ഈ മഴക്കാലത്തു കേരളത്തിലെ ജനവാസ മേഖലകളിലേക്ക് ‘ഇഴഞ്ഞു കയറിയത്’ 2552 മലമ്പാമ്പുകൾ! മേയ് മാസത്തിൽ മഴ തുടങ്ങിയതു മുതൽ ഒരാഴ്ച മുൻപു വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്.
അതും വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി വനത്തിൽ വിട്ടവയുടെ എണ്ണം മാത്രം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ളതിന്റെ ഒന്നര ഇരട്ടിയാണു പിന്നീടുള്ള മാസങ്ങളിൽ ‘ക്ഷണിക്കാതെ എത്തിയ’ ഈ അതിഥികളുടെ എണ്ണത്തിലുണ്ടായ വർധന.
ജനുവരി– ഏപ്രിൽ മാസങ്ങളിൽ വനം വകുപ്പിന്റെ ‘സർപ്പ വിഭാഗം’ പിടികൂടിയത് 1031 മലമ്പാമ്പുകളെ മാത്രമാണ്.
വനത്തോട് അതിരിടുന്ന ഗ്രാമങ്ങളിലാണു കൂടുതലും മലമ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തുന്നതെങ്കിലും നഗരപ്രദേശങ്ങളിൽനിന്നും ഇവയെ യഥേഷ്ടം പിടികൂടുന്നുണ്ട്. കൊച്ചി മുൻപു മുതലേ മലമ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ്.
മലമ്പാമ്പുകളുടെ ഇഷ്ട ആവാസവ്യവസ്ഥയായ ജലാശയങ്ങൾ, കനാലുകൾ, ചതുപ്പുകൾ, വെള്ളം നിറഞ്ഞ ഓടകൾ എന്നിവ ആവോളമുണ്ടെന്നതാണു കാരണം.
എലികളുൾപ്പെടെയുള്ള ചെറുജീവികൾ ഇത്തരം മേഖലകളിൽ ഇഷ്ടംപോലെയുണ്ടെന്നതിനാൽ വലിയ അധ്വാനമില്ലാതെ ഭക്ഷണം കിട്ടുമെന്നതും കൂടുതലായി ഇവ കൊച്ചിയിലെത്താൻ കാരണമാണ്. ഗ്രാമമേഖലകളിൽ വീടുകളിൽ വളർത്തുന്ന കോഴികളെയാണ് ഇവ കൂടുതലും ഭക്ഷണമാക്കുന്നത്.
കോഴി ഫാമുകളുടെയും മറ്റും സമീപത്ത് ഇവ കൂടുതലായി തമ്പടിക്കുന്നതിനു പിന്നിലും ഇഷ്ട ഭക്ഷണ ലഭ്യത തന്നെ.
മഴക്കാലത്തു വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന പാമ്പുകൾ ഒടുവിൽ കരകയറുന്നതു ജനവാസമേഖലകളിലാണെന്നു വനപാലകർ പറയുന്നു.
മഴ കനത്താൽ നദിയിൽ ജലനിരപ്പും ഒഴുക്കും കൂടും. ഒഴുകിയെത്തുന്ന പാമ്പുകളുടെ എണ്ണവും കൂടും.
കേരളത്തിൽ കാണുന്ന ഏറ്റവും വലിയ പാമ്പാണു മലമ്പാമ്പ് അഥവാ ഇന്ത്യൻ റോക്ക് പൈത്തൺ. പൈത്തൺ മോളുറസ് എന്നാണു ശാസ്ത്രീയ നാമം.
വിഷമില്ലാത്ത പാമ്പുകളായ ഇവ മുട്ടയിട്ടാണു പ്രജനനം നടത്തുന്നത്. പൂർണവളർച്ചയെത്തുമ്പോൾ 5–6 മീറ്റർ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവുമുണ്ടാകും.
പെൺ മലമ്പാമ്പുകളാണ് ആണുങ്ങളെക്കാൾ വലുപ്പം വയ്ക്കുക.
മരം കയറാനും വെള്ളത്തിൽ നീന്താനും കഴിവുണ്ട്. ചെറുജീവികൾക്കു പുറമേ, പക്ഷികളെയും ഭക്ഷണമാക്കും.
പൂർണവളർച്ച എത്തിയ മലമ്പാമ്പുകൾക്കു വലിയ മാനുകളെ വരെ നിഷ്പ്രയാസം പിടികൂടി ഭക്ഷിക്കാനാകും. ഇരയെ വരിഞ്ഞുമുറുക്കി കൊന്ന ശേഷം വിഴുങ്ങുകയാണു പതിവ്.
മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനും ഇവയ്ക്കു കഴിയും. രാത്രിയിലാണ് ഇരതേടുന്നത് എന്നതിനാൽ പിടിയിലാകുന്നതു കൂടുതലും രാത്രികാലങ്ങളിൽ തന്നെ.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇണ ചേരുന്ന ഇവ മഴക്കാലത്തു മുട്ടയിടും. 60–70 ദിവസങ്ങൾ കൊണ്ടു മുട്ട
വിരിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]