
കരഭൂമി നിലമായി, നിലത്തിന് കരയുടെ വിലയുമായി; ഉടമകൾ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ റവന്യു വകുപ്പ് നിലവും കരഭൂമിയും തെറ്റായി രേഖപ്പെടുത്തിയതിനാൽ കൂവപ്പടി വില്ലേജിലെ സ്ഥലം ഉടമകൾ ദുരിതത്തിൽ. കൂവപ്പടി വില്ലേജിലെ ബ്ലോക്ക് ഏഴിലെ ഒന്നു മുതൽ 182 വരെ സർവേ നമ്പറിലുള്ള സ്ഥലങ്ങൾക്ക് കരയും നിലവും ഭേദമില്ലാതെ ഒരു ലക്ഷം രൂപ സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചിരിക്കുകയാണ്.
പതിറ്റാണ്ടുകളായി വീട് വച്ചു താമസിക്കുന്നവർ അടക്കം നാനൂറ്റി അൻപതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ചേരാനല്ലൂരിലെ വെള്ളുക്കുഴി, മേലുപ്പാടം, ബ്ലായിപ്പാടം, ഇടപ്പനപാടം, മങ്കുഴി പാടം എന്നീ പാടശേഖരങ്ങളും പുലിപ്പാടം ഭാഗികമായും ഉൾപ്പെട്ട 400 ഏക്കറോളം സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി റവന്യു വകുപ്പ് നിശ്ചയിച്ചത്.
ഇതിന്റെ ഇരുവശങ്ങളിലായി 625 ഏക്കറോളം കരഭൂമിക്കും ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.ഈ പാടശേഖരങ്ങൾക്ക് സെന്റ് ഒന്നിന് 10000 മുതൽ 20000 രൂപയാണ് യഥാർഥ വില. ഈ സ്ഥലം വിൽക്കുമ്പോൾ ആധാരം ചെയ്യാൻ 10 ശതമാനം മുദ്രപ്പത്ര വിലയും ഏകദേശം ഒരു ശതമാനം മറ്റു ചെലവുകളും നൽകണം.
അതിനാൽ പാടശേഖരം വിൽക്കാൻ കഴിയുന്നില്ല. ഇരു കരകളിലായി കിടക്കുന്ന സ്ഥലങ്ങൾക്കും ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. പക്ഷേ, ഈ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തോട്ടുവ– നമ്പിള്ളി റോഡ്, ചേരാനല്ലൂർ- ഓച്ചാൻതുരത്ത്- സിദ്ധൻ കവല റോഡ്, മങ്കുഴി -കൂടാലപ്പാട് റോഡ് എന്നീ പ്രധാന റോഡുകൾ കടന്നുപോകുന്നതിന്റെ ഇരുവശങ്ങളിലുള്ള അഞ്ഞൂറോളം കുടുംബങ്ങൾ തലമുറകളായി വീടുവച്ചു താമസിക്കുന്നവരാണ്. ഈ സ്ഥലങ്ങളെല്ലാം നിലമായാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കരയാക്കണമെങ്കിൽ സെന്റൊന്നിന് 10000 രൂപ സർക്കാരിൽ അടയ്ക്കണം.
2010 ൽ കൂവപ്പടി വില്ലേജ് ഓഫിസിലിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഭൂമാഫിയക്കു വേണ്ടി തെറ്റായി ഭൂമി തരം തിരിച്ചതെന്ന് ഉടമസ്ഥർ ആരോപിക്കുന്നു. 2016 വരെ കരം തീർത്തപ്പോൾ നിലം എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇതിനാൽ വീടിനും ചികിത്സ, പഠനം, കടബാധ്യത എന്നിവയ്ക്കും ബാങ്കുകളിൽ നിന്നു വായ്പ ലഭിച്ചിരുന്നു.
ഈ വായ്പകൾ തുടർന്നു കൊണ്ടു പോകുന്നതിന് ഇതുവരെ തടസ്സമില്ല, എന്നാൽ വിവിധ ആവശ്യങ്ങൾക്കായി പുതിയ വായ്പയ്ക്കു ബാങ്കുകളെ സമീപിക്കുമ്പോൾ നിലമെന്നു രേഖപ്പെടുത്തിയതിനാൽ കൃഷി ഓഫിസർമാരുടെ സാക്ഷ്യപത്രം വേണമെന്ന് പറയുന്നു.ഡേറ്റാ ബാങ്കിൽ നിലമെന്നു രേഖപ്പെടുത്തിയതിനാൽ സാക്ഷ്യപത്രം നൽകുന്നില്ല.പരാതിയെ തുടർന്ന് വിജിലൻസ് തെളിവെടുക്കുകയും കലക്ടറുടെ നിർദേശ പ്രകാരം റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. മേയ് 31 നകം കലക്ടർക്കു റിപ്പോർട്ട് നൽകും