
അങ്കമാലി ∙ റോഡിനായി വീടിന്റെ ഒരു മൂല പൊളിച്ചു നൽകി ബാക്കിയുള്ള ഭാഗത്ത് എന്തു വിശ്വസിച്ചു താമസിക്കും. ചതുരാകൃതിയിൽ കിടക്കുന്ന സ്ഥലത്തിന്റെ കാതലായ ഭാഗം നൽകി അതിന്റെ അവശിഷ്ടം വിൽക്കാൻ വച്ചാൽ അത് ആരു വാങ്ങും.
55 വർഷമൊക്കെ പഴക്കമുള്ള വീടുകൾ റോഡിനായി നൽകി ഒരു രൂപ പോലും ലഭിക്കാതെ തെരുവിലേക്കിറങ്ങുമ്പോൾ ആ കുടുംബങ്ങൾ മറ്റൊരിടത്ത് എങ്ങനെ വീടു നിർമിക്കും. എറണാകുളം ബൈപാസിനു (കുണ്ടന്നൂർ ബൈപാസ്) സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾ ഇത്തരം പ്രശ്നങ്ങൾക്കു നടുവിലാണ്.
എന്നാൽ ഭൂവുടമകളുടെ ഇത്തരം ആവശ്യങ്ങൾ അവഗണിക്കുകയാണ് ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും. ഭൂവുടമകൾ മുഖ്യമന്ത്രിക്കും മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള മന്ത്രിമാർക്കും നിവേദനങ്ങൾ നൽകി മടുത്തു.
അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ ചർച്ച ചെയ്യാനോ പോലും സർക്കാർ സമയം കണ്ടെത്തുന്നില്ല. വീടിന്റെയോ കെട്ടിടത്തിന്റെയോ ഭാഗികമായ ഏറ്റെടുക്കലിനു ശേഷം ബാക്കിയുള്ള കെട്ടിടഭാഗത്തിനു ബലക്ഷയമുണ്ടെന്ന് പിഡബ്ല്യുഡി എൻജിനീയർ പരിശോധിച്ച് ഉറപ്പു വരുത്തിയാൽ മാത്രമേ മുഴുവനായും ഏറ്റെടുക്കുകയുള്ളു എന്നാണ് സ്ഥലം ഏറ്റെടുക്കലിനു ചുമതലയുള്ള നോർത്ത് പറവൂർ സ്പെഷൽ ഡപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിൽ നിന്നു ഭൂവുടമകളെ അറിയിച്ചിട്ടുള്ളത്.
ബാക്കി വരുന്ന സ്ഥലവും ഉടമകൾ ആവശ്യപ്പെട്ടാൽ ബാക്കി വരുന്ന കെട്ടിടവും ഏറ്റെടുക്കണമെന്നാണു ഭൂവുടമകളുടെ ആവശ്യം.
2013 എൽഎആർആർ ആക്ട് പ്രകാരവും 2018ലെ ലാൻഡ് അക്വിസിഷൻ മാനുവൽ പ്രകാരവുമാണ് നഷ്ടപരിഹാരം നൽകുന്നത്. ദേശീയപാത അതോറിറ്റി ഇറക്കിയ 2018ലെ ലാൻഡ് അക്വിസിഷൻ മാനുവൽ ഷെഡ്യൂൾ ഒന്നിൽ ഭൂമിയുടെ വില നൽകുമ്പോൾ ഏറ്റവും ഉയർന്ന മൂല്യമെന്നല്ല മിനിമം വില നൽകിയാൽ മതിയെന്നാണ് നിർദേശിക്കുന്നത്.
ദേശീയപാത അതോറിറ്റിക്ക് മാത്രമാണ് കേന്ദ്രസർക്കാർ ഈ ഇളവ് നൽകിയിട്ടുള്ളത്. എറണാകുളം ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നത് സംസ്ഥാന സർക്കാരായതിനാൽ 2018ലെ ലാൻഡ് അക്വിസിഷൻ മാനുവൽ പരിഗണിക്കേണ്ടതില്ലെന്നാണ് ഭൂവുടമകൾ പറയുന്നത്.
2013 എൽഎആർആർ ആക്ട് പൂർണമായി പാലിച്ച് ഭൂമി ഏറ്റെടുത്താൽ ഭൂവുടമകൾക്കു മാർക്കറ്റ് വില ലഭിക്കും.
കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതു പ്രകാരം 2024 ഏപ്രിൽ ആറിന് സംസ്ഥാന സർക്കാർ കെട്ടിടങ്ങളുടെ കാലപ്പഴക്കത്തിന് നൽകുന്ന നഷ്ടപരിഹാരത്തെ സംബന്ധിച്ചു പുറത്തിറക്കിയ ഉത്തരവും കുണ്ടന്നൂർ ബൈപാസിനു സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് ഇരുട്ടടി നൽകിയിരിക്കുകയാണ്. ദേശീയപാത 66, 966 എന്നിവയ്ക്ക് സ്ഥലം ഏറ്റെടുത്തതിനു ശേഷമാണ് ഈ ഉത്തരവിറങ്ങിയത്.
ഇനി മുതൽ ദേശീയപാതകൾക്കു വേണ്ടി കെട്ടിടം ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കുറച്ചിട്ടുള്ള നഷ്ടപരിഹാരം നൽകിയാൽ മതിയെന്നാണ് ഉത്തരവ്.
കാഞ്ഞൂർ പഞ്ചായത്തിൽ 40 വർഷം പഴക്കമുള്ള 32 വീടുകളുണ്ട്. കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നൽകിയാൽ ആ പണം കൊണ്ട് അവർക്ക് പുതിയ വീട് നിർമിക്കാനാവില്ല.
55 വർഷം പഴക്കമുള്ള കെട്ടിടങ്ങൾക്കാകട്ടെ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കുകയുമില്ല. കാലപ്പഴക്കം കണക്കാക്കാതെ എറണാകുളം ബൈപാസിനു നഷ്ടപരിഹാരം നൽകണമെന്നാണു ഭൂവുടമകൾ ആവശ്യപ്പടുന്നത്.
ഇതിനായി കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ ഇളവ് അനുവദിക്കണം.
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന സമയത്ത് ഭൂമിയുടെ തരം ഏതാണോ അതിന് അനുസൃതമായാണ് ഇപ്പോൾ നഷ്ടപരിഹാരം അനുവദിക്കുന്നത്. രേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 എ വിജ്ഞാപനം വരുന്നതിനു മുൻപ് ആർഡിഒയുടെ തരം മാറ്റുന്നതിനുള്ള നടപടിക്രമം ഉത്തരവ് ഉണ്ടെങ്കിൽ മാത്രമാണ് സ്ഥലവില നിശ്ചയിക്കുമ്പോൾ പരിഗണിക്കുകയുള്ളു.
ഭൂമിയുടെ നിലവിലുള്ള അവസ്ഥ കണക്കാക്കി നഷ്ടപരിഹാരം തീരുമാനിക്കണമെന്ന് ഒരു കേസിൽ കോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭൂവുടമകൾ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസ പാക്കേജ് കാലാനുസൃതമായി വർധിപ്പിക്കണമെന്നും പുനരധിവാസ പാക്കേജിലെ പണം മുൻകൂറായി നൽകണമെന്നും ഭൂവുടമകൾ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]