
ഗതാഗതക്കുരുക്ക് രൂക്ഷം, യാത്രാദുരിതം; കുരുക്ക് അഴിയാതെ കാലടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി ∙ കാലടി വഴി പോകുന്ന യാത്രക്കാരുടെ ദുരിതം തുടരുന്നു. കാലടി ശ്രീശങ്കര പാലത്തിലെ കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഒരാഴ്ചയോളമായി കാലടിയിൽ രാപകലില്ലാതെ ഗതാഗതക്കുരുക്കാണ്. പാലത്തിലേക്കു കയറുന്ന 2 ഭാഗങ്ങളിലും വലിയ കുഴികളാണ്. പാലത്തിന്റെ താന്നിപ്പുഴ ഭാഗത്ത് വലിയ ഗർത്തമാണ്. ഇരുചക്ര വാഹനങ്ങൾ ഇതിൽ ചാടി മറിയുന്നു. ചെറിയ കാറുകളുടെ അടി ഉരയുന്നു. ഇതിനു പുറമേ പാലവും അപ്രോച്ച് റോഡും കൂടിച്ചേരുന്ന ഭാഗങ്ങളിൽ വിളളലുമുണ്ട്. മഴയത്ത് കുഴികളിൽ വെള്ളം കിടക്കുന്നതു കാരണം കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് അപകട സാധ്യതയുണ്ടാക്കുന്നു. പലപ്പോഴും നാലും അഞ്ചും കിലോമീറ്റർ വരെ ഗതാഗതക്കുരുക്ക് നീളുന്നു.
ദീർഘദൂര യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. എംസി റോഡിലൂടെയുള്ള പല ദീർഘദൂര യാത്രക്കാരും കാലടി ഒഴിവാക്കി മലയാറ്റൂർ വഴി ചുറ്റിക്കറങ്ങിയാണ് പോകുന്നത്. വിമാനത്താവളത്തിൽ പോകുന്നവർക്ക് സമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ല. ഓട്ടോറിക്ഷകൾക്ക് ഓട്ടം പോകാൻ കഴിയുന്നില്ല. കുഴികൾക്കു പുറമേ കുഴികളിൽ ചാടി വാഹനങ്ങൾ പലപ്പോഴും പാലത്തിൽ കേടായി കിടക്കുന്നത് ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിപ്പിക്കുന്നു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും പാലത്തിലെ കുഴികൾ അടയ്ക്കാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല.
എംസി റോഡ് അറ്റകുറ്റ പണികൾക്ക് കരാർ എടുത്തിരുന്ന ഏജൻസി കരാർ ഒഴിഞ്ഞതു കാരണം പണികൾ നടത്താൻ കഴിയുന്നില്ലെന്നു പറഞ്ഞു പിഡബ്ല്യുഡി മെയ്ന്റനൻസ് വിഭാഗം ഉദ്യോഗസ്ഥർ കൈ മലർത്തുന്നു.ദുരന്ത നിവാരണ പദ്ധതിയിൽ പെടുത്തി കാലടി പാലത്തിലെ ഗതാഗത തടസ്സത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോജി എം.ജോൺ എംഎൽഎ പറഞ്ഞു. എംസി റോഡ് അറ്റകുറ്റ പണികൾക്ക് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്.
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച മന്ത്രിതല യോഗത്തിൽ ഇതു ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പ്രശ്നപരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല.ആയിരക്കണക്കിന് ആളുകളെ വളരെ ഗൗരവമായി ബാധിക്കുന്ന പ്രശ്നമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാലടി പാലത്തിലെയും എംസി റോഡിലെയും അറ്റകുറ്റ പണികൾ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കണമെന്നു കാലടി പഞ്ചായത്ത് ആവശ്യപ്പെട്ടു.