
വൈറ്റില ∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പാഴ്സൽ വാൻ ഡ്രൈവറുടെ ഇടിവള ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പാഴ്സൽ വാൻ ഡ്രൈവർ പാലക്കാട് സ്വദേശി ജിഹാസ് ഉമ്മറാണ്(28) കെഎസ്ആർടിസി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി റിന്റോ എം.രാജിനെ(26) ആക്രമിച്ചത്.
ബസിലെ ടിവിയും വയറുകളും നശിപ്പിച്ച ജിഹാസ് യാത്രക്കാരുടെ നേരെയും തിരിഞ്ഞു.
പത്തനംതിട്ടയിൽ നിന്ന് ഉച്ചയോടെ വൈറ്റില ഹബ്ബിലേക്കു വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വൈറ്റില ജംക്ഷനിലെ സിഗ്നലിൽ കിടക്കുമ്പോഴായിരുന്നു ആക്രമണം. ഡ്രൈവർക്കു കയറാനുള്ള വാതിൽ തള്ളിത്തുറന്ന് ചാടിക്കയറിയ ജിഹാസ് ബസിന്റെ താക്കോൽ ഊരിയെടുത്തു.
റിന്റോയുടെ കഴുത്തിന് കുത്തിപ്പിടിച്ചു.
സീറ്റിൽ നിന്നു തള്ളിത്താഴെയിട്ട് തന്റെ കയ്യിലണിഞ്ഞിരുന്ന ഇടിവളയൂരി തലങ്ങും വിലങ്ങും ഇടിച്ചു. തലയിടിച്ചാണു റിന്റോ വീണത്.
മുഖത്തും മുതുകിലും ഇടിയേറ്റു. യാത്രക്കാരും കണ്ടക്ടറും എത്തിയതോടെ ഒരു വിധത്തിലാണ് രക്ഷപ്പെടാനായത്.
ഇതിനിടെ ജിഹാസ് ബസിലെ ടിവിയും വയറുകളും നശിപ്പിച്ചു. യാത്രക്കാരും കണ്ടക്ടറും ജിഹാസിനെ പ്രതിരോധിക്കാനെത്തി.
ഇതോടെ ഇവർക്കു നേരെയായി ഇടിവള പ്രയോഗം.
യാത്രക്കാർ സംഘടിച്ചതോടെ കടന്നുകളയാനായി ശ്രമം. യാത്രക്കാരും കണ്ടക്ടറും തടഞ്ഞുവച്ചു.
ജംക്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസെത്തി കസ്റ്റഡിയിലെടുത്തു. റിന്റോയെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.
ജിഹാസ് ഓടിച്ച വാനിനു സൈഡ് നൽകിയില്ലെന്നും പിന്നീട് ബസിന്റെ വശമിടിച്ച് വാനിന്റെ മിറർ തകർന്നെന്നും പറഞ്ഞായിരുന്നു ആക്രമണം.
ടിവി നശിപ്പിച്ചതിന്റെ 20,000 രൂപയും ട്രിപ്പ് മുടക്കിയതിന്റെ 30,000 രൂപയുമടക്കം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]