വൈപ്പിൻ∙ വൈപ്പിൻകരക്കാർ ചരിത്രത്തിൽ ആദ്യമായി കരമാർഗം മറുകര തൊട്ട നിമിഷത്തിനും അതിന് വഴിയിട്ട
ചെറായി പാലത്തിനും 65 വയസ്സ് തികയുന്നു. പിൽക്കാലത്ത് തെക്കും വടക്കുമെല്ലാം പുതിയ പാലങ്ങൾ വന്നെങ്കിലും വൈപ്പിനിലെ പഴയ തലമുറയ്ക്ക് ചെറായി പാലം ഒരു പാലത്തിനപ്പുറം മറ്റു പലതുമാണ്.
പുറത്തേക്ക് വഴി തുറന്നതിനൊപ്പം വിവിധ മേഖലകളിലെ വികസനത്തിനും വൈപ്പിൻ ദ്വീപ് കടപ്പെട്ടിരിക്കുന്നത് ഈ പാലത്തോടാണ്.
വൈപ്പിനിലെ ചെറായിയേയും പറവൂരിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കാൻ പദ്ധതിയുണ്ടോയെന്ന ചോദ്യം കൊച്ചി മന്ത്രിസഭാ യോഗത്തിൽ ഉയർന്നത് 1949 ഡിസംബർ 9നായിരുന്നുവെന്ന് ചരിത്ര ഗവേഷകയും അധ്യാപികയുമായ അശ്വതി ഹരികുമാർ പറയുന്നു. ചെറുതുരുത്തി എംഎൽഎ ആയിരുന്ന സാഹിബ് ബഹദൂർ ചെല്ലാടിയാണ് ആ ചോദ്യം ഉന്നയിച്ചത്.
പിന്നീട് പല തലങ്ങളിൽ നടന്ന ചർച്ചകൾക്ക് ശേഷം 1954 ഓഗസ്റ്റ് മൂന്നിന് പറവൂർ ചെറായി പാലം പദ്ധതി വീണ്ടും മന്ത്രിസഭയിൽ ചർച്ചാ വിഷയമായി.
കേരളത്തിൽ പഞ്ചവത്സര പദ്ധതി അനുസരിച്ച് നിർമിക്കാൻ തീരുമാനിച്ച 13 പാലങ്ങളിൽ ചെറായി പറവൂർ പാലവും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി എ.അച്യുതൻ വ്യക്തമാക്കിയത് അന്നാണ്. പല ഘട്ടങ്ങളിലായാണ് ഈ പാലങ്ങളുടെ നിർമാണം പൂർത്തിയായത്.
സർക്കാർ രേഖകൾ അനുസരിച്ച് 1960 സെപ്റ്റംബർ 29നാണ് ചെറായി പാലം തുറന്നത്. എന്നാൽ പാലത്തിലുള്ള മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേ വർഷം ഡിസംബർ 29ന് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പാലം ഉദ്ഘാടനം ചെയ്തുവെന്നാണ്.
പാലം ഉദ്ഘാടനത്തിന് പിതാവിനൊപ്പം പോയ ഓർമ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. അതുവരെ വൈപ്പിൻ നിവാസികൾക്ക് മറുകര എത്താൻ വഞ്ചി ഉപയോഗിച്ചുള്ള വിവിധ കടത്തുകൾ ആയിരുന്നു ആശ്രയം.
വടക്കൻ മേഖലയിൽ കോവിലകത്തും കടവ്– കുഞ്ഞിത്തൈ കടത്തായിരുന്നു അതിൽ ഏറെ പ്രധാനം. ഞൊണ്ടിക്കടത്ത്, അരയത്തിക്കടത്ത് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന വേറെയും കടത്തുകൾ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
പാടങ്ങളുടെ വരമ്പുകളിലൂടെയും മറ്റും കിലോമീറ്ററുകൾ നടന്നാണ് ഇത്തരം കടവുകളിൽ എത്തി ജനങ്ങൾ മറുകര പറ്റിയിരുന്നത്.
എറണാകുളത്തേക്കു പോകാൻ കൊച്ചി– കോട്ടപ്പുറം ജലപാതയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടുകളായിരുന്നു ആശ്രയം. ഈ ബോട്ടുകളിലേക്ക് ആളെ എത്തിക്കുന്ന വഞ്ചികളും വൈപ്പിനിലെ കടവുകളിൽ നിന്ന് സർവീസ് നടത്തിയിരുന്നു.
എന്നാൽ ചെറായി പാലം തുറന്നതോടെ കഥയാകെ മാറി. .
ഇതിന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കൊച്ചി നഗരവുമായി വൈപ്പിൻകരയെ ബന്ധിപ്പിച്ചു ഗോശ്രീ പാലങ്ങളും പള്ളിപ്പുറം– മാല്യങ്കര പാലവുമെല്ലാം തുറന്നത്. മുനമ്പം– അഴീക്കോട് പാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലുമാണ്.
എങ്കിലും ആറര പതിറ്റാണ്ടുകൾക്കിപ്പുറവും ചെറായി പാലത്തിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. കാലപ്പഴക്കത്തിന്റെ ബലക്ഷയം പാലത്തെ ബാധിച്ചു തുടങ്ങിയതിനാൽ ഇവിടെ പുതിയ പാലം നിർമിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]