ആലുവ∙ സംസ്ഥാന പാതയായ ഇടപ്പള്ളി–പൂക്കാട്ടുപടി റോഡ് നന്നാക്കാത്തതിനെ ചൊല്ലി എടത്തലയിൽ ഫ്ലെക്സ് യുദ്ധം. റോഡ് ഏറ്റവും തകർന്നു കിടക്കുന്ന കുഴിവേലിപ്പടി മാവിൻചോട് ഭാഗത്താണ് പിഡബ്ല്യുഡി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോൺഗ്രസും അൻവർ സാദത്ത് എംഎൽഎക്കെതിരെ ഡിവൈഎഫ്ഐയും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
രൂക്ഷ വിമർശനവുമായി എസ്ഡിപിഐയും ഇവിടെ ബോർഡ് വച്ചു.
ഉണിച്ചിറ, പൈപ്പ് ലൈൻ, തൃക്കാക്കര, മുണ്ടംപാലം, കങ്ങരപ്പടി, തേവയ്ക്കൽ, കുഴിവേലിപ്പടി, മാളിയേക്കപ്പടി, പൂക്കാട്ടുപടി എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്. മന്ത്രിയോടു പലവട്ടം ആവശ്യപ്പെട്ടിട്ടും റോഡിനു ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് എംഎൽഎയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കുഴിവേലിപ്പടിയിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
തൊട്ടു പിന്നാലെ ‘കേരളം മുന്നോട്ട്, ആലുവ പിന്നോട്ട്’ എന്ന ഡിവൈഎഫ്ഐയുടെ ഫ്ലെക്സ് ഉയർന്നു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നു ഗവ. മെഡിക്കൽ കോളജിലേക്കും കൊച്ചിയിലേക്കുമുള്ള പ്രധാന റോഡാണ് ഏറെക്കാലമായി തകർന്നു കിടക്കുന്നത്.
പരാതി രൂക്ഷമായപ്പോൾ ഒരു രാത്രി ഉദ്യോഗസ്ഥരും കരാറുകാരനും എത്തി ഏതാനും കുഴികൾ അടച്ചു. ബാക്കി അതേപടി കിടക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ആദ്യം അടച്ച കുഴികളിലെ ‘റെഡിമിക്സ്’ ഒലിച്ചുപോയി. അവിടെ വീണ്ടും കുഴികൾ രൂപപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]