
മഴ: മരം വീണ് ഗതാഗത തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോലഞ്ചേരി ∙ മഴയിലും കാറ്റിലും മേഖലയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാപകൽ അധ്വാനത്തിലൂടെ പട്ടിമറ്റം അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കടയിരിപ്പ്, വലമ്പൂർ, വെമ്പിള്ളി, കുന്നക്കുരുടി എന്നിവിടങ്ങളിൽ തിങ്കൾ രാത്രി തേക്ക്, ആഞ്ഞിലി, പ്ലാവ് മുതലായ മരങ്ങളാണ് റോഡിലേക്കു വീണത്.പട്ടിമറ്റം – കോലഞ്ചേരി റോഡിൽ കാരമോളേൽ പീടികയിൽ തേക്ക് മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണു. പുത്തൻകുരിശ് – കരിമുകൾ റോഡിൽ പീച്ചിങ്ങച്ചിറ വടമ്പത്തുമലയിൽ തേക്ക്, അക്കേഷ്യ എന്നിവ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ പത്താംമൈൽ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ന് തേക്ക്, റബർ എന്നിവ ദേശീയ പാതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എം. മനീഷ്, വി.ജി. വിജിത്ത്കുമാർ, ജെ.എം.ജയേഷ്, അഖിൽ ദേവ്, ആർ.യു. റെജുമോൻ , രാമചന്ദ്രൻ, കെ.കെ. ബിബി, ആർ. ഷുഹൈബ്, കെ.കെ. ശ്യാംജി, വി.പി. ഗഫൂർ, എ.എം. സനൂപ്, എസ്. സുനിൽ കുമാർ, രാമചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. 3 ദിവസമായി ഫയർ ഫോഴ്സ് വിശ്രമമില്ലാത്ത സേവനമാണ് നടത്തി വരുന്നത്.
വീണ്ടും മഴദുരിതം
പെരുമ്പാവൂർ ∙ മഴ ദുരിതം തുടരുന്നു. കൂവപ്പടി തൊടാപ്പറമ്പിൽ കുഴുപ്പടിക്കൽ ജി. രാധാകൃഷ്ണൻ ഇളയിടത്തിന്റെ പറമ്പിലെ ജാതി മരം കാറ്റിൽ കടപുഴകി. വലിയ തേക്ക് മരവും കുലയ്ക്കാറായ 20 ഏത്തവാഴകളും നശിച്ചു. ചേരാനല്ലൂർ പുത്തൻകുടി വർഗീസ് ലൂയിസിന്റെ വീടിനു മുകളിലേക്കു വൻ തേക്കുമരം കടപുഴകി വീണു. വീടിന്റെ മുകൾഭാഗം ഭാഗികമായി തകർന്നു. ചേരാനല്ലൂർ തേലക്കാട് പി.ആർ. ജോണിയുടെ 500 കുലച്ച വാഴകൾ നശിച്ചു.
തേലക്കാട്ട് മിഖായേൽ തോമസിന്റെ 30 ജാതി മരങ്ങളും കടപുഴകി. വൈദ്യുതി ബന്ധം നിലച്ചു. ഓടയ്ക്കാലിയിൽ മഴയിലും കാറ്റിലും കോഴി ഷെഡ് തകർന്നു. മേയ്ക്കമാലിൽ സജു പോളിന്റെ 3500 ചതുരശ്രയടി വലുപ്പമുള്ള കോഴി ഷെഡ്ഡാണു നിലം പൊത്തിയത്. തീറ്റ പാത്രങ്ങൾ, വെള്ള പാത്രങ്ങൾ, പ്ലമിങ് , വയറിങ്, ട്രസ് വർക്കുകൾ എന്നിവ പൂർണമായും നശിച്ചു. 1500ൽ പരം കോഴികളുണ്ടായിരുന്നു. 4 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്.
മഴക്കാല ഒരുക്കം: ഏകോപന യോഗം
കോലഞ്ചേരി ∙ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മഴക്കാല ഒരുക്കങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചു നടത്തിയ അവലോകന യോഗത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, സോണിയ മുരുകേശൻ, ഗോപാൽ ഡിയോ, ടി.പി. വർഗീസ്, ഡപ്യൂട്ടി കലക്ടർ വി.എ. അബ്ബാസ്, തഹസിൽദാർ കെ.എസ്. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ പക്ഷം ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കാനും മണ്ണിടിയാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ മരുന്നുകൾ മുൻകൂട്ടി കരുതാനും മരം വീണുള്ള അപകടങ്ങൾ ഒഴിവാക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു യോഗത്തിൽ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.