉയരം കൂടിയ വാഹനങ്ങളുടെ മുകളിലും കേബിൾ ഉടക്കുന്നതും സാധാരണമാണ്. ചിലവന്നൂർ റോഡിനു പുറമേ കടവന്ത്ര, പനമ്പള്ളി നഗർ, എളംകുളം ഭാഗത്തും സർവീസ് കേബിളുകൾ വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

