
മലയാറ്റൂർ∙ അടിവാരം– നടുവട്ടം റോഡിൽ യൂക്കാലി ഭാഗത്ത് വനത്തിനോടു ചേർന്ന് സ്വകാര്യ സ്ഥലത്ത് മാലിന്യ കൂമ്പാരം. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടവും ഇവിടെ ചിതറി കിടക്കുന്നു.
പല സ്ഥലങ്ങളിൽ നിന്നു ലോറികളിൽ പോലും ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നു. രാത്രിയിലാണ് കൂടുതലും മാലിന്യം കൊണ്ടുവരുന്നത്.
വനമേഖലയോടു ചേർന്നുള്ള വിജന പ്രദേശം ആയതിനാൽ മാലിന്യം തള്ളൽ ഇവിടെ എളുപ്പത്തിൽ ആകുന്നു. രാത്രിയിൽ ഇതുവഴി മറ്റു വാഹനങ്ങൾ വളരെ കുറവായിരിക്കും.
ഭക്ഷ്യാവശിഷ്ടം കഴിക്കാൻ കാട്ടു പന്നികളും മ്ലാവുകളും കുറുക്കന്മാരും കാടിറങ്ങി വരുന്നു.
വന പ്രദേശത്ത് നാട്ടുകാർ മേയാൽ വിട്ടിരിക്കുന്ന നാൽക്കാലികളും ഇവിടെ ഭക്ഷ്യ അവശിഷ്ടങ്ങൾ കഴിക്കാൻ വരുന്നത് പതിവു കാഴ്ചയാണ്. മൃഗങ്ങളുടെ സഞ്ചാരം വഴിയാത്രക്കാർക്ക് അപകട
ഭീഷണിയുണ്ടാക്കുന്നു. മൃഗങ്ങൾ പലപ്പോഴും വാഹനങ്ങളിടിച്ചു റോഡരികിൽ ചോരയൊലിപ്പിച്ചു കിടക്കുന്നതു കാണാം.
ഭക്ഷ്യ അവശിഷ്ടങ്ങൾ കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് വയറ്റിൽ ചെന്നു മൃഗങ്ങൾ ചാകുന്നതും പതിവാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ വ്യക്തി പാട്ടത്തിനു കൊടുത്തിരിക്കുന്ന സ്ഥലം ആയതിനാൽ വനം വകുപ്പിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
വനത്തിനോടു ചേർന്നുള്ള സ്വകാര്യ സ്ഥലത്തെ മാലിന്യം തള്ളൽ സംബന്ധിച്ച് വനം വകുപ്പ് പഞ്ചായത്തിനെ വിവരം അറിയിച്ചിരുന്നു.
കൂടാതെ നാട്ടുകാരുടെ വിവിധ പരാതികളും ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് സ്ഥലം ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. എന്നാൽ മാലിന്യം തള്ളൽ വർധിച്ചതല്ലാതെ കുറഞ്ഞില്ല. ഇതേ തുടർന്ന് സ്ഥലം ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി നോട്ടിസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ പറഞ്ഞു. മാലിന്യം തള്ളൽ ഇനിയും തുടർന്നാൽ കൂടുതൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]