
കൂത്താട്ടുകുളം∙ തിരുമാറാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ താക്കീത്.
മേൽക്കൂരയിലെ ഇളകിയ ഷീറ്റുകൾ എത്രയും വേഗം മാറ്റിയില്ലെങ്കിൽ എച്ച്എം ഒന്നാം പ്രതിയാകുമെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത പിടിഎ പിരിച്ചു വിടുമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ, എഇഒ, ഡിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും.
കുട്ടികളുടെ സുരക്ഷയാണ് വലുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു വി. ശിവൻകുട്ടി.
വേദിയിലിരിക്കെ ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ഇളകുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി ക്ഷുഭിതനായത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട
സംഭവവും മന്ത്രി പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഒരു കുട്ടി മരിച്ചതിനു ശേഷം പണം നൽകിയതു കൊണ്ടു കാര്യമില്ല.
കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല, മന്ത്രി നിർദേശം നൽകി.
ശക്തമായ കാറ്റിലും മഴയിലും സ്കൂളിന്റെ മേൽക്കൂര തകർന്നത് രേഖാമൂലം അധികൃതരെ അറിയിച്ചതാണെന്നും ഭീഷണി ഉയർത്തിയ വസ്തുക്കൾ അധ്യാപകർ സ്വന്തം ചെലവിൽ പൊളിച്ചു നീക്കിയെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു. അറ്റകുറ്റപ്പണി നടത്തുന്നതിന് അടിയന്തരമായി തയാറാക്കിയ എസ്റ്റിമേറ്റ് 20 ലക്ഷം രൂപയാണ്.
10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു. ബാക്കി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും പിടിഎയും മന്ത്രി, എംഎൽഎ, ജില്ലാ പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]