
കിഴക്കമ്പലം∙ ഗതാഗതക്കുരുക്കിന് പരിഹാരം ഇല്ലാതെ പള്ളിക്കര ഞെരുങ്ങുന്നു. രാവിലെയും വൈകിട്ടുമാണ് പ്രധാനമായും പള്ളിക്കര ജംക്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് ബസുകളും ഒട്ടേറെ വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. റോഡിന്റെ വീതിയില്ലായ്മയും അനധികൃത പാർക്കിങും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
പല ഭാഗത്തും അനധികൃത പാർക്കിങ് വ്യാപകമാണ്.
ചെറുതും വലുതുമായ വാഹനങ്ങൾ റോഡരികിൽ രാവിലെ പാർക്ക് ചെയ്താൽ വൈകിട്ടാണ് എടുക്കുന്നത്. ഇത് മാർക്കറ്റ് ഗ്രൗണ്ടിലേക്ക് മാറ്റി പാർക്ക് ചെയ്യുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് ചെറിയ പരിഹാരമാകും.
കൂടാതെ പള്ളിക്കര ജംക്ഷനിൽ കയ്യേറ്റവും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമേ സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ റോഡിലേക്ക് ഇറക്കി നിർമിച്ചതായാണ് ആക്ഷേപം.പള്ളിക്കരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പള്ളിക്കര ബൈപാസ് റോഡ് നിർമിക്കണം.
ബൈപാസ് വരുന്നതോടെ കിഴക്കമ്പലത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് വൺവേ സൗകര്യം ഒരുക്കാൻ സാധിക്കും.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇത്തരം നിർദേശം മുന്നോട്ട് വച്ചിരുന്നെങ്കിലും പിന്നീട് അത് നടപ്പിലായില്ല. പള്ളിക്കരയിലെ യാത്ര ക്ലേശം പരിഹരിക്കാൻ കാക്കനാട് വരെയുളള സിറ്റി സർവീസുകളിൽ ചിലത് പള്ളിക്കര വരെ നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
നിലവിൽ കാക്കനാട് എത്തുന്ന ബസുകൾക്ക് കൂടുതൽ വെയ്റ്റിങ് സമയം ഉണ്ട്. ഇത് ഇൻഫോപാർക്കിലേക്ക് എത്തുന്നവർക്ക് സഹായകമാകും കൂടാതെ പള്ളിക്കര അമ്യൂസ്മെന്റ് പാർക്ക് , കടമ്പ്രയാർ ടൂറിസം കേന്ദ്രം എന്നിവയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]