
കൊച്ചി പറക്കും, കനാൽ റോഡിലൂടെ; അനായാസമാകും നഗര യാത്രകൾ, 3716.10 കോടിയുടെ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തോടുകളായിരുന്നു പണ്ടു കൊച്ചിയുടെ റോഡുകൾ. വഞ്ചിയായിരുന്നു വാഹനം. ആളുകൾ പല സ്ഥലങ്ങളിലേക്കു വന്നതും സാധനങ്ങൾ വിൽപനയ്ക്കായി കൊണ്ടുവന്നതും വാങ്ങിക്കൊണ്ടുപോയതും തോടുകളിലൂടെയും കായലിലൂടെയുമായിരുന്നു. ഇന്ന് എല്ലാ വീട്ടിലും വാഹനങ്ങൾ ഉള്ളപോലെ എല്ലാവർക്കും വഞ്ചിയുണ്ടായിരുന്നു അക്കാലത്ത്. കായലുകളാലും തോടുകളാലും വിരലുകൾ പോലെ കടലിന്റെ കൈ കരയെ കോർത്തുപിടിക്കുന്ന ചിത്രമാണ് കൊച്ചിയുടെ ആകാശക്കാഴ്ച.
1905 ലാണു എറണാകുളം കേരളത്തിന്റെ മറ്റു സ്ഥലങ്ങളുമായി റോഡ് വഴിയും റെയിൽവഴിയും ബന്ധിപ്പിക്കപ്പെടുന്നത്.എറണാകുളം മുഴുവൻ വയലായിരുന്നു. ആദ്യം വയൽ വരമ്പുകൾ റോഡുകളായി. റോഡുകൾ വന്നപ്പോൾ മോട്ടർ വാഹനങ്ങൾ വന്നു. നികത്തിയ വയലിൽ നഗരം പിറന്നു. തോടുകൾ റോഡുകളായി. റോഡുകൾ തികയാതെ വന്നപ്പോൾ പിന്നെയും തോടുകൾ നികത്തി.
കയ്യേറിയ തോടുകൾ പലതും മാലിന്യം വലിച്ചെറിയുന്ന ചാലുകളായി. ആരും നോക്കാതെ, ഉപയോഗിക്കാതെ, പുഴപോലുണ്ടായിരുന്ന തോടുകൾ പോലും വിസ്മൃതിയിലായി. കൊച്ചി നഗരത്തിൽ 6 കനാലുകളിലായി നടപ്പാക്കുന്ന 3716.10 കോടി രൂപയുടെ നവീകരണ പദ്ധതി പൂർത്തിയാവുന്നതോടെ ഗതാഗതരംഗം അടിമുടി മാറുമെന്നാണ് വിലയിരുത്തൽ. പദ്ധതി തുകയിൽ 1300 കോടി രൂപ സ്ഥലമെടുപ്പിനു മാത്രമാണ്. ജൂൺ പകുതിയോടെ നിർമാണം തുടങ്ങും.
കൊച്ചി പറക്കും, കനാൽ റോഡിലൂടെ
വൈറ്റിലയിൽ നിന്നൊരാൾക്ക് ഇടപ്പള്ളി അമൃത ആശുപത്രിയിൽ സ്വന്തം വാഹനത്തിലല്ലാതെ എത്താൻ, ബസിൽക്കയറി മേനക വഴി ഇടപ്പള്ളി ജംക്ഷനിലെത്തി അവിടെ നിന്ന് അടുത്ത ബസിൽ കയറി കുന്നുംപുറത്ത് ഇറങ്ങി ഓട്ടോയിൽ 2 കിലോമീറ്റർ സഞ്ചരിക്കണം. ഒന്നര മണിക്കൂറെങ്കിലും നീളുന്ന യാത്ര. വൈറ്റിലയിൽ നിന്നു നേരിട്ടുള്ള ബസ് കിട്ടിയാലോ, പോണേക്കര വഴിയോ പോകാൻ സൗകര്യമുണ്ട്. പക്ഷേ, സമയം ഒട്ടും കുറയുന്നില്ല.
