
കൊച്ചി ∙ ‘മൊയ്തീനേ… ആ ചെറിയ സ്പാനർ ഇങ്ങു എടുത്തേ… ഇപ്പ ശര്യാക്കിത്തരാം’… വെള്ളാനകളുടെ നാട് എന്ന സിനിമയിൽ റോഡ് റോളർ ശരിയാക്കാനെത്തുന്ന നടൻ പപ്പു പറയുന്ന ഡയലോഗ് കേട്ട് ചിരിക്കാത്തവർ ആരുണ്ട്? മാലിന്യ നീക്കത്തിനുള്ള കോർപറേഷന്റെ റെഫ്യൂസ് കോംപാക്റ്ററുകളുടെ അവസ്ഥയും ഇതുപോലെ എന്നും ‘കട്ടപ്പുറത്തു’ തന്നെ. മാലിന്യ നീക്കത്തിനായി കോർപറേഷൻ 2014ൽ വാങ്ങിയ 13 റെഫ്യൂസ് കോംപാക്റ്ററുകളിൽ പലതും അറ്റകുറ്റപ്പണിക്കായി ഇപ്പോൾ വർക്ഷോപ്പിൽ കയറ്റിയിരിക്കുകയാണ്. എന്നാൽ അറ്റകുറ്റപ്പണി കഴിഞ്ഞ് ഇവ പുറത്തിറക്കാൻ ഏറെ കാലതാമസമെടുക്കുന്നു.
അറ്റകുറ്റപ്പണി വൈകുന്നതിനാൽ കോർപറേഷൻ ഹൈക്കോടതിയുടെ വിമർശനം കേൾക്കുന്നു.
കോംപാക്റ്ററുകൾ അറ്റകുറ്റപ്പണി നടത്തുന്ന വർക്ഷോപ്പുകൾ ജില്ലയിൽ കുറവാണ്. അംഗീകൃത സർവീസ് സെന്ററിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ മുഴുവൻ തുകയും മുൻകൂറായി നൽകണം.
ചെറിയ വർക്ഷോപ്പുകളിൽ എല്ലാ വാഹനങ്ങളും ഒരുമിച്ചു പണിക്കു കയറ്റാൻ കഴിയില്ല.മാലിന്യനീക്കത്തിനുള്ള വാഹനമായതിനാൽ ആഴ്ചയിലൊരിക്കലെങ്കിലും വാട്ടർ സർവീസ് ചെയ്യണം. ഇതു ചെയ്യാത്തതിനാൽ പ്ലാറ്റ്ഫോം ദ്രവിച്ചു ദ്വാരങ്ങൾ വീഴുന്നു.
ഇതിനു പുറമേ ഹൈഡ്രോളിക് സംവിധാനം തകരാറിലാകുകയും ചെയ്യുന്നു. വാഹനം ഇടയ്ക്കു നിന്നു പോയാൽ പിന്നീട് അറ്റകുറ്റപ്പണി നടത്താൻ കടമ്പകൾ ഏറെ.
എസ്റ്റിമേറ്റ് തയാറാക്കണം, ഭരണാനുമതി തേടണം, ക്വട്ടേഷൻ വിളിക്കണം, അത് അംഗീകരിക്കണം, വർക്ക് ഓർഡർ നൽകണം, അതിനു ശേഷം വാഹനം അറ്റകുറ്റപ്പണിക്കായി വർക്ഷോപ്പിൽ എത്തിക്കണം; അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാകും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോൾ അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതിനാൽ മോട്ടർ വാഹന വകുപ്പിന്റെ പിഴയും ഇടയ്ക്കിടെ കിട്ടുന്നു.അറ്റകുറ്റപ്പണി കഴിഞ്ഞാലും കൃത്യമായി പേയ്മെന്റ് കിട്ടാത്തതിനാൽ വർക്ഷോപ്പുകൾ വാഹനം വിട്ടുനൽകില്ല. അതു വരെ ആരോഗ്യ വിഭാഗം മാലിന്യ നീക്കത്തിന് ലോറികൾ വാടകയ്ക്ക് എടുക്കണം.
പ്രതിമാസം ഇതിന് ഏകദേശം 35 ലക്ഷം രൂപ ചെലവു വരും. ചിലർക്ക് ഇതൊരു ചാകരയാണ്.
എന്നാൽ സ്വന്തമായി വാഹനമുള്ളപ്പോൾ അതു നന്നാക്കാതെ വൻതുകയ്ക്കു വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനെതിരെ ഓഡിറ്റ് വിഭാഗം കോർപറേഷനു മുന്നറിയിപ്പു നൽകിയതാണ്.ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി റെഫ്യൂസ് കോംപ്കാറ്ററുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും (ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ്) ഉൾപ്പെടുത്തി 3 വർഷത്തേക്കു കരാർ നൽകി 10 വാഹനങ്ങളെങ്കിലും നിരത്തിലിറക്കാനാണു കോർപറേഷന്റെ നീക്കം.
അറ്റകുറ്റപ്പണി, ടയർ, സ്പെയർ പാർട്സ്, ഡ്രൈവർ, ഇന്ധനം, പ്രതിവാര സർവീസിങ്, ഹൈഡ്രോളിക് സംവിധാനത്തിന്റെ പരിശോധന, ഫിറ്റ്നസ് പരിശോധന എന്നിവ ഉൾപ്പെടുത്തി കരാർ നൽകുന്നതു നാളെ ചേരുന്ന കൗൺസിൽ യോഗം പരിഗണിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]