പറവൂർ ∙ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമില്ലാത്ത നഗരത്തിൽ അപകടങ്ങളും നിയമ ലംഘനങ്ങളും പെരുകുന്നു. മുനിസിപ്പൽ കവല – ചേന്ദമംഗലം കവല റോഡിൽ അമ്മൻകോവിലിനു സമീപം ഇന്നലെ രാവിലെ 7 മണിയോടെ 2 ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു.
ഒരു സ്കൂൾ വിദ്യാർഥിനിയടക്കം 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21ന് രാവിലെ ദേശീയപാത – 66ൽ, കെഎംകെ കവലയ്ക്കും തെക്കേനാലുവഴിക്കും മധ്യേ കാറും ബൈക്കും ബസും അപകടത്തിൽപെട്ടു. ബൈക്ക് യാത്രികരായ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
അപകടങ്ങൾ തുടർക്കഥയായിട്ടും നഗരസഭാധികൃതരും മോട്ടർ വാഹന വകുപ്പും പൊലീസും കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
തോന്നിയ പോലെയാണു നഗരത്തിലെ ബസ് സർവീസ്. നിയമം ലംഘിച്ചു വീതികുറഞ്ഞ ടിബി, കനാൽ റോഡുകളിലൂടെ കൊണ്ടുപോകുന്നതു പതിവാണ്.
വരാപ്പുഴ ഭാഗത്തു നിന്നു വരുന്ന ബസുകൾ പൂശാരിപ്പടി, പെരുവാരം, കേസരി ബസ് സ്റ്റോപ്പുകളിലേക്കു പോകാതെ വഴിക്കുളങ്ങരയിൽ നിന്നു പുതിയ സർവീസ് റോഡ് വഴി തോന്ന്യകാവിലേക്കു പോകുന്നുണ്ടെന്നു നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു. സ്റ്റോപ്പുകൾ ഇല്ലാത്തിടത്തും നിർത്തുന്നുണ്ട്.
നഗരം ചുറ്റി സർവീസ് നടത്തണമെന്ന നിബന്ധനയും ഭൂരിഭാഗം ബസുകളും പാലിക്കുന്നില്ല. മത്സരയോട്ടവും പതിവാണ്. ഗതാഗത പ്രശ്ന പരിഹാരത്തിന് 2015ൽ തുടങ്ങിയ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പ്രവർത്തനരഹിതമാണ്.
5 ഹോം ഗാർഡുകളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണം. വീതി കുറഞ്ഞ കവലകളും റോഡുകളുമാണ് നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നത്.
കവലകളുടെ വികസനം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടിയിട്ട് ഒന്നര വർഷമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