അറക്കക്കടവും ഇടപ്പള്ളി ലുലുമാളും തമ്മിൽ കനാൽ വഴിയെങ്കിൽ 2 കിലോമീറ്റർ ദൂരമേയുള്ളു. സ്വന്തമായി വാഹനമില്ലാത്തൊരാൾക്ക് ഇവിടെനിന്നു ലുലുവരെ പോയിവരണമെങ്കിൽ ബസിൽ കയറി പാലാരിവട്ടത്തിറങ്ങണം. അടുത്ത ബസിൽ കയറി ഇടപ്പള്ളിയിൽ പോകാം.കനാൽ നവീകരണം പൂർത്തിയായാൽ ഇത്തരം യാത്രകൾ കൂടുതൽ എളുപ്പമാകും. ഇപ്പോൾ പൊതു ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ജനവാസ മേഖലകളിലേക്കു കൂടി കനാലുകൾ വഴി ബോട്ട് സർവീസ് എത്തും.
ഗതാഗതം മാത്രമല്ല, വെള്ളക്കെട്ടു നിവാരണത്തിനും നഗരത്തിന്റെ ശുചിത്വ നിലവാരം ഉയർത്തുന്നതിനും ടൂറിസം വികസനത്തിനും ഉപയോഗപ്പെടുത്താവുന്ന പദ്ധതി ശരിയായ രീതിയിൽ നടപ്പാക്കിയാൽ, കൊച്ചിയെ അലട്ടുന്ന കൊതുകു ശല്യത്തിൽ നിന്നും ഒരു പരിധിവരെ രക്ഷയാകും. തൃപ്പൂണിത്തുറ എരൂരിൽ നിന്നു കളമശേരി ഏലൂര് വരെ 15 കിലോമീറ്ററോളം കനാലിലൂടെ ഗതാഗത സൗകര്യം ഒരുക്കും.ഇതിനിടയിൽ 9 ജെട്ടികൾ.
എളംകുളം മെട്രോ സ്റ്റേഷനിൽ നിന്നു കുമ്പളത്തിനും, കുമ്പളങ്ങിക്കും വാട്ടർ മെട്രോ സർവീസ് തുടങ്ങും. ഇടപ്പള്ളി കനാൽ (11.15 കിലോമീറ്റർ), പേരണ്ടൂർ കനാൽ (9.84 കിലോമീറ്റർ), ചിലവന്നൂർ കനാൽ (11.23 കിലോമീറ്റർ), തേവര കനാൽ (1.2 കിലോമീറ്റർ), മാർക്കറ്റ് കനാൽ (0.66 കിലോമീറ്റർ), കോന്തുരുത്തി തോട് (0.67 കിലോമീറ്റർ) എന്നിവ വീതിയും ആഴവും കൂട്ടി പുനരജ്ജീവിപ്പിക്കും. ഇതിൽ ചിലവന്നൂരിലും ഇടപ്പള്ളിയിലും മാത്രമാണ് ആദ്യ ഘട്ടത്തിൽ ബോട്ട് സർവീസ് പരിഗണനയിലുള്ളത്.
അനായാസമാകും നഗര യാത്രകൾ
റോഡുകൾ വന്നപ്പോൾ നികത്തുകയോ, അവഗണിക്കുകയോ ചെയ്ത കനാലുകൾ വീണ്ടും ഗതാഗത യോഗ്യമാക്കുകയാണ്. കനാൽ നവീകരണം പൂർത്തിയാവുന്നതോടെ പൊതു വാഹനങ്ങൾ എത്താത്ത ഒട്ടേറെ പാർപ്പിട കേന്ദ്രങ്ങളിലേക്കു ബോട്ട് സർവീസ് എത്തും. ചെറു ദൂരമാണെങ്കിലും മണിക്കൂറുകൾ വേണ്ടിവരുന്ന യാത്രയുടെ ആയാസം കുറയും.
