മുളന്തുരുത്തി ∙ കാന നിർമാണത്തിനായി ചെങ്ങോലപ്പാടത്ത് റോഡരികിലെ മരങ്ങൾ വെട്ടാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിലെ വെള്ളക്കെട്ട് പരിഹരിക്കാനെന്ന പേരിൽ 100 മീറ്റർ കാന നിർമിക്കാനാണ് റോഡരികിലെ 16 മരങ്ങൾ വെട്ടാൻ നീക്കം നടന്നത്.
മരം വെട്ടാൻ ഇന്നലെ രാവിലെ ജോലിക്കാരെത്തി കൊമ്പ് മുറിച്ചു തുടങ്ങിയപ്പോഴാണു നാട്ടുകാർ സംഭവം അറിയുന്നത്. ഉടനെ നിർമലഗിരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരും ചേർന്നു മരം വെട്ടൽ തടഞ്ഞു.
ചെങ്ങോലപ്പാടത്തു നിന്നു റെയിൽവേ ഗേറ്റിലേക്കുള്ള റോഡിൽ ഇടതുവശത്തു തണലേകിയിരുന്ന മരങ്ങളാണു സ്വകാര്യ വ്യക്തിക്കു വേണ്ടി വെട്ടാൻ തീരുമാനിച്ചത്.
7 ബദാം, 3 മഹാഗണി, 2 ഞാവൽ, 2 മഴമരം, ഒരു വാക, ഒരു പൂവരശ് എന്നീ മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് ട്രീ കമ്മിറ്റിയുടെ അടക്കം അനുമതി ലഭിച്ച ശേഷമാണു നടപടികളുമായി മുന്നോട്ടു പോയതെന്നാണ് പിഡബ്ല്യുഡി അധികൃതർ പറയുന്നത്.
എന്നാൽ ഇതേക്കുറിച്ചു അറിഞ്ഞിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ മരം വെട്ടുന്നത് തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പിഡബ്ല്യുഡിക്കു കത്തും നൽകി.
ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം തുറക്കുന്നതിനു മുൻപുള്ള മുളന്തുരുത്തി-ചോറ്റാനിക്കര റോഡിന്റെ ഭാഗമായ ഇവിടെ വാഹനത്തിരക്ക് കുറഞ്ഞതോടെ നടപ്പാത നിർമിച്ചു മനോഹരമാക്കാനുള്ള ആലോചനകൾ സജീവമാണ്.
റസിഡന്റ്സ് അസോസിയേഷനുകളും ലൈബ്രറി അടക്കമുള്ള സംഘടനകളും ചേർന്നു ഇതിനുള്ള ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണു മരം മുറിക്കാനുള്ള അപ്രതീക്ഷിത നീക്കം. പാലം നിർമാണത്തിന്റെ പേരിൽ അനാവശ്യമായി റോഡരികിലെ ഒട്ടേറെ മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും ഇനി അനുവദിക്കില്ലെന്നുമാണു നാട്ടുകാരുടെ നിലപാട്.
∙ അടിമുടി ദുരൂഹം
റോഡരികിലും വീട്ടിലേക്കുള്ള വഴിയിലും മഴവെള്ളം കെട്ടിക്കിടക്കുന്നതു കാണിച്ചു സ്വകാര്യ വ്യക്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ പരാതിയെ തുടർന്നാണു റോഡിൽ കാന നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചത്.
പരാതിക്കാരന്റെ വീട്ടിലേക്കുള്ള വഴിയിൽ നിന്ന് 50 മീറ്റർ മാത്രം ദൂരമുള്ള ചെങ്ങോലപ്പാടം തോട്ടിലേക്കു മഴവെള്ളം ഒഴുകിപ്പോകാൻ ചാലുകീറിയാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനാണു മരങ്ങൾ വെട്ടിമാറ്റി 100 മീറ്റർ കാന നിർമിക്കുന്നത്.
ടെൻഡർ നടപടികൾ അടക്കം പൂർത്തിയാക്കി ഇന്നലെ മരം വെട്ടാൻ ആളെത്തിയപ്പോഴാണ് പഞ്ചായത്തംഗം അടക്കം സംഭവം അറിയുന്നത്. പഞ്ചായത്തിൽ തന്നെ കാരിക്കോട് ജംക്ഷനിലെ വർഷങ്ങളായുള്ള വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയില്ലാതെ കിടക്കുമ്പോൾ സ്വകാര്യ വ്യക്തിക്കായി ജനപ്രതിനിധികളെ പോലും അറിയിക്കാതെ തുക അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]