
കെടുതിപെയ്ത്തിൽ നാട്; വ്യാപകമായി മരം വീണ് നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരട് ∙ കനത്ത മഴയിലും കാറ്റിലും മേഖലയിൽ വ്യാപകമായി മരങ്ങൾ വീണ് നാശനഷ്ടം. തലനാരിഴയ്ക്കാണ് പലയിടത്തും ദുരന്തം ഒഴിവായത്. നെട്ടൂർ മരാമത്ത് റോഡിൽ സീ ക്യു പബ്ലിക് സ്കൂളിന് സമീപത്തും അറക്കപ്പറമ്പ് മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലും തെങ്ങ് വീണു. വീട് തകർന്നു. കുണ്ടന്നൂർ അഞ്ചുതൈക്കൽ ബണ്ട് റോഡിൽ കായലിനോടു ചേർന്നുള്ള നടപ്പാതയിലെ കുറച്ചു ഭാഗത്ത് ടൈൽ ഇടിഞ്ഞ് മണ്ണ് ഒലിച്ചു പോയി കുഴിയായി.
കാറ്റിൽ ഇടിഞ്ഞു വീണപ്പോൾ.
കുമ്പളം കണ്ടോത്ത് സിജുവിന്റെ മതിൽ ഇടിഞ്ഞു. ദീപക് ജി. ശങ്കരമംഗലം, രമേശൻ ആശാരിപ്പറമ്പ്, ദിനേഴൻ തുണ്ടപ്പറമ്പിൽ, വള്ളുവശേരി ഇന്ദുകുമാർ, വേണു മുരിക്കിനംപിള്ളി, പള്ളിപ്പറമ്പിൽ അഗസ്റ്റിൻ എന്നിവരുടെ വീട്ടുവളപ്പിലെ മരങ്ങൾ വീണു.പലയിടത്തും ഗതാഗത തടസ്സമുണ്ടായി. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തോടുകളും കാനകളും നികത്തിയതോടെ കുമ്പളം 15,16,17,18 വാർഡുകളിലെ വെള്ളക്കെട്ട് തുടരുന്നു. മഴ കനത്തതോടെ വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. വിഷയത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ഇടപെടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പള്ളുരുത്തിയിൽ നാശനഷ്ടം
പള്ളുരുത്തി ∙ ശക്തമായ കാറ്റിലും മഴയിലും പള്ളുരുത്തിയിലെ വിവിധയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരുമ്പടപ്പ് കോണം കൊല്ലശേരി റോഡിലെ കിളിയാറ മേഴ്സി അഗസ്റ്റിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ ഇടിഞ്ഞു വീണു. ചെല്ലാനത്തു കാറ്റിലും മഴയിലും മരം വീണു വീടു ഭാഗികമായി തകർന്നു. പറയകാട്ടിൽ ജിൻസന്റെ വീടിന്റെ ഒരു ഭാഗമാണ് ഇന്നലെ പുലർച്ചെ തകർന്നത്. ചെല്ലാനം 12–ാം വാർഡിലെ വാൽമുതുക്ക് സ്വദേശിയായ നടുവിലപ്പറമ്പിൽ എൻ.കെ.സന്തോഷിന്റെ വീടിന്റെ മേൽക്കൂര ഇന്നലെ രാവിലെ കാറ്റിൽ പറന്നുപോയി. ആളപായമില്ല.
പുത്തൻചന്തയിൽ വീടുകൾ വെള്ളക്കെട്ടിലായി
അരൂർ ∙ പുത്തൻചന്തയിൽ പത്തോളം വീടുകൾ വെള്ളക്കെട്ടിൽ. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ താമസിക്കുന്ന യാഡിന്റെ സമീപത്തു പ്രധാന നീരൊഴുക്കുള്ള ദേശത്തോടിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണു വീടുകൾ വെള്ളക്കെട്ടിലാകാൻ കാരണം. സമീപത്തെ പുരയിടങ്ങൾ മുട്ടൊപ്പം വെള്ളത്തിലാണ്. ദേശീയപാത നിർമാണ കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്നയിടമാണ്.
ഇതിന്റെ ഭാഗമായി സമീപത്തുകൂടി പോകുന്ന ദേശത്തോട് നികത്തിയതാണു പ്രശ്നങ്ങൾക്കു കാരണമെന്നാണു നാട്ടുകാരുടെ പരാതി. തൊഴിലാളികൾ താമസിക്കുന്നിയിടങ്ങളിൽ നിന്നും ശുചിമുറി മാലിന്യമടക്കം വീടുകളിലേക്ക് ഒഴുകിയെത്തുന്നതായി സമീപവാസികൾ പറയുന്നു.വെള്ളക്കെട്ടു രൂക്ഷമായതോടെ സമീപ വീട്ടുകാർ ഉയരപ്പാത യാഡിലേക്കു പോകുന്ന വാഹനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു.
തുടർന്ന് പൊലീസ് എത്തി കരാറുകാരുമായി സംസാരിക്കുകയും വെള്ളം പമ്പ് ചെയ്തു നീക്കാമെന്നു കമ്പനി അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു,എന്നാൽ, ഇതു പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പിഞ്ചുകുട്ടികളടക്കം മുപ്പതോളം പേർ താമസിക്കുന്നയിടമാണിത്. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.