
കനത്ത മഴ: സ്തംഭിച്ച് കൊച്ചി നഗരം; കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുങ്ങി
കൊച്ചി∙ കനത്ത മഴയിലും കാറ്റിലും നഗരം സ്തംഭിച്ചു. രാവിലെ മുതൽ പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മിക്ക റോഡുകളും മുങ്ങി.
പ്രധാന പാതകളിലെല്ലാം ഗതാഗതം താറുമാറായി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണതും ഗതാഗത തടസ്സത്തിനു കാരണമായി. രാവിലെ തന്നെ എംജി റോഡിൽ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
കാനകൾ നിറഞ്ഞ് മലിനജലം പലയിടത്തും റോഡിലേക്കൊഴുകി. തൈക്കൂടം അണ്ടർപാസിൽ ഉച്ചയോടെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പനമ്പിള്ളി നഗറിന്റെ പല ക്രോസ് റോഡുകളും ഉച്ചയോടെ പൂർണമായും മുങ്ങി. പ്രധാന റോഡിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി ഗാന്ധിനഗർ സപ്ലൈകോയ്ക്കു സമീപം കടപുഴകി വീണ മരം.
അപകടത്തിൽപെട്ട വാഹനങ്ങളും കാണാം.
വെള്ളക്കെട്ട് രൂക്ഷമായതോടെ പനമ്പള്ളി നഗറിലെ 11–ാം ക്രോസ് റോഡ് പൂർണമായും അടച്ചു. എസ്ബിഐ അവന്യുവും വെള്ളത്തിൽ മുങ്ങി.
ഷിപ്യാഡ് ആസ്ഥാനത്തിനു സമീപം ലോറി റോഡിനു സമീപത്തുള്ള ചെളിക്കുണ്ടിൽ താണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വണ്ടി കയറ്റിയത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡും മുങ്ങി.
ബസ് സ്റ്റാൻഡ് കോംപ്ലക്സ് കെട്ടിടത്തിനുള്ളിലും ഓഫീസുകൾക്കുള്ളിലും വെള്ളം കയറി. ബസ് കാത്തു നിൽക്കാൻ എത്തിയവരിൽ പലരും സ്റ്റാൻഡിനുള്ളിലെ പെട്രോൾ പമ്പിൽ കയറി നിന്നാണ് വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
കലൂർ ലിങ്ക് റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. നഗരത്തിൽ പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സവും വൈദ്യുതി പ്രതിസന്ധിയും ഉണ്ടായി.
കടവന്ത്ര മാവേലി റോഡിൽ കൂറ്റൻ മരം കടപുഴകി വീണ് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം പൂർണമായും മുറിച്ചുമാറ്റാൻ അഗ്നിരക്ഷാ സേനയ്ക്കായത്. വൈറ്റിലയിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
ലൂർദ് ഹോസ്പിറ്റൽ പരിസരത്തു മരം വൈദ്യുത ലൈനിനു മുകളിലൂടെ റോഡിലേക്കു വീണു ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടു. തേവര നേവൽ ബേസിനു സമീപം തണൽ മരം മറിഞ്ഞ് കാറിനും ഓട്ടോയ്ക്കും മുകളിൽ വീണു. രണ്ടിടത്തും അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി.
കനത്ത മഴയിൽ വെള്ളക്കെട്ടിലായ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്ന നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് അംഗങ്ങൾ. ചിത്രം: മനോരമ
‘വെള്ളക്കെട്ട്: ജനങ്ങളുടെ മനോഭാവം മാറണം’
കൊച്ചി ∙ കാനകളിലേക്കും മറ്റും ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുകയാണെന്നും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വേണമെന്നും ഹൈക്കോടതി.
എംജി റോഡിൽ കാന പൊളിഞ്ഞ് സ്ലാബ് അനക്കാൻ പറ്റാത്ത സ്ഥലങ്ങളിലെല്ലാം മഴയിൽ വെള്ളം പൊങ്ങിയെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.എംജി റോഡിലെ നടപ്പാതയുടെയും കാനകളുടെയും നവീകരണം എത്രയും വേഗം പൂർത്തിയാക്കണം. സ്ലാബുകൾ നീക്കം ചെയ്തു പുതിയത് സ്ഥാപിക്കുന്നത് മാത്രം പോരാ. എംജി റോഡിലെ നടപ്പാതകളുടെ പുനർനിർമാണം എന്ന് ആരംഭിക്കുമെന്നും പൂർത്തിയാക്കുമെന്നും സർക്കാർ അറിയിക്കണം.
വെള്ളം ഒഴുകിപ്പോകുന്ന കാര്യത്തിൽ എംജി റോഡാണ് ഇപ്പോൾ ഏറ്റവും ദുർബലമായ മേഖല. എംജി റോഡ് ഇല്ലെങ്കിൽ കൊച്ചിയില്ല. കോർപറേഷൻ പറ്റുന്ന സ്ഥലത്തെല്ലാം കാന വൃത്തിയാക്കുന്നുണ്ട്.
വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപറേഷൻ സ്ക്വാഡ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ കാനകളുടെ അറ്റകുറ്റപ്പണി ഫലപ്രദമായി നടത്താത്തതാണ് തടസ്സം. ഹോട്ടലുകളിലെ മാലിന്യം കാനകളിലേക്ക് എത്തുന്നുണ്ടോ എന്നും സംശയമുണ്ട്. പത്മ, ഹൈക്കോടതി ജംക്ഷനുകളിൽ ഇന്നലെ വെള്ളക്കെട്ടുണ്ടായി. ബാനർജി റോഡിൽ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും മറ്റും സിഎസ്എംഎൽ മാറ്റിയിട്ടില്ല.
വാഹനങ്ങൾ റോഡിൽ കയറുന്നത് തടയുന്നതിനുള്ള കുറ്റികളും മോഷണം പോയി. 10 ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കുമെന്നു സിഎസ്എംഎൽ അറിയിച്ചു. വെള്ളക്കെട്ട് നീക്കുന്നതിൽ എല്ലാ മേഖലകളിലും സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. ദേശീയപാതയിൽ ചന്തിരൂരിന് സമീപം മുട്ടൊപ്പം വെള്ളക്കെട്ട് ഉണ്ടായത് നിർമാണ കമ്പനി തൊഴിലാളികൾ മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.
അരൂർ മേഖലയിൽ പാടങ്ങൾ വെള്ളത്തിൽ
അരൂർ∙ തോരാതെ പെയ്യുന്ന മഴയിൽ പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളുടെ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. ഉൾപ്രദേശങ്ങളിൽ നിന്നു വെള്ളം ഒഴുകി പോകുന്നതിനായി അന്ധകാരനഴി അഴിമുഖത്ത് മണൽ നീക്കി പൊഴി തുറന്നതോടെ വെള്ളം ഒഴുകിപ്പോകുന്നുണ്ട്.
അരൂർ, കുത്തിയതോട് വൈദ്യുതി സെക്ഷനു കീഴിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് കമ്പിപൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കുത്തിയതോട് പഞ്ചായത്തിലെ കിഴക്കേ ചമ്മനാട്, വല്ലേത്തോട്, പഴമ്പള്ളിക്കാവ്, മനക്കോടം, പുത്തൻ ചന്ത എന്നിവിടങ്ങളിലാണ് ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വൈദ്യുതി കമ്പിയിൽ വീണത്.
പശ്ചിമ കൊച്ചിയിൽ റോഡുകൾ വെള്ളത്തിൽ മട്ടാഞ്ചേരി∙ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. മട്ടാഞ്ചേരി ചെറളായി, കേംബിരി റോഡ്, നസ്രത്ത്, മൂലങ്കുഴി, ചുള്ളിക്കൽ കുമാർ പമ്പ് ജംക്ഷൻ, മുണ്ടംവേലി, ഫോർട്ട്കൊച്ചി തുടങ്ങി പലയിടങ്ങളിലും റോഡുകളിൽ വെള്ളം ഉയർന്നു.
രാമേശ്വരം – കൽവത്തി കനാലിൽ വെള്ളം ഉയർന്നതോടെ പരിസരത്തുള്ള വീടുകളിൽ വെള്ളം കയറി. കനാൽ ശുചീകരണത്തിന്റെ ഭാഗമായി കരയിൽ കോരിയിട്ട ചെളി പലയിടത്തും തിരിച്ച് കനാലിലേക്കും റോഡിലേക്കും ഒഴുകി.
നേവൽ ബേസിന് സമീപം ഇന്നലെ രാവിലെ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഫോർട്ട്കൊച്ചി ബീച്ചിൽ ശക്തമായ കടൽ കയറ്റവും അനുഭവപ്പെട്ടു. കാന നിർമാണം പ്രതിസന്ധിയിൽ അരൂർ∙ അരൂർ–ഒറ്റപ്പുന്ന ദേശീയപാതയിലെ സർവീസ് റോഡുകൾ പലയിടങ്ങളിൽ വെള്ളം നിറഞ്ഞു.
അരൂർ–തുറവൂർ ഉയരപ്പാത നിർമാണം മേഖലയിലും കാന നിർമാണം പ്രതിസന്ധിയിലായി. ഇതോടെ പെയ്ത്തുവെള്ളം നിറഞ്ഞ ഭാഗങ്ങളിൽ നിന്നു ടാങ്കർ ലോറികളിലേക്ക് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കൊണ്ടു പോകുന്നുണ്ടെങ്കിലും ശക്തമായ മഴയിൽ വീണ്ടും വെള്ളം പാതയോരത്ത് നിറയുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]