
പുത്തൻപള്ളി തോടിനെ കൊല്ലാൻ തരില്ല; ഇപ്പോൾ 23 മീറ്റർ വീതിയുള്ള തോട് പാലം നിർമിക്കുന്നതോടെ 9 മീറ്ററായി ചുരുങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരാപ്പുഴ ∙ പുത്തൻപള്ളി തോടിനു കുറുകെ പാലം നിർമിക്കുന്നതിന്റെ ഭാഗമായി പുഴയിൽ ഒഴുക്കു തടസ്സപ്പെടുത്തുന്ന തരത്തിൽ കോൺക്രീറ്റ് ക്രോസ് ബെൽറ്റ് നിർമിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു വരാപ്പുഴ പഞ്ചായത്ത് നോട്ടിസ് നൽകി.ദേശീയപാത വികസനത്തിന്റെ ഭാഗമായാണു പെരിയാറിന്റെ കൈവഴിയായ പുത്തൻപള്ളി-ചെട്ടിഭാഗം-വരാപ്പുഴ തോടിന്റെ കുറുകെ പാലം നിർമിക്കുന്നത്. എന്നാൽ തോടിന്റെ വീതിയും ആഴവും ഒഴുക്കും ഇല്ലാതാകുന്ന തരത്തിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നു കാണിച്ചാണു പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടുള്ളത്.
പഞ്ചായത്ത് രേഖ പ്രകാരം 23 മീറ്റർ വീതിയാണു തോടിനുള്ളത്. എന്നാൽ പാലം നിർമിക്കുന്നതോടെ തോടിന്റെ വീതി ഒൻപതു മീറ്റർ മാത്രമായി ചുരുങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് പറഞ്ഞു.നിലവിൽ പാലത്തിന്റെ തൂണുകൾ നിർമിക്കാൻ അഞ്ചു മീറ്റർ വീതം വീതിയുള്ള രണ്ടു പൈൽ ക്യാപ് പുഴയിലേക്കു ഇറക്കിയാണു നിർമിച്ചിരിക്കുന്നത്. ഇൗ പൈൽ ക്യാപുകൾ ബന്ധിപ്പിച്ചു പുഴയ്ക്കു കുറുകെ പത്തു ബീമുകളുടെ ക്രോസ് ബെൽറ്റ് നിർമിക്കാനാണു ദേശീയപാതയുടെ പ്ലാൻ. ഇതിൽ ആദ്യത്തേതു കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്തു.
ഇത്തരത്തിൽ പുഴയ്ക്കു കുറുകെ ബീമുകൾ നിർമിച്ചാൽ ഒഴുക്ക് തടസ്സപ്പെടുമെന്നു മാത്രമല്ല, വേലിയിറക്കത്തിൽ വഞ്ചികൾ പോലും കടന്നു പോകാനും കഴിയാത്ത അവസ്ഥ വരുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. മാത്രമല്ല എക്കലും മാലിന്യവും നിറഞ്ഞു പുഴയുടെ ആഴവും ഇല്ലാതാകും. പുഴയുടെ സ്വാഭാവിക ആഴവും ഒഴുക്കും നിലനിർത്തുന്ന തരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നാണു പഞ്ചായത്തിന്റെ ആവശ്യം. നിർമാണം നടത്തുന്ന സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.
കയ്യേറ്റം വ്യാപകമെന്നു പരാതി
വരാപ്പുഴ തോടിൽ വ്യാപകമായി കയ്യേറ്റം നടക്കുന്നതായി പരാതി. പെരിയാറിൽ നിന്നുള്ള പ്രധാന തോടായ വരാപ്പുഴ–ചെട്ടിഭാഗം–പുത്തൻപള്ളി തോടിന്റെ ഇരുവശങ്ങളിലും അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ കയ്യേറ്റം നടന്നിട്ടുണ്ട്. എന്നാൽ ഇതു ഒഴിപ്പിക്കാൻ പഞ്ചായത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്തു നിന്നു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തികൾ നിർമിക്കാനും എക്കൽ നീക്കി തോടിന്റെ സ്വാഭാവിക ഒഴുക്കു നിലനിർത്താനും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.