കാഞ്ഞൂർ∙ പുതിയേടം കവല അപകട കുരുക്കായി തുടരുന്നു.
പല അപകടങ്ങളും ഈ ഭാഗത്ത് ഉണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കീഴേത്താൻ ജോൺ സ്കൂട്ടറിടിച്ചു മരിച്ചു.
കുപ്പിക്കഴുത്തു പോലുള്ള ജംക്ഷനും വീതി കുറഞ്ഞ റോഡുകളും വാഹനങ്ങളുടെ ആധിക്യവും അപകടങ്ങൾക്ക് വഴി വയ്ക്കുന്നു. പരിഹാര നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. കാഞ്ഞൂർ, പാറപ്പുറം, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം ഭാഗങ്ങളിൽ നിന്നുള്ള 4 റോഡുകൾ വന്നു ചേരുന്ന പ്രധാന കവലയാണിത്.
തീർഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തൊട്ടടുത്തു തന്നെ.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണിത്. മാറമ്പിള്ളി– തിരുവൈരാണിക്കുളം പാലം വഴി വരുന്ന ഭൂരിഭാഗം വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.
പാറപ്പുറം– വല്ലംകടവ് പാലം പ്രാവർത്തികമായതോടെ ഇതുവഴിയുള്ള ഗതാഗതം പതിന്മടങ്ങ് വർധിച്ചു. എംസി റോഡിൽ പെരുമ്പാവൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ ഇതുവഴി എത്താം. കാലടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകുന്നതിന് ഇതുവഴിയുള്ള യാത്രക്കാർ വർധിച്ചു വരുന്നു.
എന്നാൽ പഴയ ജംക്ഷനും റോഡിനും ഒരു മാറ്റവും ഉണ്ടാകുന്നില്ല.
അതിനാൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങൾ അധികം ആയതോടെ വാഹനാപകടങ്ങളും വർധിച്ചു. കുരുക്കിൽ നിന്നു പെട്ടെന്നു രക്ഷപ്പെട്ടു പോകാൻ ചില വാഹന യാത്രക്കാരുടെ ശ്രമങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നു.
ഗതാഗതക്കുരുക്ക് ഇല്ലാത്തപ്പോൾ അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ചു വരുന്ന വാഹനങ്ങളാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്. ജംക്ഷനിലെ കടകളിലേക്കു വരുന്നവർക്കു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല. ഓട്ടോറിക്ഷ സ്റ്റാൻഡും ബസ് സ്റ്റോപ്പുകളും ഇടുങ്ങിയ ജംക്ഷനിൽ തന്നെയാണ്.
ദേശം– വല്ലംകടവ് റോഡ് വീതി കൂട്ടി ടാർ ചെയ്യാനുള്ള ദേശീയ പാത അതോറിറ്റിയുടെ പദ്ധതി പ്രാവർത്തികമാകുന്നതോടെ പുതിയേടം ജംക്ഷന് വീതി കൂടും എന്നായിരുന്നു നേരത്തെയുള്ള ഔദ്യോഗിക വിശദീകരണം.
എന്നാൽ പദ്ധതി പ്രഖ്യാപിച്ചിട്ട് 2 വർഷത്തോളമായിട്ടും ഇതുവരെ ടെൻഡർ നടപടികൾ പോലും പൂർത്തിയായിട്ടില്ല. കിഫ്ബി പദ്ധതി പ്രകാരം അടുത്തിടെ ദേശം–വല്ലംകടവ് റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തിരുന്നു.ഇതോടെ വാഹനങ്ങൾ അതി വേഗത്തിലാവുകയും അപകടങ്ങൾ പെരുകുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

