
വൈപ്പിൻ തീരത്ത് വീടുകളും വെള്ളത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ വൈപ്പിൻ തീരത്ത് വേലിയേറ്റ വെള്ളപ്പൊക്കം അതിരൂക്ഷം. താഴ്ന്നു കിടക്കുന്ന പുരയിടങ്ങളിലെല്ലാം ഇന്നലെ വൈകിട്ട് വെള്ളം കയറി. ഒട്ടേറെ വീടുകളും വെള്ളക്കെട്ടിലായി. തോടുകളിൽ നിന്നുള്ള വെള്ളം തൊട്ടു ചേർന്നുള്ള പോക്കറ്റ് റോഡുകളിൽ നിറഞ്ഞതിനെ തുടർന്ന് പലയിടത്തും ഗതാഗതവും ദുഷ്കരമായി.അടുത്തിടെ ഇത്രയും ജലനിരപ്പ് ഉയരുന്നത് ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു. അൽപം താഴ്ന്നു കിടക്കുന്ന പുരയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഈ വെള്ളം ഒഴിഞ്ഞു പോകുന്നതിനു മുൻപ് തന്നെ അടുത്ത വേലിയേറ്റം എത്തുന്ന സ്ഥിതിയാണ്. ഇതോടെ പരിസരവാസികളുടെ ജീവിതം ദുസ്സഹമായി മാറി. പലയിടത്തും കുട്ടികളുടെ കളിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. അവധിക്കാലത്ത് ഉല്ലാസ മാർഗങ്ങളും അടഞ്ഞിരിക്കുകയാണെന്ന് കുട്ടികൾ പറയുന്നു. നായരമ്പലം കുടുങ്ങാശ്ശേരിയിൽ സ്ഥിരം കളിസ്ഥലം വെള്ളത്തിൽ മുങ്ങിയതോടു കൂടി കുട്ടികൾ മരക്കൊമ്പിൽ താൽക്കാലികമായി കളിത്തട്ട് ഒരുക്കി അവിടേക്ക് താവളം മാറ്റി.
ജലനിരപ്പ് അസാധാരണമായ രീതിയിൽ ഉയർന്നത് മത്സ്യബന്ധനത്തിനും തടസ്സം സൃഷ്ടിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെമ്മീൻ പാടങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതങ്ങൾക്ക് പരിഹാരമാർഗങ്ങൾ ആരായുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വൈപ്പിൻ തീരത്ത് സന്ദർശനം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വൈകുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടിയിട്ടുണ്ടെങ്കിലും ജനപ്രതിനിധികൾ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.