കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം നവീകരണം നവംബർ 30 നകം പൂർത്തിയാക്കി സ്റ്റേഡിയം കൈമാറാൻ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം സ്പോൺസറോട് ആവശ്യപ്പെടും. അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ എക്സിക്യൂട്ടീവ് ജിസിഡിഎ സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഇതുവരെ ചെയ്ത ജോലികളും ഇനി ചെയ്യുന്ന ജോലികളുടെയും വിശദാംശങ്ങൾ ജിസിഡിഎയെ കൂടി ബോധ്യപ്പെടുത്തണമെന്നും എക്സിക്യൂട്ടീവ് നിർദേശിച്ചു.
70 കോടി രൂപ ചെലവിടുന്നുവെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.നവംബർ 30 നകം നവീകരണം സ്പോൺസർ ഉറപ്പു നൽകിയിട്ടുള്ളതായി ചെയർമാൻ കെ.
ചന്ദ്രൻപിള്ള യോഗത്തിൽ അറിയിച്ചു.നവംബർ 17ന് ആസൂത്രണം ചെയ്തിരുന്ന മത്സരത്തിനു ശേഷവും താൻ കൊണ്ടുവരുന്ന മത്സരങ്ങൾക്കു സ്റ്റേഡിയം നൽകണമെന്നു സ്പോൺസറായ ആന്റോ അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം 25 നു ചേർന്ന എക്സിക്യൂട്ടീവ് യോഗം ഇൗ ആവശ്യം നിരാകരിച്ചു.
രാഷ്ട്രീയക്കളി മുറുകുന്നു
സ്റ്റേഡിയം നവീകരണത്തിനു പിന്നിൽ ക്രമക്കേടുകളുണ്ടെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്നലെ ജിസിഡിഎയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.അതിനിടെ സ്റ്റേഡിയം നവീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾക്കും ചൂടുപിടിച്ചു. മെസി വരാതിരിക്കാനാണു കോൺഗ്രസുകാർ ടർഫ് കേടാക്കിയതെന്നു സിപിഎം നേതാക്കൾ ആരോപിച്ചു.സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നതല്ലാതെ യാതൊരു കരാറും ഒപ്പു വച്ചിട്ടില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡൻ എംപി ആരോപിച്ചു.
മെസ്സിയുടെ വരവു മുടക്കിയതു കോൺഗ്രസാണെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പദ്ധതിക്കു പിന്നിൽ സിപിഎമ്മിനു കൃത്യമായ സാമ്പത്തിക താൽപര്യം ഉണ്ട്.ജിസിഡിഎയ്ക്കു വീഴ്ചയില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് അവകാശപ്പെട്ടു.
പ്രതിഷേധക്കളി
അതിനിടെ, പ്രതിഷേധ സൂചകമായി ജിസിഡിഎ ചെയർമാന്റെ ചേംബറിൽ ഫുട്ബോൾ കളിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടയിലാണു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മെസിയുടെ ജഴ്സി അണിഞ്ഞു പ്രതിഷേധവുമായി എത്തിയത്. ലയണൽ മെസ്സിക്കു പകരം ‘കോട്ടയം കുഞ്ഞച്ചൻ’ സിനിമയിലെ കഥാപാത്രമായ ‘പച്ചക്കുളം വാസു’വിന്റെ കട്ടൗട്ടുമായാണു പ്രവർത്തകർ ജിസിഡിഎ യോഗത്തിലേക്ക് ഓടിക്കയറിയത്.
ഇതിനു മുൻപു സുരക്ഷാ മാനദണ്ഡം പാലിക്കാതെ നൃത്തപരിപാടിക്കായി സ്റ്റേഡിയം വിട്ടു കൊടുത്തപ്പോൾ ഉമ തോമസ് എംഎൽഎ വീണു ഗുരുതര പരുക്കേറ്റിരുന്നു.
ജിസിഡിഎ ചെയർമാൻ രാജി വച്ചു പോകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനീഷ് കരുളായ്, സ്വാതിഷ് സത്യൻ, വിഷ്ണു പ്രദീപ്, നിയോജകമണ്ഡലം പ്രസിഡന്റ് ജെർജസ് വി.ജേക്കബ്, ഷുഹൈബ് ബിച്ചു, മെവിൻ ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രി വി. അബ്ദു റഹ്മാന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
ബിഡിജെഎസും പ്രതിഷേധിച്ചു.
സ്റ്റേഡിയം ഒരു സ്വകാര്യ കമ്പനിക്കും കൈമാറില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം∙ കലൂർ സ്റ്റേഡിയം ഇപ്പോൾ ആരുടെ കയ്യിലാണോ ഉള്ളത് അത് അവരുടെ കയ്യിൽ തന്നെയായിരിക്കുമെന്നും ഒരു സ്വകാര്യ കമ്പനിക്കും അതു കൈമാറുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അർജന്റീന ടീം വരുമെന്ന കണക്കുകൂട്ടലിൽ സ്റ്റേഡിയം നവീകരിച്ചതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കളി അവിടെ നടക്കുമെന്നാണല്ലോ കരുതിയത്. അതിനായി സ്റ്റേഡിയത്തെ രാജ്യാന്തര നിലവാരത്തിലേക്കു മാറ്റേണ്ടിയിരുന്നു. സ്പോൺസർഷിപ് വാഗ്ദാനം ചെയ്തവർ അതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ചെയ്യാൻ സന്നദ്ധമായിരുന്നു. അതു ചെയ്യുകയെന്നതല്ലാതെ സ്റ്റേഡിയം മുഴുവൻ അവർക്കു വിട്ടുകൊടുക്കാൻ ഒരു ഘട്ടത്തിലും തീരുമാനിച്ചിട്ടില്ല. അങ്ങനെ വിട്ടുകൊടുക്കുകയുമില്ല – മുഖ്യമന്ത്രി വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

