
കളമശേരി ∙ യുവാവിനെ രാത്രിയിൽ വീട്ടിൽ നിന്നു വിളിച്ചിറക്കി മൂന്നംഗ സംഘം കുത്തിക്കൊന്നു. ഞാറയ്ക്കൽ അപ്പങ്ങാട്ട് സ്വദേശിയും ഇപ്പോൾ കളമശേരി സുന്ദരഗിരി–ചേലക്കാട്ട് റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദിന്റെ മകനുമായ വിവേകിനെയാണു (25) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 11.30നാണു സംഭവം.
ബഹളം കേട്ട് പുറത്തിറങ്ങിയ പിതാവിനോടു തനിക്കു കുത്തേറ്റുവെന്നു പറഞ്ഞു വിവേക് കുഴഞ്ഞുവീഴുകയായിരുന്നു. പിതാവും മറ്റുള്ളവരും ചേർന്ന് വിവേകിനെ ഉടൻ തന്നെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു.
വിവേകിന്റെ വലതുനെഞ്ചിനു താഴെയാണു കുത്തേറ്റത്. കരളിനു മുറിവു പറ്റിയിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. വിവേകിന്റെ മാതാവ് : ഉഷ.
ഭാര്യ: സ്നേഹ. മകൾ: അൻവി.
വട്ടേക്കുന്നം മനോളിപ്പറമ്പ് വീട്ടിൽ സനോജ് (39) ആണ് വിവേകിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു.
തിരുവില്വാമല തലപ്പിള്ളി ശശി നിവാസിൽ പ്രസാദ് (28), ഗ്ലാസ് ഫാക്ടറി നഗർ ആറുകണ്ടത്തിൽ വീട്ടിൽ ജോയൽ ബെന്നി (24) എന്നിവരും സനോജിനൊപ്പം ഉണ്ടായിരുന്നു. ജോയലാണു വിവേകിനെ വീട്ടിൽ നിന്നു വിളിച്ചിറക്കിയത്.
സനോജും പ്രസാദും പുറത്ത് മറഞ്ഞിരിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇവർ എത്തിയത്.
വിവേകിനെ കുത്തിയ ശേഷം സനോജും പ്രസാദും ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞു. ജോയൽ ഓടിപ്പോയി.
പൊലീസ് തിരച്ചിലിൽ പുലർച്ചെ 4.15ന് വൈറ്റില ഹബ്ബിൽ നിന്ന് സനോജിനെയും പ്രസാദിനെയും പിടികൂടി. ജോയലിനെ ഗ്ലാസ് ഫാക്ടറി നഗറിൽ നിന്നുമാണു പിടികൂടിയത്.
മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പിതാവ് പൊലീസിനു മൊഴി നൽകി.
അതേ സമയം ഒരുമിച്ചു മദ്യപിച്ചതിന്റെ ഓഹരി സനോജ് ചോദിച്ചതിൽ പ്രകോപിതനായ വിവേക്, സനോജിനെയും പ്രസാദിനെയും മർദിച്ചിരുന്നുവെന്നും ഇതിൽ വൈരാഗ്യം തോന്നിയ സനോജും പ്രസാദും വീണ്ടും മദ്യപിച്ച ശേഷം ജോയലിനെയും കൂട്ടി വിവേകിനെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.പ്രതികളും കൊല്ലപ്പെട്ട വിവേകുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു. പെയിന്റിങ്, ടാറ്റൂ ജോലികൾ ചെയ്യുന്ന ആളായിരുന്നു മരിച്ച വിവേക്.
സനോജും പ്രസാദും ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്.
മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയത് പൊലീസിന്റെ ജാഗ്രത
കളമശേരി ∙ സുന്ദരഗിരിയിൽ രാത്രി 11.30ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ 3 പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായപ്പോഴും നാട്ടുകാർ കൊലപാതകം അറിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട
വിവേകിനും കുടുംബത്തിനും നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു.സംഭവം അറിഞ്ഞയുടൻ പൊലീസ് സമീപ പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തി. നഗരത്തിൽ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോളിങ് ഉദ്യോഗസ്ഥർ സിറ്റിയിലെ എല്ലാ മേഖലയിലും അന്വേഷണം ഊർജിതമാക്കി.
തുടർന്ന്, ഓട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിച്ച 2 പ്രതികളെ പൊലീസ് വൈറ്റിലയിൽ നിന്നു പിടികൂടി; മറ്റൊരാളെ ഗ്ലാസ് ഫാക്ടറി നഗറിൽ നിന്നും. കൊലപാതകം നടന്ന വിവേകിന്റെ വീടിന്റെ പരിസരം ഡിസിപി അശ്വതി ജിജി സന്ദർശിച്ചു. കൂടുതൽ അന്വേഷണത്തിനു ഇൻസ്പെക്ടർ ടി.ദിലീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]