മട്ടാഞ്ചേരി∙ ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കെ, പ്രതീക്ഷയോടെ കടലിലേക്കിറങ്ങാൻ അവസാന തയാറെടുപ്പിലാണ് തോപ്പുംപടി ഫിഷിങ് ഹാർബറിൽ നിന്ന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ. നാളെ അർധരാത്രി 12ന് ശേഷം ബോട്ടുകളെല്ലാം കടലിലേക്ക് പോയിത്തുടങ്ങും. ബോട്ടുകളിലേക്ക് വലകൾ, ഐസ്, ഭക്ഷണ വസ്തുക്കൾ തുടങ്ങിയവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ.
മിക്കവാറും ബോട്ടുകളെല്ലാം ആദ്യ യാത്രയ്ക്കുള്ള ഡീസൽ അടിച്ച് തയാറായിക്കഴിഞ്ഞു. 3000 ലീറ്റർ വീതം ഡീസൽ അടിക്കുന്ന സ്ഥാനത്ത് പലരും 1000– 1500 ലീറ്റർ ഡീസൽ വീതമാണ് അടിച്ചിട്ടുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ട് തന്നെ കാരണം.
200 ഐസ് ബ്ലോക്കുകൾ കയറ്റുന്ന സ്ഥാനത്ത് പല ബോട്ടുകളിലും 50 മുതൽ 100 വരെ ബ്ലോക്കുകളാണ് കയറ്റിയിട്ടുള്ളത്. ബോട്ട് , വല അറ്റകുറ്റപ്പണിക്ക് 5 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ മുടക്കിയവരുണ്ട്.
കഴിഞ്ഞ സീസൺ മോശമായിരുന്നതിനാൽ പല ബോട്ടുടമകൾക്കും അറ്റകുറ്റപ്പണി പൂർണമായും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 20 മുതൽ 25 ലക്ഷം രൂപ വരെ ബാധ്യതയുള്ള ബോട്ടുകളുണ്ട്.
20 ശതമാനത്തോളം ബോട്ടുകൾ ആക്രി വിലയ്ക്ക് പൊളിക്കാൻ കൊടുത്തതായും ഉടമകൾ പറയുന്നു.
തോപ്പുംപടി ഹാർബറിൽ നിന്ന് അറുപതോളം ബോട്ടുകൾ
തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ട്രോളിങ് ബോട്ടുകളിൽ അറുപതോളം ബോട്ടുകൾ നാളെ കടലിൽ പോകും. ചില ബോട്ടുകളുടെ വല അറ്റകുറ്റപ്പണി ഇനിയും പൂർത്തിയാകാനുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അറുന്നൂറോളം ചൂണ്ട ബോട്ടുകൾ തോപ്പുംപടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്.
ഇവയിൽ ഭൂരിഭാഗവും തമിഴ്നാട് കുളച്ചൽ ബോട്ടുകളാണ്. അവിടെ നിന്നു നാളെ പുറപ്പെടുന്ന ബോട്ടുകൾ 30–40 ദിവസത്തെ മത്സ്യബന്ധനത്തിന് ശേഷമാകും ഹാർബറിലേക്ക് കയറുക.
ഫിഷറീസ് ഹാർബറിന്റെ നവീകരണ ജോലികൾ നടക്കുന്നതിനാൽ സ്ഥല പരിമിതി പ്രശ്നമാണ്. ബോട്ടുകൾ അടുക്കുന്ന ഭാഗത്ത് ചെളി നിറഞ്ഞിരിക്കുന്നതു ഡ്രജിങ് നടത്തി നീക്കം ചെയ്യണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടന്നിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]