അങ്കമാലി ∙ എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) ത്രിഎ വിജ്ഞാപന നടപടികൾ യഥാസമയം പൂർത്തിയാകുമോയെന്ന് ആശങ്ക. ത്രിഎ വിജ്ഞാപനത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത മാസം 29നകം ത്രിഡി വിജ്ഞാപനം ഇറക്കാൻ കഴിയൂ. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കീഴിലുള്ള ഭൂമിരാശി പോർട്ടലിലേക്ക് 18 വില്ലേജുകളിലെയും ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകളിലെ ഡ്രോയിങ് സഹിതം 20നകം അപ്ലോഡ് ചെയ്യണം.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ചുമതലയുള്ള നോർത്ത് പറവൂരിലെ സ്പെഷൽ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്.
നിലവിലെ സാഹചര്യത്തിൽ 18 വില്ലേജുകളിലെയും സർവേ നമ്പറുകളിലെ ഡ്രോയിങ്ങും മറ്റു വിവരങ്ങളും അപ്ലോഡ് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 6 വില്ലേജുകളുടെ നടപടികൾ മാത്രമേ പൂർത്തിയാകൂയെന്നാണ് അറിയുന്നത്. 20നകം എല്ലാ വില്ലേജുകളുടെയും വിവരങ്ങൾ അപ്ലോഡ് ചെയ്താലേ ഓഗസ്റ്റ് 29നകം എല്ലാ വില്ലേജുകൾക്കുമായി ത്രിഡി വിജ്ഞാപനം ഇറക്കാൻ കഴിയൂ.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് ത്രിഡി വിജ്ഞാപനം ഇറക്കുന്നത്. 18 വില്ലേജുകളിൽ മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, അറയ്ക്കപ്പടി തുടങ്ങിയ ഏതാനും വില്ലേജുകളുടെ വിവരങ്ങൾ ഭൂമിരാശി പോർട്ടലിൽ അപ്ലോഡ് ചെയ്തു.
നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്ത വില്ലേജുകളുടെ ത്രിഎ വിജ്ഞാപനം റദ്ദാകും. ഏതെങ്കിലും ഒരു വില്ലേജിനു ത്രിഡി വിജ്ഞാപനം ഇറങ്ങിയാൽ ആ വിജ്ഞാപനം 18 വില്ലേജുകൾക്കും ബാധകമായേക്കുമെന്നാണ് ഭൂവുടമകളുടെ നിഗമനം.
അങ്ങനെയല്ലെങ്കിൽ മറ്റു വില്ലേജുകൾക്കായി വീണ്ടും ത്രിഎ വിജ്ഞാപനം വേണ്ടിവരും.ആ വില്ലേജുകളുടെ ത്രിഎ വിജ്ഞാപന നടപടികൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കി ത്രിഡി വിജ്ഞാപനം ഇറക്കേണ്ടിയും വരും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
അവലോകന യോഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വേണ്ടത്ര ഉദ്യോഗസ്ഥർ ഇപ്പോഴുമില്ല.
ബൈപാസ് സംബന്ധിച്ച അവലോകനയോഗം ചേർന്നതു തന്നെ ഏറെ വൈകിയാണ്.ത്രിഡി വിജ്ഞാപനം യഥാസമയം ഇറങ്ങാതിരുന്നാൽ ഭൂമിയുടെ വിലയുടെ പലിശ ഭൂവുടമകൾക്കു ലഭിക്കില്ല.നടപടിക്രമങ്ങൾ യഥാസമയം മുന്നോട്ടുപോയില്ലെങ്കിൽ ബൈപാസ് നിർമാണം വൈകും.
ദേശീയപാത അധികൃതരും സംസ്ഥാന സർക്കാരും ഭൂവുടമകളുടെ പ്രശ്നങ്ങൾക്കു നേരെ മുഖം തിരിക്കുകയാണെങ്കിൽ ഓരോ പ്രശ്നങ്ങളിലും കോടതിക്കു തീർപ്പുണ്ടാക്കേണ്ടി വരും. ഭൂവുടമകളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടതിയിൽ ഇപ്പോൾ കേസ് നടക്കുന്നുണ്ട്. ഈ കേസിൽ തീർപ്പായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]