കൂത്താട്ടുകുളം∙ പാലക്കുഴ പഞ്ചായത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ തിങ്കൾ രാത്രി സോഫിയ കവലയിലും എംസി കവലയിലുമായി 4 വീടുകളിൽ മോഷണ ശ്രമം നടന്നു. എംസി കവലയിൽ പാറയ്ക്കനിരപ്പേൽ ശശിയുടെ വീട്ടിൽ പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാവ് എത്തിയത്.
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പിടിച്ചു വലിച്ചു. മാലയുടെ കുറച്ചു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞു.
ഇവിടെ ജനൽ പാളിയിലെ 2 കൊളുത്തുകളും ഊരി മാറ്റിയിരുന്നു. മുൻ ദിവസങ്ങളിൽ വീട്ടിൽ മോഷ്ടാവ് എത്തുകയും ജനൽ പാളിയുടെ കൊളുത്തുകൾ ഊരി മാറ്റുകയും ചെയ്തിട്ടുണ്ട് എന്നാണ് നിഗമനം.
സോഫിയ കവലയിൽ 3 വീടുകളിലാണ് അന്നേദിവസം മോഷ്ടാവ് എത്തിയത്. കരിമ്പനക്കൽ മോഹനന്റെ വീട്ടിൽ എത്തിയ മോഷ്ടാവിനെ കണ്ട് വീട്ടുകാർ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ ചെമ്മനാപാടത്ത് കെ.
ഉലഹന്നാന്റെ വീട്ടിൽ എത്തി. വീട്ടുകാർ ഉണർന്നതോടെ രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുൻപ് പാലക്കുഴ പഞ്ചായത്ത് ഓഫിസിന് സമീപത്തെ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ ചാപ്പലിൽ കവർച്ച നടന്നിരുന്നു.
എംസി കവല– മൂങ്ങാംകുന്ന് റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ പിന്നാലെ സ്കൂട്ടറിൽ എത്തി മാല പൊട്ടിക്കുന്നതിനു ശ്രമം ഉണ്ടായി. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
ഏതാനും നാളുകൾക്കിടെ പാലക്കുഴയിലെ ക്ഷേത്രങ്ങളിലും മോഷണം തുടർക്കഥയാണ്. ഒരേ ക്ഷേത്രത്തിൽ ഒന്നിലധികം തവണ കവർച്ച നടത്തിയിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. വഴിയിൽ സംശയകരമായ സാഹചര്യത്തിൽ പരിചയമില്ലാത്ത മറ്റു സംസ്ഥാനക്കാരെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് ആവശ്യപ്പെട്ടു.
റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ച് പാലക്കുഴയിൽ പട്രോളിങ് നടത്തുന്നത് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുമാറാടി പഞ്ചായത്തിലും മോഷ്ടാക്കൾ
തിരുമാറാടി∙ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം. കഴിഞ്ഞ ഞായർ തിങ്കൾ ദിവസങ്ങളിൽ പിറമാടം– അരിയിക്കൽ റോഡിലും നാവോളിമറ്റം കുരിശിനു സമീപവും ആണ് സംഭവം. വൈകിട്ട് 6 മണിക്കു ശേഷം ഇതുവഴി ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന മണ്ണത്തൂർ സ്വദേശിനിക്കും വെട്ടിമൂട് സ്വദേശിനിക്കുമാണ് മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. സ്ത്രീകൾ വരുന്നതിനു പിന്നാലെ ബൈക്കിൽ എത്തുന്ന മോഷ്ടാവ് സ്ത്രീകളുടെ തോളത്ത് പിടിച്ചു വലിക്കുകയും ഇതിനൊപ്പം മാല പൊട്ടിക്കുകയും ചെയ്യും.
പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് നൽകുന്ന നിർദേശം
ഉറങ്ങുന്നതിനു മുൻപ് വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, സ്വർണം സുരക്ഷിതമായി സൂക്ഷിക്കുക, അയൽക്കാരുടെ ഫോൺ നമ്പറുകൾ സൂക്ഷിക്കുക, രാത്രി വീടിനു ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ തെളിച്ചിടുക, രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ തനിയെ പുറത്തിറങ്ങരുത്, കതകു തുറക്കാതെ അയൽക്കാരെ വിളിക്കുക, കഴിയുമെങ്കിൽ സിസിടിവി ക്യാമറ സ്ഥാപിക്കുക, ഇത് മൊബൈലുമായി കണക്ട് ചെയ്ത് അലാം ഘടിപ്പിക്കുക, പരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ ഫോണിൽ ഫോട്ടോ എടുക്കുകയും 112 എന്ന നമ്പറിൽ വിളിച്ചറിയിക്കുകയും ചെയ്യുക,
പ്രായമായ സ്ത്രീകൾ സ്വർണാഭരണങ്ങൾ അണിഞ്ഞ് യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക, സ്വർണമാല അണിഞ്ഞ് പോകുന്ന സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ വന്ന് മാല പൊട്ടിക്കുന്നത് കരുതിയിരിക്കുക, വീട്ടിൽ പഴയ സാധനങ്ങൾക്കു വേണ്ടി വരുന്നവർക്ക് ഇവ നൽകാതിരിക്കുക, സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കുക, ദീർഘദൂര യാത്ര പോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക, ക്ഷേത്രങ്ങളിലും പള്ളികളിലും നിർബന്ധമായും സിസിടിവി ക്യാമറ സ്ഥാപിക്കുക, സ്വർണം, പണം എന്നിവ ആരാധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കുക. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

