
ചിലവന്നൂർ ബണ്ട് റോഡ് പാലം നവംബറിൽ; വശങ്ങളിൽ വ്യൂവിങ് ഗ്യാലറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ചിലവന്നൂർ ബണ്ട് റോഡ് പാലം പണി നവംബറിൽ പൂർത്തിയാവും. കുമ്പളം, തേവര, ഇൻഫോപാർക്ക് വാട്ടർ മെട്രോ റൂട്ടുകളെ എളംകുളം മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസും ഇതോടെ സാധ്യമാകും.38.78 കോടി രൂപ ചെലവിൽ ചിലവന്നൂർ – തൈക്കൂടം കരകളെ ബന്ധിപ്പിച്ചു ബണ്ട് റോഡിൽ ചിലവന്നൂർ ചാലിനു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ 36 പൈലുകൾ പൂർത്തിയായി. 6 പൈൽ ക്യാപ്പുകളിൽ 5 എണ്ണം പൂർത്തിയായി.16 ഗർഡറുകളിൽ 3 കഴിഞ്ഞു. ബാക്കിയുള്ളവയുടെ നിർമാണം വേഗത്തിൽ നടന്നുവരുന്നു. ഗർഡറുകൾ പൂർത്തിയായാൽ നിലവിലുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയും. 90 മീറ്റർ നീളമുള്ള ഇൗ ഭാഗം സ്റ്റീൽ സ്ട്രക്ചറാണ്.
പുറത്തു കാസ്റ്റ് ചെയ്തുകൊണ്ടുവരുന്ന ആർച്ചുകൾ പിടിപ്പിച്ച്, സ്റ്റീൽ തട്ടിൽ കോൺക്രീറ്റ് പ്രതലം ഉറപ്പിച്ചാണു നിർമാണം. പാലത്തിനു താഴെക്കൂടി ബോട്ട് കടന്നുപോകേണ്ടതിനാൽ മതിയായ ഉയരം പാലിക്കണം എന്നതിനാലാണു സ്റ്റീൽ സ്ട്രക്ചർ. കോൺക്രീറ്റിൽ ഇൗ ഭാഗം പൂർത്തിയാക്കുകയാണെങ്കിൽ പാലത്തിന് ഇനിയും ഉയരം കൂട്ടണം. അതിന്റെ തുടർച്ചയായി അപ്രോച്ച് ഭാഗത്തിനും ഉയരവും ചരിവും കൂടൂം.പാലത്തിന്റെ മധ്യ ഭാഗത്തു വാഹനങ്ങൾ സഞ്ചരിക്കുന്ന ട്രാക്കിനു പുറമേ ഇരുവശത്തും 3.5 മീറ്റർ വീതിയുള്ള വ്യൂവിങ് ഗ്യാലറിയുണ്ട്.പാലം പൂർത്തിയായാൽ റോഡിന് ഇരുവശത്തും നടപ്പാതകളും ബെഞ്ചുകളും നിർമിച്ച് തണൽമരങ്ങൾ വച്ചുപിടിപ്പിക്കും.
ആളുകൾക്കു ഉല്ലാസ കേന്ദ്രമായി പാലത്തിന്റെ സമീപ സ്ഥലങ്ങൾ മാറ്റും.തേവര, പനമ്പിള്ളി നഗർ ഭാഗത്തുനിന്നു വൈറ്റിലയിലേക്കും മരട്, നെട്ടൂർ, പനങ്ങാട് , തൃപ്പൂണിത്തുറ ഭാഗത്തേക്കും പോകാനുള്ള എളുപ്പവഴിയാണു ബണ്ട് റോഡ്. പാലം പണി മൂലം മാസങ്ങളായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബണ്ട് റോഡിന്റെ തൈക്കൂടം ഭാഗത്തെ വികസനവും ഇതിനൊപ്പം ഉണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പാലം പൂർത്തിയാക്കുന്നതിനൊപ്പം ചിലവന്നൂർ കായൽ ആഴം കൂട്ടി ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. പെഡൽ ബോട്ട് സർവീസ് , കിയോസ്കുകൾ എന്നിവ ഉണ്ടാവും.