കളമശേരി ∙ കൃത്രിമ ഗർഭധാരണത്തിനായി പെൺകുട്ടികളുടെ അണ്ഡം ശേഖരിച്ചു നൽകുന്ന സ്ഥാപനത്തിലും പെൺകുട്ടികളെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിലും പരിശോധന നടത്തി. എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി), വാടക ഗർഭധാരണം എന്നിവ സംബന്ധിച്ചുള്ള പരാതികളിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക സംഘമാണു പരിശോധന നടത്തിയത്.
അണ്ഡം എടുക്കുന്നതിനു നിയമവിരുദ്ധമായി ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന 5 ഇതര സംസ്ഥാന പെൺകുട്ടികളെ മഹിളാ മന്ദിരത്തിലേക്കു മാറ്റി. നെടുമ്പാശേരി അത്താണി സ്വദേശിയുടേതാണ് സ്ഥാപനം.
കുട്ടികൾ ഇല്ലാത്തവരിൽ നിന്ന് സാമ്പത്തിക സ്ഥിതിയനുസരിച്ചു 25 ലക്ഷം രൂപ മുതൽ മുതൽ 1 കോടി രൂപവരെ ഫീസ് വാങ്ങിയാണ് കൃത്രിമ ഗർഭധാരണത്തിനു സൗകര്യമൊരുക്കിയതെന്നു പൊലീസ് പറഞ്ഞു.
അണ്ഡം നൽകുന്ന സ്ത്രീകൾക്ക് അഞ്ചോ ആറോ ലക്ഷം രൂപയാണു പ്രതിഫലമായി നൽകിയിരുന്നതെന്നും പറയുന്നു. പരപ്പനങ്ങാടിയിലെ ആശുപത്രിയുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
കളശേരി കൂനംതൈയിൽ എകെജി റോഡിനു സമീപമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ഇടപ്പള്ളിയിലെ മറ്റൊരു കെട്ടിടത്തിന്റെ പേരിലാണ് അണ്ഡം ശേഖരിക്കാനുള്ള ലൈസൻസ് എടുത്തിരുന്നത്. എന്നാൽ പ്രവർത്തനം കൂനംതൈയിലെ കെട്ടിടത്തിലായിരുന്നു.
ഇതു നിയമവിരുദ്ധമാണെന്നു പൊലീസ് പറഞ്ഞു. റെയ്ഡ് നടത്തിയ ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന യുവതികളാരും ഗർഭിണികളായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടികളെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളം ഡിഎംഒ ഉൾപ്പെടെ 12 അംഗ സംഘമാണ് പൊലീസ് സംരക്ഷണത്തോടെ പരിശോധന നടത്തിയത്.
പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് അന്വേഷക സംഘം അറിയിച്ചു. പൊലീസ് ഇതു കേസെടുത്തിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]