മൂവാറ്റുപുഴ∙ ‘നിന്നിൽ വിശ്വസിക്കുക, കഠിനാധ്വാനം ചെയ്യുക, പരാജയങ്ങളിൽ തളരാതെ വീണ്ടുംവീണ്ടും പരിശീലിച്ച് മുന്നേറുക, ഒരു ദിവസം വിജയം നിങ്ങളെ തേടിയെത്തും’ ഇതായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ലോകം കണ്ട ഏറ്റവും വേഗമേറിയ മനുഷ്യരിലൊരാളായ കനേഡിയൻ അത്ലിറ്റ് ബെൻ ജോൺസൺ നൽകിയ വിജയ മന്ത്രം.
വീട്ടൂർ എബനേസർ സ്കൂളിലെ കായിക വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കരിയറിലെ ഉയർച്ചതാഴ്ചകൾ കണ്ട
ഇതിഹാസ താരം തന്റെ അനുഭവസമ്പത്ത് കൊച്ചു കായികതാരങ്ങൾക്കായി പങ്കുവച്ചപ്പോൾ അത് പുതിയൊരു തലമുറയ്ക്ക് ഊർജമായി മാറി.
വിജയത്തിന് കുറുക്കുവഴികൾ ഇല്ലെന്നും വർഷങ്ങളോളം നീണ്ട കഠിനമായ പരിശീലനമാണ് ഒരു മികച്ച അത്ലിറ്റിനെ സൃഷ്ടിക്കുന്നത്.
പരാജയങ്ങൾ തളർത്താനല്ല, മറിച്ച് കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ഊർജമായി കാണണം. ഭക്ഷണ രീതിയിലും വ്യായാമത്തിലും പുലർത്തിയ കൃത്യമായ അച്ചടക്കം ആണു തന്റെ കായിക ജീവിതത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വിദ്യാർഥികൾക്കു മുൻപിൽ സാക്ഷ്യപ്പെടുത്തി.
അമ്മ ഗ്ലോറിയയുമായി ഉണ്ടായിരുന്ന ആത്മബന്ധവും ദൈവ വിശ്വാസം കരുത്തായി ഒപ്പം ഉണ്ടായിരുന്നതുമെല്ലാം അദ്ദേഹം വികാരപരമായി അവതരിപ്പിച്ചു.
1988 സിയോൾ ഒളിംപിക്സിൽ 100 മീറ്ററിൽ സ്വർണം നേടിയെങ്കിലും ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് മെഡൽ നഷ്ടമായതിനു പിന്നിലെ കഥകളും ഇതിന്റെ ആഘാതത്തിൽ നിന്നു മോചിതനായതും അദ്ദേഹം വിദ്യാർഥികളോടും വിശദീകരിച്ചു. തന്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗതയ്ക്കും പിന്നിലെ യഥാർഥ പ്രചോദനം അമ്മയായ ഗ്ലോറിയ ആയിരുന്നുവെന്നാണ് ബെൻ ജോൺസൺ സദസ്സിനോട് പറഞ്ഞു.
എന്നാൽ ഉത്തേജക മരുന്നുകൾക്ക് നിങ്ങളുടെ കരിയർ മാത്രമല്ല, ജീവിതം മുഴുവനായും നശിപ്പിക്കാൻ കഴിയുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം വിദ്യാർഥികളുമായുള്ള സംവാദം അവസാനിപ്പിച്ചത്.
രാവിലെ ബെൻ ജോൺസൺ പരിശീലിപ്പിക്കുന്ന ഇലഞ്ഞി സ്വദേശിയുടെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം സ്കൂളിലെത്തിയത്. അത്ലിറ്റ്സ് വെൽഫെയർ അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഒരു മണിക്കൂറോളം കുട്ടികളുമായി സംവദിച്ചു.
ഒളിംപ്യൻ സിനി ജോസ്, അർജുന അവാർഡ് ജേതാക്കളായ ജോസഫ് ഏബ്രഹാം, കെ.എം. ബിനു എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
റോയി വർഗീസ്, സനിൽ പി. തോമസ്, പി.
അനിൽ കുമാർ, നാന ജോസ്, ഡോ. എലിസബത്ത് തുടങ്ങി കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മേജർ രവി, വീട്ടൂർ എബനേസർ സ്കൂൾ മാനേജർ ഷാജി ചൂണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

