
കൊച്ചി∙ ഓണക്കാലത്ത് നഗരത്തിലെ പ്രധാന റോഡുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഹൈക്കോടതിയുടെ ഇടപെടൽ. തിരക്കേറിയ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിനു സിഗ്നൽ ലൈറ്റ് ഓഫ് ചെയ്തു പൊലീസ് നേരിട്ടിറങ്ങണമെന്നു കോടതി നിർദേശിച്ചു. ബാനർജി റോഡിൽ പാലാരിവട്ടം വരെയും മെഡിക്കൽ ട്രസ്റ്റ് മുതൽ വൈറ്റില വരെ സഹോദരൻ അയ്യപ്പൻ റോഡിലും രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും സിഗ്നൽ ലൈറ്റുകൾ അണച്ച് ട്രാഫിക് പൊലീസ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്നു ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു.
നിയന്ത്രണ നിർദേശങ്ങൾ പരസ്പരം കൈമാറാൻ പൊലീസിനു വാക്കി–ടോക്കി നൽകണം.
ഉടൻ നടപടിക്കു സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജിയിലാണു ഉത്തരവ്. രൂക്ഷമായ ഗതാഗതക്കുരുക്ക് ആണെന്ന് കേസിൽ ‘അമിക്കസ് ക്യൂറി’യായ അഡ്വ.
ജയ് മോഹൻ അറിയിച്ച സാഹചര്യത്തിലാണ് ഇടപെടൽ. പല ട്രാഫിക് സിഗ്നലുകൾക്കും ടൈമിങ് തീരെ കുറവാണെന്നും ഗ്രീൻ സിഗ്നൽ കണ്ട് വാഹനങ്ങൾ കടന്നു തുടങ്ങുമ്പോൾ തന്നെ സിഗ്നൽ മാറി ചുവപ്പാകുമെന്നും അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തി.
ബസുകളുടെ ടൈംടേബിൾ: യോഗം വൈകുന്നതിൽ അതൃപ്തി
കൊച്ചി∙ നഗര നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സർവീസ് ഇടവേള കൂട്ടി ടൈംടേബിൾ പുതുക്കാനുള്ള ആർടിഎ യോഗം വൈകുന്നതിൽ ഹൈക്കോടതി വിമർശനം.
സെപ്റ്റംബർ 29നു തീരുമാനിച്ചിട്ടുള്ള യോഗം 10നു ചേരണമെന്നു കോടതി നിർദേശിച്ചു. സമാന റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ തമ്മിൽ നഗരപ്രദേശങ്ങളിൽ 5 മിനിറ്റും ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ഇടവേള വേണമെന്ന ശുപാർശ പരിഗണനയിലാണെന്നു സർക്കാർ അറിയിച്ചിരുന്നു.
തുടർന്ന്, രണ്ടാഴ്ചയ്ക്കുള്ളിൽ ആർടിഎ യോഗം ചേർന്നു തീരുമാനമെടുക്കണമെന്ന് ഓഗസ്റ്റ് 8നു കോടതി നിർദേശിച്ചു. എന്നാൽ ഓണ അവധി ആയതിനാൽ സെപ്റ്റംബർ 29 നാണു യോഗം ചേരുന്നതെന്നു സർക്കാർ അറിയിച്ചതാണു കോടതിയെ ചൊടിപ്പിച്ചത്.
സമയം നീട്ടിച്ചോദിക്കുക പോലും ചെയ്യാതെ ഇത്രയും വൈകുന്നതു ഉത്തരവിന്റെ ലംഘനവും മനഃപൂർവമുള്ള കോടതി അലക്ഷ്യവുമാണെന്നു കോടതി പറഞ്ഞു. മത്സരയോട്ടത്തിനു പരിഹാരം കാണാൻ, നഗരത്തിലെ കുറച്ചു സ്വകാര്യബസ് പെർമിറ്റ് ഉടമകളെ വിളിച്ചുകൂട്ടി ടൈംടേബിൾ പുതുക്കുന്ന കാര്യം ചർച്ച ചെയ്യാൻ പോലും കഴിയാത്തതു കഷ്ടമാണെന്നു കോടതി പറഞ്ഞു.
എത്രയും വേഗം യോഗം വിളിക്കണം. യോഗം ചേർന്നില്ലെങ്കിൽ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും പറഞ്ഞു. ബസ് പെർമിറ്റ് ഉടമകൾക്കു ഡ്രൈവറുടെ നടപടികളിൽ ഉത്തരവാദിത്തമുണ്ടെന്നും ചട്ടവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ നോട്ടിസ് നൽകി നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് അധികൃതർക്ക് അധികാരമുണ്ടെന്നും കേരള മോട്ടർ വാഹന ചട്ടത്തിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]