
കൂത്താട്ടുകുളം∙ മീഡിയ കവല– മംഗലത്തുതാഴം റോഡിലെ ദുരിത യാത്രയ്ക്കു പരിഹാരമില്ല. റോഡിന്റെ വിവിധയിടങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികൾ അപകടത്തിനു കാരണമാകുന്നു. കഴിഞ്ഞ ദിവസം 4 വാഹനങ്ങളുടെ ടയറുകൾ കുഴിയിൽ വീണ് പങ്ചറായി. ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങളുണ്ടായി.
വളവുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴി ഇരുചക്ര വാഹനങ്ങൾക്ക് കൂടുതൽ ഭീഷണിയാണ്. മാരുതി കവലയിൽ വളവിൽ പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ റോഡ് തകർന്ന ഭാഗം ഒഴിവാക്കാൻ വലതുവശം ചേർന്ന് പോകുന്നത് അപകടത്തിനു കാരണമാകുന്നു.
കൂത്താട്ടുകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വേഗത്തിൽ എത്തിയാൽ കൂട്ടിയിടി ഉറപ്പാണ്. ഒന്നേകാൽ കോടി രൂപ ചെലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. 2023 ഏപ്രിലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ റോഡ് 9–ാം ദിവസം വിവിധയിടങ്ങളിൽ ഇടിഞ്ഞു താഴ്ന്നത് വിവാദമായിരുന്നു.
ഒന്നര വർഷത്തിനിടെ ഒട്ടേറെ തവണ റോഡ് തകരുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ബോബൻ വർഗീസ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. പതിവായി റോഡ് തകരുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്.
തകർന്ന ഭാഗം ടൈൽ വിരിക്കാനാണ് നിർദേശമെന്നും ഇതിനുള്ള തുക അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]