റെയിൽവേ, എയർവേ, മെട്രോ, റോഡ്, വാട്ടർ മെട്രോ, കനാൽ മെട്രോ…. എല്ലാം ചേരുമ്പോൾ കൊച്ചിയുടെ യാത്രകൾ അനായാസമാവും യാത്രാ സൗകര്യം കൂടുന്നതിനൊപ്പം കൊച്ചി നഗരത്തിന്റെ ടൂറിസം സാധ്യതകളുടെ ചക്രവാളം വികസിക്കും.റോഡിനു വേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ ഒരു പങ്ക് മതി കനാലുകൾ ആഴംകൂട്ടി നിലനിർത്താൻ. കനാലുകൾ ശ്രദ്ധിക്കാൻ ആളുണ്ടെന്നു വരുമ്പോൾ അതിലേക്കുള്ള മാലിന്യമേറും ഇല്ലാതാവും.നഗരത്തിന്റെ മുഖമൊന്നു തെളിയും. കനാലുകളിലെ ഒഴുക്കു സുഗമമാകുമ്പോൾ അതിലൂടെ ഉപ്പുവെള്ളം കയറിയിറങ്ങുകയും ചെയ്യും.
കൊതുകു കൂത്താടികൾ നശിക്കും. കനാൽ കയ്യേറ്റം ഒഴിപ്പിക്കണം, പാലങ്ങൾ പൊളിച്ചു പണിയണം, സ്വകാര്യ ഭൂമി ഏറ്റെടുക്കണം, സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം– കോടതി കയറുന്ന ഇത്തരം വിഷയങ്ങൾ ഒട്ടേറെ തരണം ചെയ്താൽ മാത്രം തെളിയുന്നൊരു സുന്ദര സ്വപ്നം മാത്രമാണിത്. പക്ഷേ, പ്രതിസന്ധികൾ നേരിടാതെ, ഭയന്നുവിറച്ചു മാറിനിൽക്കുകയല്ല, പദ്ധതി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യത്തിലാണു പദ്ധതിയുടെ നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). (തുടരും)
കനാൽ നവീകരണ പദ്ധതി
∙ കനാൽ തീരങ്ങളിലെ സൂവിജ് സംസ്കരണത്തിനുള്ള 2 പ്ലാന്റുകൾ കൂടി പദ്ധതിയിലുണ്ട്.
∙ എല്ലാ കനാലുകൾക്കും ചുരുങ്ങിയത് 16.5 മീറ്റർ വീതിയും 1.5 മീറ്റർ ആഴവും ഉറപ്പാക്കും.
∙ ഏറ്റെടുക്കേണ്ടത് 42 ഹെക്ടർ
∙ ഇടപ്പള്ളി കനാലിനു കുറുകെ 9 പാലങ്ങൾ. വീതി 5 മുതൽ 180 മീറ്റർ വരെ.
∙ പേരണ്ടൂർ കനാൽ 23 പാലങ്ങൾ. വീതി 2 മീറ്റർ മുതൽ 115 മീറ്റർ വരെ.
∙ തേവര കനാൽ 2 പാലം. വീതി 13 മുതൽ 25 മീറ്റർ വരെ.
∙ കോന്തുരുത്തി കനാൽ 2 പാലം. വീതി ഒന്നര മീറ്റർ മുതൽ 400 മീറ്റർ വരെ.
∙ മാർക്കറ്റ് കനാലിനു കുറുകെ പാലങ്ങളില്ല. വീതി 1.75 മീറ്റർ മുതൽ 32 മീറ്റർ വരെ.
∙ ചിലവന്നൂർ കനാലിനു കുറുകെ 20 പാലങ്ങൾ. വീതി 2 മുതൽ 310 മീറ്റർ വരെ.