കോതമംഗലം∙ കോട്ടപ്പടി പഞ്ചായത്തിൽ വീടിനു നേരെ കാട്ടാന ആക്രമണം. ഗൃഹനാഥൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
പുരയിടത്തിലെ കാർഷിക വിളകളും നശിപ്പിച്ചു. വാവേലിയിലാണ് ഇന്നലെ വെളുപ്പിനു നാലോടെ കാട്ടുകൊമ്പൻ ജനവാസ മേഖലയിലെത്തിയത്.
അതിരമ്പുഴ പോളിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടുണർന്ന പോൾ പുറത്തെ ലൈറ്റിന്റെ സ്വിച്ചിട്ട് മുൻവശത്തെ വാതിൽ തുറന്നപ്പോഴേക്കും ആന സമീപത്തെത്തി.
ഓടി അകത്തു കയറി രക്ഷപ്പെടുകയായിരുന്നു.
അക്രമാസക്തനായ കാട്ടുകൊമ്പൻ തലകുലുക്കി വീടിന്റെ ജനലിനു നേരെ പാഞ്ഞടുത്തു ജനൽപാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിക്കുകയും തുമ്പിക്കൈകൊണ്ടു ഭിത്തിയിൽ അടിക്കുകയും ചെയ്തു. തുമ്പിക്കൈയുടെ പാട് ഭിത്തിയിൽ പതിഞ്ഞിട്ടുണ്ട്.
പുരയിടത്തിലെ വാഴകളും കമുകുകളും ജാതിത്തൈകളും കച്ചോലവും ചവിട്ടിമെതിച്ചു. തൊട്ടടുത്തു താമസിക്കുന്ന സഹോദരന്റെ പുരയിടത്തിലെ കൃഷിക്കും നാശമുണ്ടാക്കി.
നാട്ടിൽ ഭീതി വിതയ്ക്കുന്ന മുറിവാലൻ കൊമ്പനാണ് ഇന്നലെ പോളിന്റെ വീട്ടുമുറ്റത്തെത്തിയത്.
പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ ഈ ആന മൂന്നാഴ്ച മുൻപു ഭീതിപടർത്തിയിരുന്നു. ഫെൻസിങ് നശിപ്പിച്ചാണു കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ആനയെത്തുന്നത്.
പന മറിച്ചിട്ട് വൈദ്യുതലൈൻ നശിപ്പിക്കുന്നതും പതിവാണ്. പടക്കം പൊട്ടിച്ചാൽ പോലും ആന പിന്തിരിയില്ലെന്നതാണു നാട്ടുകാരെയും വനപാലകരെയും കുഴപ്പിക്കുന്നത്.
രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടുകൊമ്പനെ മയക്കുവെടി വച്ചു പിടികൂടി നീക്കംചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]