കൂത്താട്ടുകുളം∙ നഗരസഭയിൽ സിപിഎം വിമത അംഗം കല രാജു യുഡിഎഫ് പിന്തുണയോടെ ചെയർപഴ്സനായും സ്വതന്ത്ര അംഗം പി.ജി. സുനിൽ കുമാർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ 11ന് ചെയർപഴ്സൻ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടത്തി. 25 അംഗ നഗരസഭയിൽ 12ന് എതിരെ 13 വോട്ടുകൾക്കാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.
ദരിദ്ര ലഘൂകരണ വിഭാഗം ജില്ലാ ഓഫിസർ പി.എച്ച്. ഷൈൻ ആയിരുന്നു വരണാധികാരി.
ചെയർപഴ്സൻ സ്ഥാനത്തേക്ക് യുഡിഎഫ് അംഗങ്ങളായ പ്രിൻസ് പോൾ ജോൺ, ബേബി ജോൺ എന്നിവർ കല രാജുവിന്റെ പേരും എൽഡിഎഫ് അംഗങ്ങളായ അംബിക രാജേന്ദ്രൻ, സുമ വിശ്വംഭരൻ എന്നിവർ മുൻ ചെയർപഴ്സൻ വിജയ ശിവന്റെ പേരും നിർദേശിച്ചു.
യുഡിഎഫ് നിർദേശിച്ച പി.ജി. സുനിൽ കുമാറിനെതിരെ എൽഎഡിഎഫിൽ മുൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് തന്നെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്.
ബാലറ്റ് പേപ്പർ നിക്ഷേപിക്കാനുള്ള പെട്ടി വോട്ടെടുപ്പിന് മുൻപ് അംഗങ്ങൾക്ക് തുറന്നു പരിശോധിക്കാൻ അനുവാദം നൽകിയിരുന്നു.
കല രാജു, പി.ജി. സുനിൽ കുമാർ എന്നിവരുടെ സത്യപ്രതിജ്ഞച്ചടങ്ങിനിടെ എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി.
തുടർന്നു ചെയർപഴ്സൻ, വൈസ് ചെയർമാൻ എന്നിവരുടെ ഓഫിസ് മുറിയുടെ മുൻപിൽ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകിട്ട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനു പിന്നാലെ സിപിഎം ഏരിയ സെക്രട്ടറി പി.ബി.
രതീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരുവർക്കുമിടയിൽ പൊലീസ് കവചം തീർത്ത് സുരക്ഷ ഒരുക്കിയതോടെ സംഘർഷം ഒഴിവായി.
കല രാജു പ്രതിനിധീകരിക്കുന്ന 15–ാം വാർഡിലെ ഓണംകുന്ന് കുടുംബശ്രീ അംഗങ്ങൾ, കല രാജു കുടുംബശ്രീ ലോണെടുത്ത് പണം തട്ടി എന്നാരോപിച്ച് പ്രതിഷേധവുമായി രാവിലെ നഗരസഭയ്ക്ക് മുൻപിൽ എത്തിയിരുന്നു.
16 ലക്ഷം രൂപ കല രാജു തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ആക്ഷേപം. 11 ലക്ഷത്തോളം രൂപയാണ് അടയ്ക്കാനുള്ളതെന്നും അത് അടച്ചു തീർക്കുമെന്നും കല രാജു പറഞ്ഞു.
ഈ മാസം 5ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭയിൽ ചെയർപഴ്സൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]