
കുറുപ്പംപടി ∙ കീഴില്ലം–കുറിച്ചിലക്കോട് റോഡിൽ രായമംഗലം കൂട്ടുമഠം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു തകർന്ന കലുങ്ക് പുനർനിർമാണം പൂർത്തിയായെങ്കിലും റോഡ് ഓണത്തിന് മുൻപ് തുറന്നു കൊടുക്കില്ല. കോൺക്രീറ്റ് സ്ലാബുകൾ ബലപ്പെടുത്തുന്നതിനു മൂന്നാഴ്ചയെങ്കിലും വേണ്ടി വരുമെന്നതിനാലാണിത്.
കലുങ്കിൽ ചെറിയ കുഴി രൂപപ്പെട്ടപ്പോൾ തന്നെ പിഡബ്ല്യുഡി നിരത്ത് വിഭാഗം എൻജിനീയർമാരെ കൊണ്ട് എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയറെ നേരിൽ കണ്ടതിനെ തുടർന്നാണ് വളരെ പെട്ടെന്ന് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
മൂന്നാഴ്ചക്കുള്ളിൽ ഗതാഗതത്തിനായി പൂർണമായും തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതെ സമയം കലുങ്ക് നിർമാണം വേഗത്തിൽ പൂർത്തിയാകാൻ കാരണം എൽഡിഎഫ് നടത്തിയ സമരങ്ങളാണെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. എൽഡിഎഫ് രായമംഗലം പഞ്ചായത്ത് കമ്മിറ്റി ജനകീയ പ്രതിഷേധ മാർച്ച് നടത്തുകയും നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. പിഡബ്ല്യുഡി നിരത്ത് വിഭാഗം എൻജിനീയർമാരെ കണ്ട് എസ്റ്റിമേറ്റ് തയാറാക്കിക്കുകയും തുടർന്ന് പെരുമ്പാവൂർ റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽ കണ്ടതിനാലുമാണു വളരെ പെട്ടെന്ന് പണികൾ ആരംഭിക്കാനും വേഗത്തിൽ പൂർത്തിയാക്കാനും കഴിഞ്ഞതെന്നും ഭാരവാഹികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]